മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതികളാക്കി കേസെടുക്കാന്‍ കഴിയില്ലെന്നു നിയമോപദേശം
Sunday, August 31, 2014 11:28 PM IST
തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ക്കു ഗൂഢാലോചനയില്‍ പങ്കുണ്െടന്നു തെളിവുകള്‍ ഇല്ലെന്ന കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇവരെ പ്രതിയാക്കി കേസെടുക്കാന്‍ കഴിയില്ലെന്നു നിയമോപദേശം.

എന്നാല്‍, ഗൂഢാലോചനയുമായി ബന്ധപ്പെട്ടു ടൈറ്റാനിയം ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനം ദുരൂഹമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബോര്‍ഡംഗങ്ങളെയും നിര്‍മാണ കമ്പനി പ്രതിനിധികളെയും പ്രതികളാക്കി കേസെടുക്കാമെന്നും വിജിലന്‍സ് അഡീഷണല്‍ പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ശശീന്ദ്രന്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോളിനു നല്‍കിയ നിയമോപദേശത്തില്‍ പറയുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടും ദുരൂഹത നിലനില്‍ക്കുന്നുവെന്നു കണ്െടത്തുന്ന സാഹചര്യത്തില്‍ ഇവര്‍ക്കെതിരേയും നടപടി സ്വീകരിക്കാം. മുന്‍ വ്യവസായ സെക്രട്ടറി ടി. ബാലകൃഷ്ണനെതിരേയും നടപടി സ്വീകരിക്കാം.

എന്നാല്‍, വിജിലന്‍സ് ലീഗല്‍ വിഭാഗത്തിന്റെ നിയമോപദേശത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ അല്ലാതെ അഡ്വക്കറ്റ് ജനറല്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍, നിയമ സെക്രട്ടറി എന്നിവരോടു കൂടുതല്‍ നിയമോപദേശം തേടേണ്ടതുണ്േടാ എന്ന ആശയക്കുഴപ്പവും വിജിലന്‍സ് ഉന്നതര്‍ക്കുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തെ പ്രഖ്യാപിക്കുക. വിജിലന്‍സ് പ്രത്യേക വിഭാഗം എസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണമാകും പ്രഖ്യാപിക്കുക. വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കും.

സംഭവം നടക്കുന്ന സമയത്തു രമേശ് ചെന്നിത്തലയ്ക്കു ഭരണതലത്തില്‍ ഒരു ചുമതലയും ഇല്ലാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു. അന്നു കെപിസിസി പ്രസിഡന്റായിരുന്നു രമേശ് ചെന്നിത്തല. മുന്‍ ആരോഗ്യമന്ത്രി കെ.കെ. രാമചന്ദ്രന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ രമേശിനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണു കോടതി ആവശ്യപ്പെട്ടിരുന്നത്.


കോടതി കേസെടുക്കാന്‍ നിര്‍ദേശിച്ച മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും വിധിക്കെതിരേ ഉന്നതകോടതിയില്‍ അപ്പീല്‍ നല്‍കാനും അവകാശമുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിക്കേണ്ടത്.

കേസുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള പത്തു പേര്‍ക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടന്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. കോടതിവിധിയുടെ അടിസ്ഥാനത്തിലാണു വിജിലന്‍സ് അനന്തര നടപടി സ്വീകരിച്ചത്.

ടൈറ്റാനിയത്തിലെ മുന്‍ ജീവനക്കാരായ സെബാസ്റ്യന്‍ ജോര്‍ജ്, മണക്കാട് ജയന്‍ തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണു വിധി. ടൈറ്റാനിയത്തിലെ മാലിന്യപ്ളാന്റ് നിര്‍മാണത്തില്‍ 258 കോടി രൂപയുടെ അഴിമതി നടന്നുവെന്നായിരുന്നു ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 80 കോടി രൂപയുടെ നഷ്ടമാണു ഖജനാവിനുണ്ടായതെന്നു വ്യക്തമാക്കിയിരുന്നു. ഈ നഷ്ടം പ്ളാന്റിനായി ഇറക്കുമതി ചെയ്ത യന്ത്രസാമഗ്രികള്‍ വിറ്റഴിക്കുന്നതിലൂടെ നികത്താമെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഈ റിപ്പോര്‍ട്ട് തള്ളിയാണു വിജിലന്‍സ് കോടതി ഉത്തരവിട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.