മുഴുവന്‍പേര്‍ക്കും പ്രാഥമികവിദ്യാഭ്യാസം; അതുല്യം’ ക്ളാസുകള്‍ നവംബര്‍ ഒന്നുമുതല്‍
Sunday, August 31, 2014 12:20 AM IST
തിരുവനന്തപുരം: കേരളം സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസപദ്ധതിയിലൂടെ പുതിയ ചരിത്രം രചിക്കുന്നു. സാക്ഷരതാമിഷന്‍ നേതൃത്വം നല്കുന്ന അതുല്യം പദ്ധതിയാണു കേരളത്തില്‍ മുഴുവന്‍ പേര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം സാധ്യമാക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അതുല്യം പദ്ധതിക്കു സാക്ഷരതാമിഷന്‍ അന്തിമരൂപം നല്കി. തൊണ്ണൂറുകളില്‍ സാക്ഷരതായജ്ഞത്തിലൂടെ സമ്പൂര്‍ണ സാക്ഷരത കൈവരിച്ച കേരളത്തെ സമ്പൂര്‍ണ പ്രാഥമികവിദ്യാഭ്യാസം നേടുന്ന സംസ്ഥാനമാക്കി മാറ്റുകയാണു സാക്ഷരതാ മിഷന്റെ ലക്ഷ്യം.

കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലെയും ഓരോ പഞ്ചായത്തു തെരഞ്ഞെടുത്ത് അതുല്യം പദ്ധതിയുടെ ഒന്നാംഘട്ടം വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു. രണ്ടാംഘട്ടമായി കേരളത്തിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും അതുല്യം നടപ്പാക്കുന്നതിനാവശ്യമായ പരിപാടികള്‍ സാക്ഷരതാമിഷന്‍ ആവിഷ്കരിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും മേയര്‍മാരുടെയും യോഗം പദ്ധതിക്ക് അന്തിമരൂപം നല്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ജില്ലാ കളക്ടര്‍മാരുടെയും നേതൃത്വത്തിലാണു ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് മേധാവികളുടെയും സന്നദ്ധ സംഘടനാപ്രതിനിധികളുടെയും യോഗങ്ങള്‍ ചേരുന്നത്. സെപ്റ്റംബര്‍ 12, 13, 14ന് ബ്ളോക്ക് തലത്തിലും സെപ്റ്റംബര്‍ 22 മുതല്‍ 27 വരെ കേരളത്തിലെ മുഴുവന്‍ ഗ്രാമപഞ്ചായത്ത്/മുനിസിപ്പല്‍ തലത്തിലും സംഘാടകസമിതി രൂപീകരണയോഗങ്ങള്‍ നടക്കും.


ഒക്ടോബര്‍ 11, 12 തീയതികളില്‍ 15നും 50നുമിടയില്‍ പ്രായമുള്ള പ്രാഥമികവിദ്യാഭ്യാസം നേടാത്തവരെ കണ്െടത്തുന്നതിനായുള്ള സര്‍വെ നടക്കും. തുടര്‍ന്നു കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനു ക്ളാസുകള്‍ ആരംഭിക്കുകയും 2015 ഏപ്രില്‍ ആദ്യവാരം പരീക്ഷ നടത്തുകയും സമ്പൂര്‍ണ സാക്ഷരതാപ്രഖ്യാപന വാര്‍ഷികദിനമായ ഏപ്രില്‍ 18ന് കേരളത്തെ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ സംസ്ഥാനമാക്കി പ്രഖ്യാപിക്കുകയും ചെയ്യാനാണു ലക്ഷ്യമിടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.