കുരുമുളകില്‍ മിനറല്‍ ഓയില്‍ കലര്‍ന്നതു പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്
കുരുമുളകില്‍ മിനറല്‍ ഓയില്‍ കലര്‍ന്നതു പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്
Saturday, August 30, 2014 12:13 AM IST
കൊച്ചി: അവധി വ്യാപാരം വഴി ശേഖരിച്ച കുരുമുളകില്‍ മിനറല്‍ ഓയില്‍ കലര്‍ന്ന സാഹചര്യത്തില്‍ അവ നശിപ്പിക്കുന്നതിനു മുന്‍പ് മാലിന്യം നീക്കി ലബോറട്ടറിയിലേക്കു പരിശോധനയ്ക്ക് അയയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. നാഷണല്‍ കമ്മോഡിറ്റി ആന്‍ഡ് ഡെറിവേഷന്‍ എക്സ്ചേഞ്ച് നല്‍കിയ ഹര്‍ജിയില്‍ ജസ്റീസ് മുഹമ്മദ് മുഷ്താഖിന്റേതാണ് ഉത്തരവ്.

വിവിധ ഗോഡൌണുകളിലായി 6,800 ടണ്‍ മലബാര്‍ കുരുമുളകാണു സൂക്ഷിച്ചിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ സ്റോക്ക് പരിശോധിച്ചപ്പോള്‍ അമിതമായി മിനറല്‍ ഓയില്‍ കലര്‍ന്നതായി കണ്ടു. ഇതേത്തുടര്‍ന്നു സ്റോക്ക് നശിപ്പിച്ചു കളയാന്‍ ഉത്തരവിട്ടു. ഏകദേശം 800 ടണ്‍ ആദ്യം നശിപ്പിച്ചു. ഇതിനു ശേഷമാണു ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. അമിതമായി എണ്ണ കലര്‍ന്നാല്‍ അതു കഴുകിക്കളയാമെന്നും ഗുണനിലവാരം കൂട്ടാന്‍ അവസരം നല്‍കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. അധികൃതര്‍ സാമ്പിള്‍ ശേഖരിച്ച് നേരിട്ട് ലാബിലേക്ക് അയയ്ക്കുകയായിരുന്നുവെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ഹര്‍ജിക്കാര്‍ പറയുന്നു. ഇത്തരം കുരുമുളക് ഉപയോഗിക്കുന്നതു രോഗങ്ങള്‍ക്കു കാരണമാവുമെന്നും ആരോപണം ഉയര്‍ന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.