ഐഎഎസ് തര്‍ക്കം: രണ്ടിനു ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച
Sunday, August 31, 2014 11:32 PM IST
കൊച്ചി: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ പരാതി പരിഹരിക്കാന്‍ സെപ്റ്റംബര്‍ രണ്ടിനു ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണ്‍ ചര്‍ച്ചയ്ക്കു വിളിച്ചിട്ടുണ്െടന്ന് ഐഎഎസ് അസോസിയേഷന്‍ പ്രസിഡന്റ് ടോം ജോസ്. ചര്‍ച്ചയില്‍ പരിഹാരമുണ്ടാകുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

അസോസിയേഷനില്‍ ഭിന്നാഭിപ്രായമില്ലെന്നു പറയുന്നില്ല. അഭിപ്രായ വ്യത്യാസം ജനാധിപത്യരീതിയില്‍ പരിഹരിക്കാനാണു ശ്രമിക്കുന്നത്. എന്നാല്‍, ഭിന്നത ഭരണത്തെ ഒരുതരത്തിലും ബാധിച്ചിട്ടില്ല. ജൂണിയര്‍ ഉദ്യോഗസ്ഥരെ ചീഫ് സെക്രട്ടറി സമ്മര്‍ദത്തിലാക്കുന്നുവെന്ന ആക്ഷേപം സംബന്ധിച്ചു ചീഫ് സെക്രട്ടറിയുമായി കുറെ ചര്‍ച്ചകള്‍ മുന്നോട്ടുപോയി. എന്നാല്‍, ഇപ്പോഴും പരിഹാരമുണ്ടായിട്ടില്ല. അതാണു പ്രശ്നം സങ്കീര്‍ണമായി തുടരുന്നത്. പൊതുസേവകരാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍. അവരുടെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന സാഹചര്യം ഉണ്ടാകണം. ഇപ്പോഴത്തെ അന്തരീക്ഷത്തിനു മാറ്റം വേണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെടുന്നതു മികച്ച ഭരണത്തിനു വേണ്ടിയാണെന്നും ടോം ജോസ് പറഞ്ഞു.


ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ ഇന്നലെ ചേര്‍ന്ന കേരള ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷന്റെ പൊതുയോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അസോസിയേഷനിലെ ഭൂരിഭാഗം പേരും യോഗത്തില്‍ പങ്കെടുത്തതായി പ്രസിഡന്റ് പറഞ്ഞു.

ഡല്‍ഹിയിലും മറ്റു പലയിടങ്ങളിലുമായിരുന്നതിനാല്‍ കുറച്ചുപേര്‍ക്ക് എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ല. ഐഎഎസ് ഉദ്യോഗസ്ഥര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങളാണു യോഗത്തില്‍ ചര്‍ച്ച ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.