ഇടുക്കി മെഡിക്കല്‍ കോളജ് ഉണര്‍ന്നു; നാളെ ഫസ്റ് ബെല്‍ മുഴങ്ങും
ഇടുക്കി മെഡിക്കല്‍ കോളജ് ഉണര്‍ന്നു; നാളെ ഫസ്റ് ബെല്‍ മുഴങ്ങും
Sunday, August 31, 2014 12:15 AM IST
ചെറുതോണി: മലയോര ജനതയുടെ മനം കുളിര്‍പ്പിച്ചു നാളെ ഇടുക്കി മെഡിക്കല്‍ കോളജിന്റെ ഫസ്റ് ബെല്‍ മുഴങ്ങും. ആരോഗ്യരംഗത്തു പതിറ്റാണ്ടുകളായി നേരിടുന്ന പ്രതിസന്ധികള്‍ക്കു പരിഹാരമായി കുടിയേറ്റക്കാരുടെ നാലാംതലമുറ കൊതിച്ചു കാത്തിരുന്ന ആതുരപഠനകേന്ദ്രത്തിന്റെ പ്രധാന കവാടം നാളെ രാവിലെ പത്തിനു തുറക്കുമ്പോള്‍ ഇടുക്കിയുടെ അഭിമാനവും വാനംമുട്ടും.

അന്‍പതു വിദ്യാര്‍ഥികള്‍ക്കാണ് ആദ്യഘട്ടമായി ഇവിടെ പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഇതില്‍ ഇടുക്കി സ്വദേശിനിയായ ഒരാളുമുണ്ട്. നെടുങ്കണ്ടം പട്ടംകോളനി വ്യാവില്‍ ലാല്‍സണിന്റെ മകള്‍ ആര്യയാണ് ഈ ഭാഗ്യവതി.

കേരള മെഡിക്കല്‍ കൌണ്‍സിലിന്റെ പ്രവേശനപരീക്ഷയില്‍നിന്നു പ്രവേശനം നേടിയിരിക്കുന്നത് 39 പേരാണ്. 42 പേര്‍ക്കാണു പ്രവേശനം ലഭിച്ചിരിക്കുന്നത്. ഇതില്‍ ഒഴിവുള്ള മൂന്നുസീറ്റിലേക്കു പത്തിനു വരുന്ന അലോട്ട്മെന്റില്‍നിന്നു വിദ്യാര്‍ഥികളെത്തും. അഖിലേന്ത്യാ പ്രവേശന പരീക്ഷയില്‍നിന്ന് അലോട്ട്മെന്റ് ലഭിച്ചിരിക്കുന്നത് എട്ടുപേര്‍ക്കാണ്. ഇതില്‍ മൂന്നു പേര്‍ പ്രവേശനം നേടിയിട്ടുണ്ട്. ശേഷിക്കുന്ന അഞ്ചു പേര്‍ക്കു നാളെകൂടി പ്രവേശനം നേടും.

മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കുള്ള ആധുനിക സൌകര്യങ്ങളോടുകൂടിയ ക്ളാസ്റൂമിന്റെ ആറ് ലാബുകളാണ് നിലവില്‍ നിര്‍മിക്കുന്നത്. ഇതില്‍ മൂന്നെണ്ണം ഓണാവധിയോടെ പൂര്‍ത്തീകരിക്കാനാവും. കൂടാതെ വിദ്യാര്‍ഥികള്‍ക്കുള്ള ലൈബ്രറിയും പൂര്‍ത്തിയായി.പൈനാവ് അമല്‍ജ്യോതി സ്പെഷല്‍ സ്കൂള്‍ ഹോസ്റലില്‍ പെണ്‍കുട്ടികള്‍ക്കും പാറേമാവില്‍ പുതുതായി നിര്‍മിച്ച പൊതുമരാമത്ത് വകുപ്പ് ക്വാര്‍ട്ടേഴ്സുകള്‍ ആണ്‍കുട്ടികള്‍ക്കും ജീവനക്കാര്‍ക്കുമായി നല്‍കും.


മെഡിക്കല്‍ എഡ്യൂക്കേഷന്‍ വകുപ്പിന്റെ വാഹനം അനുവദിച്ചുകിട്ടുന്നതുവരെ വിദ്യാര്‍ഥികളെയും ജീവനക്കാരെയും കോളജിലെത്തിക്കാന്‍ വാഹനം വാടകയ്ക്കെടുത്തിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കുള്ള കാന്റീനിന്റെ നിര്‍മാണം നടന്നുവരികയാണ്. ഇതു പൂര്‍ത്തിയാകുന്നതുവരെ ഭക്ഷണം നല്‍കാന്‍ വേണ്ട ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. 20 അധ്യാപകരാണ് ഇടുക്കി മെഡിക്കല്‍ കോളജിന്റെ ആദ്യവര്‍ഷ വിദ്യാര്‍ഥികളുടെ പരിശീലനത്തിനെത്തിയിരിക്കുന്നത്. ഓണാവധി കഴിഞ്ഞു വിദ്യാര്‍ഥികള്‍ എത്തുമ്പോഴേക്കും എല്ലാ സൌകര്യങ്ങളും പൂര്‍ത്തീകരിക്കാനാകുമെന്നു റോഷി അഗസ്റിന്‍ എംഎല്‍എ പറഞ്ഞു.

പതിനെട്ടിനു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇടുക്കി മെഡിക്കല്‍ കോളജിന്റെ ഔദ്യോഗികമായ ഉദ്ഘാടനം നിര്‍വഹിക്കും. ധനമന്ത്രി കെ.എം. മാണി, ആരോഗ്യവകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍, ജലവിഭവ വകുപ്പുമന്ത്രി പി.ജെ. ജോസഫ്, എംപി, എംഎല്‍എമാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.