ഊഞ്ഞാലാട്ടം
ഊഞ്ഞാലാട്ടം
Sunday, August 31, 2014 12:10 AM IST
എസ്. മഞ്ജുളാദേവി

ഓണമെന്നു കേള്‍ക്കുമ്പോള്‍ മനസില്‍ തെളിഞ്ഞു വരുന്ന ഒരു ചിത്രം ഊഞ്ഞാലിന്റേതാണ്. മുന്‍കാലങ്ങളില്‍ ചിങ്ങം പിറക്കുമ്പോള്‍ തന്നെ തൊടിയിലെ വലിയ പുളിമരത്തിലും മാവിലും തെങ്ങിലുമെല്ലാം വലിയ ഊഞ്ഞാല്‍ കെട്ടും. വാട്ടിയ ഓലയും വഴുതയും പിണച്ചു കെട്ടിയാണ് ഊഞ്ഞാല്‍ കെട്ടുക. വടംകൊണ്ടുള്ള ഊഞ്ഞാലിലെ ആട്ടവും ബഹുരസമാണ്.

മാവേലി നാടു വാണീ ടും കാലം
മാനുഷരെല്ലാരും ഒന്നുപോലെ
ആമോദത്തോടെ വസിക്കും കാലം...

എന്നിങ്ങനെ ഈണത്തില്‍ പാടി, ഊഞ്ഞാലാടാന്‍ ചേച്ചിമാരും അമ്മമാരും മുത്തശ്ശിമാരുമൊക്കെ കൂടും. ഓലമടലോ പലകയോ വലിയ ഉലക്കയോ കൊണ്ടാണ് ഊഞ്ഞാല്‍പ്പടി. ഊഞ്ഞാലിന്‍മേല്‍ എതിര്‍ദിശകളില്‍ ഇരുന്നും നിന്നുമെല്ലാം ആടിത്തിമിര്‍ക്കും.

ഊഞ്ഞാലാട്ടുന്ന ആള്‍, ഊഞ്ഞാലാടുന്ന ആളെ തലയ്ക്കു മേലും ഇടയ്ക്കിടെ ഉയര്‍ത്തിയാട്ടും. ഊഞ്ഞാലാട്ട മത്സരങ്ങളും ഇതിനിടയില്‍ ആഹ്ളാദാരവത്തോടെ നടക്കും. ഊഞ്ഞാല്‍പ്പടിമേല്‍ എഴുന്നേറ്റുനിന്നു മരക്കൊമ്പോളം ഉയര്‍ന്നു പൊങ്ങുന്നത് അതീവ രസകരമാണ്. ഊഞ്ഞാലിനു നേരേയുള്ള മരക്കൊമ്പില്‍ കാച്ചിയ പപ്പടം കെട്ടി തൂക്കിയിട്ടശേഷം കുതിച്ചു ചെന്നെത്തി പപ്പടം കടിച്ചെടുക്കുമ്പോള്‍ താഴെനിന്നു കൂട്ടുകാരുടെ ആര്‍പ്പുവിളിയും കൈകൊട്ടും ഉയരും.


ഓണക്കാലത്തു വീടുകളില്‍ വറുത്തു വച്ചിട്ടുള്ള ഉപ്പേരിയും ശര്‍ക്കരവരട്ടിയും ഷര്‍ട്ടിന്റെ പോക്കറ്റുകളില്‍ നിറച്ചുവച്ച് അതു കൊറിച്ചുകൊറിച്ചാവും ആണ്‍കുട്ടികള്‍ ഊഞ്ഞാലാടുക. സ്വന്തം വീട്ടുമുറ്റത്തു മാത്രമല്ല ആ പ്രദേശത്തെ എല്ലാ പറമ്പുകളിലും നല്ല വടം കൊണ്ടുള്ള ഊഞ്ഞാലുകള്‍ നേരത്തേതന്നെ കൂട്ടുകാരെല്ലാം ചേര്‍ന്നു കെട്ടിയിടും.

ഇന്നും ഓണമായാല്‍ ആദ്യം ഊഞ്ഞാലാട്ടം തന്നെ. ഗ്രാമങ്ങളിലെപ്പോലെ മുറ്റവും തൊടിയുമില്ലാത്ത നഗരവീടുകളിലും, ഫ്ളാറ്റുകളിലും വരെ ഊഞ്ഞാല്‍ കെട്ടുന്നുണ്ട്. പൂമുഖത്തും കാര്‍ പോര്‍ച്ചിലും ഊഞ്ഞാല്‍ കെട്ടിയാടുന്ന കുട്ടികള്‍ അവരുടെതായ പരിമിതികള്‍ക്കുള്ളില്‍ ഓണം ആഘോഷമാക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.