ചലച്ചിത്ര അക്കാഡമിയില്‍ അംഗമാകാനില്ലെന്നു സിബി മലയില്‍
ചലച്ചിത്ര അക്കാഡമിയില്‍ അംഗമാകാനില്ലെന്നു സിബി മലയില്‍
Sunday, August 31, 2014 12:12 AM IST
കൊച്ചി: ചലച്ചിത്ര അക്കാഡമിയുടെ പുതിയ ഭരണസമിതിയില്‍ അംഗമാകാനില്ലെന്നു സംവിധായകന്‍ സിബി മലയില്‍. തന്നോടു ചോദിക്കാതെയാണ് അക്കാഡമി അംഗമായി തെരഞ്ഞെടുത്തത്. അംഗമായി തെരഞ്ഞെടുത്തതായി അറിയിപ്പ് രേഖാമൂലം കിട്ടിയാലുടന്‍ തന്റെ നിലപാടു രേഖാമൂലം അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രിയദര്‍ശന്‍ ചെയര്‍മാന്‍സ്ഥാനം രാജിവയ്ക്കുകയും ഭരണസമിതിയുടെ കാലാവധി പൂര്‍ത്തിയാകുകയും ചെയ്തതോടെയാണു ചലച്ചിത്ര അക്കാഡമിക്കു പുതിയ ഭാരവാഹികളെ കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തത്. രാജീവ്നാഥ് ചെയര്‍മാനായും ജോഷി മാത്യു വൈസ് ചെയര്‍മാനായും തെരഞ്ഞെടുക്കപ്പെട്ട അക്കാഡമിയുടെ ജനറല്‍ കൌണ്‍സില്‍ അംഗമായാണു സിബി മലയിലിനെ ഉള്‍പ്പെടുത്തിയത്. നിലവില്‍ അക്കാഡമിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രവര്‍ത്തനം തൃപ്തികരമല്ല. കെ.ആര്‍. മോഹന്‍ അക്കാഡമി ചെയര്‍മാനായിരുന്നപ്പോള്‍ താന്‍ അംഗമായിരുന്നു. പുതിയ സമിതി വന്നതുകൊണ്ടും പ്രവര്‍ത്തനത്തില്‍ പുരോഗതി ഉണ്ടാകുമെന്നു കരുതുന്നില്ല. ഏതെങ്കിലും സമിതിയുടെ അംഗമായോ ചുമതലക്കാരനായോ തെരഞ്ഞെടുക്കേണ്ടത് ആ വ്യക്തിയുടെ താത്പര്യമറിഞ്ഞു വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.