ത്രീ സ്റാര്‍ പദവിയുള്ള ഹോട്ടലുകള്‍ക്കു ബിയര്‍ പാര്‍ലര്‍ ലൈസന്‍സ് നല്‍കാന്‍ നീക്കം
Saturday, August 30, 2014 12:11 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പൂട്ടുന്ന ബാറുകളില്‍ ത്രീ സ്റാര്‍, ഫോര്‍ സ്റാര്‍ പദവിയുള്ള ഹോട്ടലുകള്‍ക്കു ബിയര്‍ പാര്‍ലര്‍ ലൈസന്‍സ് നല്‍കാന്‍ നീക്കം. പുതിയ നിബന്ധന അനുസരിച്ചു സെപ്റ്റംബര്‍ 12നു പൂട്ടുന്ന 712 ബാറുകളില്‍ പകുതിയിലേറെ എണ്ണത്തിനും ബിയര്‍ പാര്‍ലര്‍ ലൈസന്‍സ് ലഭിച്ചേക്കും.

കെടിഡിസിയുടെ ബിയര്‍ പാര്‍ലറുകളടക്കം സംസ്ഥാനത്ത് 55 ബിയര്‍ പാര്‍ലര്‍ ലൈസന്‍സികളാണുള്ളത്. ഇവ കൂടാതെയാണു പൂട്ടുന്ന ബാറുകളില്‍ ത്രീ സ്റാര്‍ പദവിയോ അതിനു മുകളിലോ ഉള്ളവയ്ക്കു ബിയര്‍ വില്പനയ്ക്ക് അംഗീകാരം നല്‍കാന്‍ നീക്കം നടക്കുന്നത്. ടു സ്റാര്‍ പദവിയുള്ളവയ്ക്കു ബിയര്‍ പാര്‍ലര്‍ ലൈസന്‍സ് നല്‍കണമെന്നാണ് എക്സൈസ് വകുപ്പ് സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ നല്‍കിയിട്ടുള്ളത്.

ബാറുകള്‍ പൂട്ടുന്നതു സംസ്ഥാനത്തിന്റെ വിനോദസഞ്ചാര മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന പരാതിയുടെ അടിസ്ഥാനത്തിലാണു വ്യാപകമായി ബിയര്‍ പാര്‍ലര്‍ ലൈസന്‍സ് അനുവദിക്കാനുള്ള നീക്കം. പൂട്ടിയ ബാറുകളില്‍ കുറച്ചു മാത്രമേ ടൂറിസം കേന്ദ്രങ്ങളിലുള്ളൂ. കൂടുതലും നഗരപ്രദേശങ്ങളിലാണ്. അഞ്ചു ലക്ഷം രൂപയാണു ബിയര്‍ വില്പനയ്ക്കുള്ള (എഫ്എല്‍ 11) ലൈസന്‍സിനായി നല്‍കേണ്ടത്.

ബാറുകളിലാണു ബിയര്‍ കച്ചവടം കൂടുതലായി നടക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 418 ബാറുകള്‍ അടച്ച മാര്‍ച്ചിനു ശേഷം ബിയറിന്റെ വില്പനയില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളിലായി 46 ലക്ഷം ലിറ്റര്‍ ബിയര്‍ വില്പനയാണു നടന്നത്. ബിയര്‍ ലൈസന്‍സിന്റെ മറവില്‍ മദ്യക്കച്ചവടം വ്യാപകമാകുമെന്ന ആരോപണവും ശക്തമായിട്ടുണ്ട്.


മദ്യവില്പനയ്ക്കായി അനുവദിച്ച ഒരു കൌണ്ടറിന്റെ മറവില്‍ പല കിളിവാതിലുകളിലൂടെ ഒരേ മദ്യം പല വിലയ്ക്കു വില്പന നടത്തുകയായിരുന്നു ചില ബാറുകള്‍ സ്വീകരിച്ചിരുന്ന തന്ത്രം. ലോക്കല്‍, എക്സിക്യൂട്ടീവ് എന്നിങ്ങനെ പല പേരുകളില്‍ വ്യത്യസ്ത വില ഈടാക്കിയരുന്നത് എക്സൈസ് അറിഞ്ഞ മട്ടു കാണിച്ചിരുന്നില്ല. പലപ്പോഴും വന്‍ തുക കോഴയായി ലഭിച്ചിരുന്ന എക്സൈസ് ഉദ്യോഗസ്ഥര്‍ ഇവ കണ്ടില്ലെന്നു നടിക്കുകയായിരുന്നു.

വീര്യം കുറഞ്ഞ മദ്യം വിലകുറച്ചു വില്‍ക്കണമെന്ന് ഉദയഭാനു കമ്മീഷന്‍ വര്‍ഷങ്ങള്‍ക്കു മുമ്പു നിര്‍ദേശിച്ചിരുന്നു. ബിയറിലെ ആല്‍ക്കഹോള്‍ അനുപാതം ആറു ശതമാനമാണ്. 650 മില്ലി ലിറ്ററിന്റെ കുപ്പിയില്‍ 40 എംഎല്‍ വരെ ആല്‍ക്കഹോളിന്റെ അളവ് ഉണ്ടാകും.

418 ബാറുകള്‍ പൂട്ടിയശേഷം, മദ്യപിച്ചുള്ള ഡ്രൈവിംഗ് മൂലമുള്ള വാഹനാപകടങ്ങളില്‍ 27 ശതമാനം വരെ കുറവുണ്ടായിട്ടുണ്െടന്നാണു പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും കണക്കുകള്‍ പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.