നിവര്‍ത്തിയാല്‍ തറി, മടക്കിയാല്‍ കട്ടില്‍
നിവര്‍ത്തിയാല്‍ തറി, മടക്കിയാല്‍ കട്ടില്‍
Sunday, August 31, 2014 11:43 PM IST
കണ്ണൂര്‍: ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി ഹാന്‍ഡ്ലൂം കോട്ട് എന്ന പേരില്‍ പുതിയ രീതിയിലുള്ള തറി രൂപകല്പന ചെയ്തു. ഒരേസമയം തറിയായും ഉപയോഗിക്കാത്ത വേളയില്‍ കട്ടിലായും മാറ്റാവുന്ന രീതിയിലാണ് ഇതിന്റെ നിര്‍മാണം. സാധാരണഗതിയില്‍ തറി സ്ഥാപിച്ചുകഴിഞ്ഞാല്‍ മാറ്റാന്‍ കഴിയില്ല. വീടിന്റെ ഒരു ഭാഗത്തെ സ്ഥലം തറി സ്ഥാപിക്കുന്നതിനു തന്നെ മാറ്റിവയ്ക്കേണ്ടിയും വരും.

എന്നാല്‍, മുറിക്കകത്തുവച്ചു തന്നെ പ്രവര്‍ത്തിപ്പിക്കാവുന്ന രീതിയില്‍ പെട്ടിയുടെ രൂപത്തിലാണു ഹാന്‍ഡ്ലൂം കോട്ട് രൂപകല്പന ചെയ്തത്. പരമ്പരാഗത തറികളിലെ തുണിയും പാവും എലി, ക്ഷുദ്രജീവികള്‍ എന്നിവ നശിപ്പിക്കാനുള്ള സാധ്യത ഏറെയായിരുന്നു. എന്നാല്‍, പുതിയ സംവിധാനത്തില്‍ ഉപയോഗ ശേഷം ഇവ ഭദ്രമായി അടച്ചുവയ്ക്കാമെന്നതിനാല്‍ ഇത്തരം ഭീഷണികള്‍ ഉണ്ടാകുന്നില്ല. ആയാസരഹിതമായി തുണി നെയ്ത്തു നടത്തുന്നതിനൊപ്പം ആധുനിക രീതിയിലുള്ള ഡിസൈനുകളും ഇതിലൊരുക്കാനാകും.

2012 ജൂണില്‍ റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് പ്രോജക്ടായി ഹാന്‍ഡ്ലൂം കോട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഇതിനുള്ള ഗവേഷണത്തിനും രൂപകല്പനയ്ക്കുമായി 21 ലക്ഷം രൂപ അനുവദിക്കുകയും പദ്ധതി നിര്‍വഹണത്തിനായി കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജിയെ ചുമതലപ്പെടുത്തുകയുമായിരുന്നു.


ഹാന്‍ഡ്ലൂം കോട്ടിന്റെ പ്രചാരണം ലക്ഷ്യമിട്ടു നാളെമുതല്‍ അഞ്ചുവരെ തോട്ടടയിലെ ഇന്‍സ്റിറ്റ്യൂട്ട് കാമ്പസില്‍ പ്രത്യേക പ്രദര്‍ശനം സംഘടിപ്പിക്കുമെന്നു ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി എക്സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുള്‍കരീം ചേലേരി പറഞ്ഞു. പുതിയ തറിയില്‍ പരിശീലനം നല്‍കാനുള്ള ക്യാമ്പുകളും സംഘടിപ്പിക്കും. നാനോ ഹാന്‍ഡ്ലൂം മെഷീന്‍, ടെക്സ്റൈല്‍ ഡിസൈന്‍ സ്റുഡിയോ തുടങ്ങിയവയെക്കുറിച്ച് ഇന്‍സ്റിറ്റ്യൂട്ട് ഗവേഷണം നടത്തിവരികയാണ്. ഹാന്‍ഡ്ലൂം കോട്ടിനു ശരാശരി ഒരുലക്ഷം രൂപയോളം വിലവരും. പരമ്പരാഗത രീതിയിലുള്ള തറി സ്ഥാപിക്കുന്നതിനും ഏകദേശം ഇത്രത്തോളം തന്നെ ചെലവുവരും. പുതിയ തറിയുടെ ലോഞ്ചിംഗ് കൊച്ചിയില്‍ വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം നിര്‍വഹിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.