ഡോ. ബാബു സെബാസ്റ്യന്‍ എംജി യൂണിവേഴ്സിറ്റി വിസി
ഡോ. ബാബു സെബാസ്റ്യന്‍ എംജി യൂണിവേഴ്സിറ്റി വിസി
Sunday, August 31, 2014 11:20 PM IST
തിരുവനന്തപുരം: മഹാത്മാഗാന്ധി സര്‍വകലാശാലാ വൈസ് ചാന്‍സലറായി ഡോ. ബാബു സെബാസ്റ്യന്‍ നിയമിതനായി. ഇതു സംബന്ധിച്ച ഉത്തരവില്‍ ഗവര്‍ണര്‍ ഷീല ദീക്ഷിത് ഇന്നലെ ഒപ്പുവച്ചു. നാളെ രാവിലെ അദ്ദേഹം ചുമതലയേല്‍ക്കും.

പുതിയ വൈസ് ചാന്‍സലറെ കണ്െടത്താനുള്ള സെര്‍ച്ച് കമ്മിറ്റി മൂന്നംഗ പാനല്‍ വെള്ളിയാഴ്ച ഗവര്‍ണര്‍ക്കു സമര്‍പ്പിച്ചിരുന്നു. ലിസ്റില്‍ ഒന്നാമതായി കൊടുത്തിരുന്ന പേര് ഡോ. ബാബു സെബാസ്റ്യന്റേതായിരുന്നു. കേരള സര്‍വകലാശാലയിലെ ഡോ. പ്രസന്നകുമാര്‍, എംജി സര്‍വകലാശാലയിലെ ഡോ. സാബു തോമസ് എന്നിവരായിരുന്നു പാനലിലുള്ള മറ്റു രണ്ടു പേര്‍.

വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്റേറ്റ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്നോളജി (എസ്ഐഇടി) യുടെ ഡയറക്ടറായി പ്രവര്‍ത്തിച്ചുവരുന്ന ഡോ. ബാബു സെബാസ്റ്യന്‍ ഐടി അറ്റ് സ്കൂളിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായും സേവനമനുഷ്ഠിച്ചുവരികയാണ്. പാലാ സെന്റ് തോമസ് കോളജില്‍ അധ്യാപകനായി പത്തൊമ്പതു വര്‍ഷം പ്രവര്‍ത്തിച്ച ഇദ്ദേഹം പത്തു വര്‍ഷത്തിലേറെയായി എസ്ഐഇടിയുടെ ഡയറക്ടറായി പ്രവര്‍ത്തിച്ചു വരുന്നു. കേരള സര്‍വകലാശാലയില്‍ നിന്നു ഡോക്ടറേറ്റ് നേടിയ ഇദ്ദേഹം എംബിഎ ബിരുദവും നേടിയിട്ടുണ്ട്.

എസ്ഐഇടി ഡയറക്ടര്‍ എന്ന നിലയില്‍ ആയിരത്തിലധികം വിദ്യാഭ്യാസ വീഡിയോ പ്രോഗ്രാമുകളും അഞ്ഞൂറോളം ഓഡിയോ പ്രോഗ്രാമുകളും ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നിര്‍മിച്ചിട്ടുണ്ട്. ഫ്രീ ആന്‍ഡ് ഓപ്പണ്‍ ലേണിംഗ് വെബ് പോര്‍ട്ടലിനു രൂപംനല്‍കിയ ഇദ്ദേഹം ഇ ലേണിംഗ് പദ്ധതിയും തയാറാക്കി ദേശീയതലത്തില്‍ ശ്രദ്ധേയനായി. പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റിറ്റ്യൂട്ടിന്റെ ഓണററി ജോയിന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചുവരുന്നു.


പാലാ പൂവരണി നടുവക്കുന്നേല്‍ പരേതനായ എന്‍.സി. സെബാസ്റ്യന്റെയും കുട്ടിയമ്മയുടെയും മകനായ ബാബു സെബാസ്റ്യന്റെ ഭാര്യ ഡോ. ലിസി ജോസഫ് മൂവാറ്റുപുഴ നിര്‍മല കോളജ് അധ്യാപികയാണ്. ഏക മകന്‍ മിത്രന്‍ ബാബു ( സെബാസ്റ്യന്‍) ചെന്നൈ എഎടി കോളജില്‍ ബിഎസ്സി വിഷ്വല്‍ കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥിയാണ്. തമിഴിലെ പുതുമുഖ നായകന്‍ കൂടിയാണ് മിത്രന്‍ ബാബു. സെപ്റ്റംബറില്‍ പുറത്തുവരാനിരിക്കുന്ന ധനുഷിന്റെ ആര്‍.കെ. പ്രൊഡക്ഷന്‍സ് നിര്‍മിച്ച കാശ്, പണം, തുട്ട് എന്ന സിനിമയില്‍ നായക വേഷത്തില്‍ അഭിനയിച്ചു. ഇപ്പോള്‍ രണ്ടാമത്തെ തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നുവരുന്നു.

എംജി സര്‍വകലാശാലാ വൈസ് ചാന്‍സലറായിരുന്ന ഡോ. എ.വി. ജോര്‍ജിനെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഷീല ദീക്ഷിത് പുറത്താക്കിയതിനെത്തുടര്‍ന്നാണ് പുതിയ വൈസ് ചാന്‍സലറെ നിയമിക്കേണ്ടിവന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.