മാണ്ഡ്യയില്‍നിന്നു മാതൃരൂപതയിലേക്ക്
മാണ്ഡ്യയില്‍നിന്നു മാതൃരൂപതയിലേക്ക്
Saturday, August 30, 2014 12:37 AM IST
സിജോ പൈനാടത്ത്

കൊച്ചി: തലശേരി അതിരൂപതയുടെ ഇടയനാകാന്‍ നിയുക്തനാകുമ്പോള്‍ മാര്‍ ജോര്‍ജ് ഞരളക്കാട്ടിനു തന്റെ തറവാട്ടിലേക്കെത്തുന്നതിന്റെ ആത്മീയ സന്തോഷവും ആത്മവിശ്വാസവും. കന്നഡ മണ്ണിലെ സീറോ മലബാര്‍ വിശ്വാസി സമൂഹത്തെ സ്നേഹത്തിലും സുവിശേഷചൈതന്യത്തിലും ഏകോപിപ്പിച്ചു നയിച്ചതിന്റെ ആത്മീയ അനുഭവങ്ങളുമായി പുതിയ നിയോഗമേല്‍ക്കുമ്പോള്‍ മുന്‍ഗാമികള്‍ തെളിച്ച വെളിച്ചം തന്നെയാണു പുതിയ മെത്രാപ്പോലീത്തയ്ക്കും മാര്‍ഗദീപം.

അജഗണങ്ങള്‍ക്കു ശുശ്രൂഷകനും ദാസനുമാകാനാണു തന്റെ പുതിയ നിയോഗമെന്ന് ഏറ്റുപറയുന്ന മാര്‍ ഞരളക്കാട്ട് ദീപികയുമായി സംസാരിക്കുന്നു.

മാണ്ഡ്യയില്‍നിന്നു തലശേരിയിലെത്തുമ്പോള്‍?

മെത്രാപ്പോലീത്തയായി ചുമതലയേല്‍ക്കാനുള്ള ദൈവഹിതത്തിനു പൂര്‍ണമായും വിധേയപ്പെടുമ്പോഴും മാണ്ഡ്യ രൂപത വിട്ടുപോരുന്നതിന്റെ ദുഃഖമാണു മനസില്‍. പരിമിതികള്‍ ഏറെയുണ്െടങ്കിലും അവിടത്തെ വിശ്വാസി സമൂഹത്തിന്റെ കൂട്ടായ്മയും സ്നേഹവും എനിക്കെന്നും പ്രചോദനമായിരുന്നു. ചെറിയ രൂപതയില്‍നിന്നു വലിയ രൂപതയുടെ ചുമതലയിലേക്കെത്തുമ്പോള്‍ സ്വാഭാവികമായ ഉത്കണ്ഠകളുണ്ട്. എങ്കിലും എന്നെ ശക്തിപ്പെടുത്തുന്ന ഈശോയില്‍ എനിക്ക് എല്ലാം സാധിക്കുമെന്ന വിശുദ്ധ പൌലോസിന്റെ വാക്കുകളാണ് എനിക്ക് ആത്മബലം. കഴിവും അനുഭവസമ്പത്തും ഏറെയുള്ള നിരവധി വൈദികരും സന്യസ്തരും സമര്‍പ്പിതരായ അല്മായരുമാണു തലശേരിയിലുള്ളത്. എല്ലാവരുടെയും സഹകരണത്തില്‍ പുതിയ ചുമതല ദൈവഹിതത്തിനനുസരിച്ചു നിര്‍വഹിക്കാനാകുമെന്നാണു പ്രതീക്ഷ.

തലശേരി അതിരൂപതയെക്കുറിച്ചുള്ള ഓര്‍മകള്‍, പ്രതീക്ഷകള്‍?

സ്വന്തം വീട്ടിലേക്കു പോകുന്നതിന്റെ അനുഭവമാണ് എനിക്കു തലശേരി അതിരൂപതയിലേക്കെത്തുമ്പോഴുള്ളത്. തലശേരിക്കു വേണ്ടിയാണു വള്ളോപ്പിള്ളി പിതാവില്‍നിന്നു വൈദികനാവുന്നത്. ആദ്യം അജപാലന ശുശ്രൂഷ ചെയ്തതും അവിടെത്തന്നെ. അവിടത്തെ വൈദികരും അല്മായ നേതാക്കളുമെല്ലാമായി എനിക്ക് അടുത്ത പരിചയവും സൌഹൃദവുമുണ്ട്.


മുന്‍ഗാമികളുടെ പാത പിന്തുടര്‍ന്നു തലശേരി അതിരൂപതയുടെ അജപാലന ശുശ്രൂഷ അതിന്റെ പൂര്‍ണതയില്‍ നിര്‍വഹിക്കാന്‍ ഞാന്‍ പരിശ്രമിക്കും. കര്‍ഷകസമൂഹം പ്രധാനമായുമുള്ള തലശേരിയില്‍ അവര്‍ക്കൊപ്പം ചേര്‍ന്ന് അവര്‍ക്കായി പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രാഷ്ട്രീയമായും സാംസ്കാരികമായും ഏറെ പ്രത്യേകതകളുള്ള ഈ മേഖലയില്‍ സഭയ്ക്കു പൊതുസമൂഹത്തിനായും ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്െടന്നാണ് എന്റെ വിചാരം.

മുന്‍ഗാമികളെക്കുറിച്ച്?

തലശേരി രൂപതയുടെ സെമിനാരി പഠനകാലം മുതല്‍ മാര്‍ സെബാസ്റ്യന്‍ വള്ളോപ്പിള്ളിയെ അടുത്തറിയാം. പൌരോഹിത്യം സ്വീകരിച്ചതും പിതാവില്‍നിന്നു തന്നെയായിരുന്നു. അദ്ദേഹത്തിന്റെ ലളിതജീവിതവും സുവിശേഷ കേന്ദ്രീകൃതമായ ആദര്‍ശങ്ങളും എനിക്ക് ഏറെ പ്രചോദനമായിട്ടുണ്ട്. അദ്ദേഹം ഇന്നില്ലെങ്കിലും അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകള്‍ ഇപ്പോഴും മനസില്‍ ദീപ്തമാണ്. മദ്യം ഉള്‍പ്പെടെയുള്ള സാമൂഹ്യതിന്മകള്‍ക്കെതിരേ അദ്ദേഹമെടുത്തിട്ടുള്ള നിലപാടുകള്‍ പൊതുസമൂഹത്തിനു മുഴുവന്‍ മാതൃകയായിരുന്നു. സമ്പൂര്‍ണ മദ്യനിരോധനത്തിനു വഴിതുറക്കുന്ന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തില്‍ ഏറ്റവുമധികം സന്തോഷിക്കുന്ന ആത്മാവും അദ്ദേഹത്തിന്റേതാകും.

മതബോധനരംഗത്ത് ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റത്തിനൊപ്പം പ്രവര്‍ത്തിച്ചതിന്റെ വിലയേറിയ ഓര്‍മകള്‍ മനസിലുണ്ട്. കര്‍ഷക കുടുംബത്തില്‍ പിറന്നു നല്ല കര്‍ഷകന്‍ കൂടിയായി ജീവിക്കുന്ന മാര്‍ വലിയമറ്റത്തിന്റെ ലളിതജീവിതം എനിക്കെന്നും പ്രചോദനമായിട്ടുണ്ട്. മാര്‍ വള്ളോപ്പിള്ളിയുടെ വഴികളെ കൂടുതല്‍ സജീവമാക്കി അതിരൂപതയെ ശക്തമായി നയിച്ച മാര്‍ വലിയമറ്റം വഴികാട്ടിയാണ്. അതിരൂപതയില്‍ ദൈവവിളി പ്രോത്സാഹിപ്പിക്കാനും വിദ്യാഭ്യാസരംഗത്തുള്‍പ്പെടെ അതിരൂപതയെ മുന്നേറ്റത്തിലേക്കു നയിക്കാനും അദ്ദേഹം വിലപ്പെട്ട സേവനം നല്‍കിക്കൊണ്ടിരിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.