യുവജനക്ഷേമത്തില്‍ കേരളം മാതൃക: മന്ത്രി ജയലക്ഷ്മി
യുവജനക്ഷേമത്തില്‍ കേരളം മാതൃക: മന്ത്രി ജയലക്ഷ്മി
Sunday, August 31, 2014 12:11 AM IST
കണ്ണൂര്‍: യുവജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു കേരളം മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയാണെന്നു മന്ത്രി പി.കെ. ജയലക്ഷ്മി. കേരളോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ ടൌണ്‍ സ്ക്വയറില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. യുവജനനയത്തിലും യുവജനങ്ങളെ സജീവരാക്കി രാഷ്ട്രപുനര്‍നിര്‍മാണത്തില്‍ പങ്കാളികളാക്കുന്ന പ്രവര്‍ത്തനങ്ങളിലുമെല്ലാം കേരളം ഏറെ മുന്നിലാണ്. യുവജനങ്ങളുടെ ക്ഷേമത്തിനായി വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പാക്കിവരുകയാണെന്നും മന്ത്രി പറഞ്ഞു.

കേരളോത്സവത്തിന്റെ നടത്തിപ്പിനു ഫണ്ട് അനുവദിക്കുന്ന കാര്യത്തില്‍ വര്‍ധന ഉണ്ടാകണമെന്നു ചടങ്ങില്‍ ടി.വി. രാജേഷ് എംഎല്‍എ ആവശ്യപ്പെട്ടു. ഒരു പഞ്ചായത്തിനു ചുരുങ്ങിയത് ഒരുലക്ഷം രൂപയെങ്കിലും അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നഗരസഭാധ്യക്ഷ റോഷ്നി ഖാലിദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. കെ.എ. സരള മുഖ്യപ്രഭാഷണം നടത്തി.

ഉദ്ഘാടനത്തിനു മുന്നോടിയായി വിളക്കുംതറ മൈതാനിയില്‍നിന്നു കണ്ണൂര്‍ ടൌണ്‍സ്ക്വയറിലേക്കു വര്‍ണശബളമായ ഘോഷയാത്ര നടന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.