സമ്പൂര്‍ണ മദ്യനിരോധനം വേണം: കാന്തപുരം
Saturday, August 30, 2014 12:35 AM IST
കോഴിക്കോട്: സമ്പൂര്‍ണ മദ്യനിരോധനമാണു സംസ്ഥാനത്തിനാവശ്യമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍. ബിയര്‍, വൈന്‍ തുടങ്ങി എല്ലാ പേരിലുള്ള മദ്യവും നിരോധിക്കണം. ഇതിന്റെ താത്പര്യം ലഹരി നിര്‍മാര്‍ജനമാണ്. പേരു മാറ്റി മദ്യം വില്‍പ്പന നടത്താനുള്ള നീക്കം ഉണ്െടങ്കില്‍ ഇക്കാര്യം സര്‍ക്കാര്‍ പുനഃപരിശോധിക്കണം.

ധൈര്യത്തോടെ മദ്യനിരോധനത്തില്‍ ഉറച്ചുനിന്നാല്‍ മുഴുവന്‍ ജനങ്ങളുടെയും പിന്തുണ സര്‍ക്കാരിനുണ്ടാകുമെന്നും കാന്തപുരം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏതു പേരിലുള്ള മദ്യവും ജനങ്ങളുടെ ബുദ്ധി നശിപ്പിക്കും. രാജ്യപുരോഗതിക്കു മദ്യം തടസവുമാണ്. എല്ലാവിധ നീച, നികൃഷ്ട പ്രവര്‍ത്തനങ്ങളുടെയും ഉത്ഭവമാണ് മദ്യമെന്ന് ഇസ്ലാം പഠിപ്പിച്ചിട്ടുണ്ട്. രാജ്യത്തു നടക്കുന്ന അക്രമങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും പിന്നിലെല്ലാം മദ്യത്തിനു വലിയ പങ്കുണ്െടന്നും കാന്തപുരം പറഞ്ഞു. ഒരു മതവും മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. മദ്യനിരോധനത്തിലൂടെ ജോലി നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാരിനു കഴിയണമെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.