അക്കാഡമിക് പരാതി പരിഹരിക്കാന്‍ എംജി യൂണിവേഴ്സിറ്റിയില്‍ സ്റുഡന്റ് അദാലത്ത്
Saturday, August 30, 2014 12:38 AM IST
കോട്ടയം: വിദ്യാര്‍ഥികളുടെ അക്കാഡമിക് പരാതി പരിഹാരിക്കാനായി കേരള സര്‍ക്കാരിന്റെ ജനസമ്പര്‍ക്ക പരിപാടിയുടെ മാതൃകയില്‍ വിഭാവനംചെയ്ത വിദ്യാര്‍ഥി സമ്പര്‍ക്ക പരിപാടിക്കു (സ്റുഡന്റ് അദാലത്ത്) എംജി യൂണിവേഴ്സിറ്റിയില്‍ തുടക്കമാകുന്നു. സെപ്റ്റംബര്‍ അഞ്ചിനു രാവിലെ ഒമ്പതിനു യൂണിവേഴ്സിറ്റി അസംബ്ളി ഹാളില്‍ ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിദ്യാര്‍ഥി സമ്പര്‍ക്ക പരിപാടിയും യൂണിവേഴ്സിറ്റിയുടെ അറിയിപ്പുകള്‍ മൊബൈലില്‍ ലഭ്യമാക്കുന്ന എം ആപ്പിന്റെയും ഉദ്ഘാടനം നിര്‍വഹിക്കും.

നിയമാനുസൃതം ലഭിക്കേണ്ട മാര്‍ക്ക് ലിസ്റ്, ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, ഇക്വിലന്‍സി സര്‍ട്ടിഫിക്കറ്റ്, ഒഫിഷ്യല്‍ ട്രാന്‍സ്ക്രിപ്റ്റ് തുടങ്ങിയവയിലുണ്ടാകുന്ന നിയമപരമായ കാലതാമസം ഒഴിവാക്കാനുള്ള അപേക്ഷകളാണു വിദ്യാര്‍ഥി സമ്പര്‍ക്ക പരിപാടിയില്‍ തുടക്കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വൈസ്ചാന്‍സലറുടെ പ്രൈവറ്റ് സെക്രട്ടറിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ അസിസ്റന്റ് പ്രൈവറ്റ് സെക്രട്ടറി ചുമതലക്കാരനായ വിദ്യാര്‍ഥി പരിഹാര സെല്ലാണു പദ്ധതി നടപ്പിലാക്കുന്നത്. യൂണിവേഴ്സിറ്റി വെബ്സൈറ്റില്‍ ഏതൊരു വിദ്യാര്‍ഥിക്കും പരാതികള്‍ ഓണ്‍ ലൈനായി രജിസ്റര്‍ ചെയ്യാം. അസിസ്റന്റ് പ്രൈവറ്റ് സെക്രട്ടറി (സ്റുഡന്റ്സ് ഗ്രീവന്‍സ്), വൈസ് ചാന്‍സലറുടെ ഓഫീസ്, എംജി യൂണിവേഴ്സിറ്റി, പ്രിയദര്‍ശിനി ഹില്‍സ്, കോട്ടയം 686560 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയും പരാതികള്‍ അയയ്ക്കാം.

വിദ്യാര്‍ഥികളെ നേരിട്ടു ഫോണിലൂടെയോ ഇ-മെയിലായോ തപാല്‍ മുഖേനയോ ബന്ധപ്പെട്ടു പരാതി പരിഹാര തീരുമാനം അറിയിക്കും. നയപരമായ തീരുമാനങ്ങള്‍ ആവശ്യമായ വിഷയങ്ങള്‍ ബന്ധപ്പെട്ട സമിതികളുടെ യോഗം പ്രത്യേകമായി വിളിച്ചു ചേര്‍ത്തു സമയബന്ധിതമായി തീരുമാനമെടുക്കും. സ്റുഡന്റ്സ് പോര്‍ട്ടലില്‍ ഇതുവരെ ലഭിച്ച 500ല്‍പ്പരം അപേക്ഷകളിലുള്ള അന്തിമ തീരുമാനം സെപ്റ്റംബര്‍ അഞ്ചിനു എടുക്കാനാകും.

യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക പത്രക്കുറിപ്പുകള്‍, അറിയിപ്പുകള്‍, പരസ്യങ്ങള്‍, പരീക്ഷാ ഫലം, പരീക്ഷാ ടൈംടേബിള്‍ തുടങ്ങിയ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാക്കാനുള്ള സംവിധാനമാണ് എംആപ്പ്. ആന്‍ട്രോയ്ഡ് ഫോണുകളിലാണു ഈ സൌകര്യം തുടക്കത്തില്‍ ലഭ്യമാകുക. പബ്ളിക് റിലേഷന്‍സ് വകുപ്പിനാണു വിവരപ്രസാരണത്തിന്റെ ചുമതല.

ഒരു വര്‍ഷത്തിനുള്ളില്‍ യൂണിവേഴ്സിറ്റിയില്‍ നടപ്പാക്കേണ്ട നാക് അക്രഡിറ്റേഷന്‍ പ്രക്രിയയുടെ പ്രാരംഭ നടപടിയെന്ന നിലയിലാണ് ഈ പദ്ധതികള്‍ക്കു രൂപം നല്‍കിയത്. പരാതി രഹിത സേവനം പ്രദാനം ചെയ്യാന്‍ യൂണിവേഴ്സിറ്റി സംവിധാനത്തെ സജ്ജമാക്കുക എന്ന ദീര്‍ഘകാല ലക്ഷ്യവും ഈ ചുവടുവയ്പിനു പിന്നിലുണ്ട്. കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച സേവനാവകാശ നിയമം നടപ്പിലാക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിവരുന്ന ശ്രമകരമായ വേളയിലാണു ഈ നടപടി.


അമേരിക്കയിലെ നോര്‍ത്ത് കരോലൈന യൂണിവേഴ്സിറ്റിയുമായി സഹകരിച്ചു മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സ് യൂണിവേഴ്സിറ്റിയില്‍ ആരംഭിച്ചു. ഫോറന്‍സിക് സയന്‍സ്, സ്പേസ് ടെക്നോളജി എന്നീ വിഷയങ്ങളില്‍ കോഴ്സുകള്‍ തുടങ്ങി. പ്ളാന്റ് സയന്‍സില്‍ ഇന്റഗ്രേറ്റഡ് പിഎച്ച്ഡി പ്രോഗ്രാം തുടങ്ങി. യുജിസി നിഷ്കര്‍ഷിച്ച പ്രകാരം പിഎച്ച്ഡി കോഴ്സ് വര്‍ക്കിന്റെ സിലബസ്, ചട്ടങ്ങള്‍ എന്നിവ പരിഷ്കരിച്ചു പരീക്ഷ നടത്താനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി.

യുജി, പിജി ബോര്‍ഡ് ഓഫ് സ്റഡീസ് പുനഃസംഘടിപ്പിച്ചു. ഒഴിവുള്ള ഡീന്‍മാരെ നിയമിച്ചു. സിന്‍ഡിക്കറ്റിലെ ഡീന്‍മാരുടെ ഒഴിവുകള്‍ നികത്തി. യൂണിവേഴ്സിറ്റി പഠനവകുപ്പുകളിലുള്ള പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ പ്രവേശന പ്രക്രിയയും ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനവും നടപ്പിലാക്കി. 2012 മുതലുള്ള സിബിസിഎസ്എസ് ഗ്രേഡ് കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞു. പ്ളാനിംഗ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു.

സെനറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തി. ടെന്നീസ് സിന്തറ്റിക് കോര്‍ട്ടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി. സോളിഡ് വേസ്റ് മാനേജ്മെന്റ് സംവിധാനത്തിന് സമഗ്ര പദ്ധതി തയാറാക്കി. നാക് അക്രഡിറ്റേഷനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു.

ക്വാളിറ്റി സര്‍ക്കിള്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. വിദ്യാര്‍ഥി സംരംഭകത്വ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നു. താമസിയാതെ ബിസിനസ് (ടെക്നോളജി) ഇന്‍ക്യുബേഷന്‍ കേന്ദ്രം ആരംഭിക്കും. കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്യുന്ന മഹാത്മാ ഗാന്ധിയുടെ പ്രതിമ യൂണിവേഴ്സിറ്റിയില്‍ താമസിയാതെ സ്ഥാപിക്കുമെന്നും യൂണിവേഴ്സിറ്റി അധികൃതര്‍ പറഞ്ഞു.

പത്രസമ്മേളനത്തില്‍ ആക്ടിംഗ് വൈസ് ചാന്‍സലര്‍ ഡോ.ഷീന ഷുക്കൂര്‍, സിന്‍ഡിക്കറ്റംഗങ്ങളായ പ്രഫ. സതീഷ് കൊച്ചുപറമ്പില്‍, പി.കെ. ഫിറോസ്, പ്രഫ. സി.എച്ച്. അബ്ദുള്‍ ലത്തീഫ്, പ്രഫ. ഡോ.എന്‍. ജയകുമാര്‍, ഡോ.കെ.എസ്. ഇന്ദു, പിആര്‍ഒ ജി. ശ്രീകുമാര്‍ എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.