അരുണാചലില്‍ മലയാളിവ്യാപാരിയെ തട്ടിക്കൊണ്ടുപോയതായി സൂചന
Saturday, August 30, 2014 12:15 AM IST
കോട്ടയം: അരുണാചല്‍പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറില്‍നിന്നു മലയാളിവ്യാപാരിയെ ആദിവാസി തീവ്രവാദ ഗ്രൂപ്പ് തട്ടിക്കൊണ്ടുപോയതായി സൂചന. ഇറ്റാനഗറില്‍ ഹാര്‍ഡ്വെയര്‍ ബിസിനസ് ചെയ്യുന്ന പുതുപ്പള്ളി വെട്ടത്തുകവല പാപ്പാലപ്പറമ്പില്‍ കെ.പി. ചാക്കോയെയാണു (53) കഴിഞ്ഞ ദിവസം രാത്രിയില്‍ ആദിവാസി തീവ്രവാദ ഗ്രൂപ്പ് തട്ടിക്കൊണ്ടുപോയതായി സൂചന ലഭിച്ചത്. 25 വര്‍ഷമായി ഇറ്റാനഗറില്‍ കച്ചവടം നടത്തുകയാണു ചാക്കോ. അരുണാചലില്‍നിന്നു കേരളത്തിലേക്ക് ആനകളെ കൊണ്ടുവരുന്ന കച്ചവടവും ചാക്കോ നടത്തിയിരുന്നു.

പുതുപ്പള്ളി കേശവന്‍, സാധു എന്നീ ആനകള്‍ ഇന്നും ചാക്കോയുടെയും കുടുംബാംഗങ്ങളുടെയും പേരിലാണ്. തട്ടിക്കൊണ്ടുപോ യെന്നു കരുതുന്ന ആദിവാസി തീവ്രവാദി ഗ്രൂപ്പ് പണം ആവശ്യപ്പെട്ടതായും അറിയുന്നു. വന്‍തുക മോചനദ്രവ്യം ആവശ്യപ്പെട്ട് ആളുകളെ തട്ടിക്കൊണ്ടുപോകുന്നത് ഇവരുടെ പതിവാണത്രേ.


ചാക്കോയുടെ സഹോദരന്‍ പോത്തന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ധരിപ്പിച്ചു. അരുണാചല്‍പ്രദേശ് സര്‍ക്കാരുമായി സംസാരിച്ച് അടിയന്തര നടപടി സ്വീകരിക്കാമെന്നു മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി സഹോദരന്‍ പോത്തന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.