മുഖപ്രസംഗം: പ്രതിരോധരംഗത്തു സ്വാശ്രയത്വം വളരട്ടെ
Monday, September 1, 2014 11:13 PM IST
പ്രതിരോധമേഖലയില്‍ വന്‍തുക ചെലവിടുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ആയുധങ്ങളും അത്യാധുനിക യുദ്ധോപകരണങ്ങളും വിദേശരാജ്യങ്ങളില്‍നിന്നും അന്താരാഷ്ട്ര ആയുധവ്യാപാരികളില്‍നിന്നും വിലയ്ക്കു വാങ്ങുന്ന രാജ്യങ്ങളുടെ മുന്‍പന്തിയില്‍ ഇന്ത്യയുണ്ട്. കേന്ദ്രബജറ്റില്‍ ഏറ്റവും കൂടുതല്‍ ഭാഗം പ്രതിരോധത്തിനായി നീക്കിവയ്ക്കുന്ന രാജ്യം പ്രതിരോധ ഉത്പാദനമേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയിട്ടു കുറച്ചു വര്‍ഷങ്ങളായി. സൈനികരുടെ എണ്ണത്തിലും ആയുധ ശേഖരത്തിലും ലോകത്തെ മുന്‍നിര രാഷ്ട്രങ്ങളിലൊന്നായ ഇന്ത്യക്കു പ്രതിരോധരംഗത്തു വന്‍തുക മുടക്കേണ്ടിവരുന്നതു സ്വാഭാവികമാണ്. പാക്കിസ്ഥാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യക്ക് പ്രതിരോധരംഗത്ത് ഒരു അലംഭാവവും ലോഭവും സാധ്യമല്ല.

മൊത്തം ആഭ്യന്തരവരുമാനത്തിന്റെ രണ്ടു ശതമാനം ആയുധ ഇറക്കുമതിക്കായി ചെലവഴിക്കുന്ന ഇന്ത്യ ആയുധങ്ങളും പ്രതിരോധ സാമഗ്രികളും രാജ്യത്തുതന്നെ ഉത്പാദിപ്പിക്കാനുള്ള നീക്കം ശക്തമാക്കിയിരിക്കുന്നുവെന്നതു വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇന്ത്യന്‍ നിര്‍മിത വസ്തുക്കള്‍ക്കു മുന്‍ഗണന നല്‍കുക എന്നൊരു നയം കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. തന്ത്രപ്രധാനമായ പ്രതിരോധ ഉത്പാദനരംഗത്തു ഗുണമേന്മ നിലനിര്‍ത്തിക്കൊണ്ട് ആയുധസമാഹരണം ശക്തിപ്പെടുത്തുകയെന്നതു വലിയ വെല്ലുവിളിതന്നെയാണ്. ആയുധ ഇടപാടുകളുമായി ബന്ധപ്പെട്ടു നിരവധി ആരോപണങ്ങള്‍ മുമ്പ് ഉയര്‍ന്നിട്ടുണ്ട്. കേന്ദ്രസര്‍ക്കാരുകളെ എപ്പോഴും ആരോപണങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ പ്രതിരോധ രംഗത്തെ ചില അഴിമതിക്കഥകള്‍ക്കു കഴിഞ്ഞിരുന്നു. പ്രബലമായ ലോബികളും അന്താരാഷ്ട്ര ഏജന്റുമാരുമൊക്കെ പ്രവര്‍ത്തിക്കുന്ന ഈ രംഗത്തു നിതാന്ത ജാഗ്രത ഉണ്ടായാല്‍ മാത്രമേ അഴിമതിയെ അകറ്റി നിര്‍ത്താനാവൂ.

കര, വ്യോമ സേനകള്‍ക്കായി 197 ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള ടെന്‍ഡര്‍ റദ്ദാക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം തീരുമാനിച്ചിരിക്കുകയാണ്. ഹെലികോപ്റ്ററുകള്‍ക്കായി വിദേശകമ്പനിയുമായി ഉണ്ടാക്കിയിരുന്ന കരാറിനെക്കുറിച്ചു ചില വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ കരാര്‍ റദ്ദാക്കി പകരം സ്വകാര്യ കമ്പനികളുടെ സഹായത്തോടെ ഹെലികോപ്റ്ററുകള്‍ രാജ്യത്തുതന്നെ നിര്‍മിക്കാനാണു പദ്ധതി. ആഭ്യന്തര വ്യവസായത്തിന് ഈ തീരുമാനം ഏറെ സഹായകമാകുമെന്നാണു പ്രതീക്ഷ. വിദേശകമ്പനികളുടെ സഹായത്തോടെ ഇന്ത്യന്‍ നിര്‍മാതാക്കള്‍ക്ക് അവ ഇവിടെ നിര്‍മിക്കാനാവും. പ്രതിരോധരംഗത്ത് 26 ശതമാനം വിദേശനിക്ഷേപത്തിന് ഉണ്ടായിരുന്ന അനുമതി 49 ശതമാനമാക്കി കഴിഞ്ഞ ബജറ്റില്‍ വര്‍ധിപ്പിച്ചിരുന്നു. പ്രതിരോധരംഗത്തു പണം മുടക്കുന്നവര്‍ രാജ്യതാത്പര്യത്തിനു വിഘാതമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. സാങ്കേതികവിദ്യയുടെ കൈമാറ്റവും നമുക്കു പ്രയോജനപ്രദമാകണം.

ആറായിരം കോടി രൂപയുടെ ഹെലികോപ്റ്റര്‍ ഇടപാടു റദ്ദാക്കിയതോടൊപ്പം കാലപ്പഴക്കംചെന്ന മുങ്ങിക്കപ്പലുകള്‍ പരിഷ്കരിച്ചു നിലവാരം മെച്ചപ്പെടുത്തുന്നതിനും ടാങ്കുകള്‍ വാങ്ങുന്നതിനുമായി 17,500 കോടി രൂപയുടെ അനുമതി ഡിഫന്‍സ് അക്വിസിഷന്‍ കൌണ്‍സില്‍(ഡിഎസി) നല്‍കിയിട്ടുമുണ്ട്. ഇന്ത്യന്‍ സേനയുടെ മുങ്ങിക്കപ്പലുകള്‍ അടുത്തകാലത്ത് അപകടത്തില്‍പ്പെട്ടതു വലിയ വിവാദത്തിനു തിരികൊളുത്തിയിരുന്നു. പ്രതിരോധ യന്ത്രസാമഗ്രികളുടെ ഇറക്കുമതി പരമാവധി കുറച്ചുകൊണ്ട് അവ കഴിവതും ഇന്ത്യയില്‍ത്തന്നെ നിര്‍മിക്കുക എന്ന കേന്ദ്രസര്‍ക്കാര്‍ നയം തികച്ചും സ്വാഗതാര്‍ഹമാണ്.


മുന്‍കാലങ്ങളില്‍ റഷ്യയെയും അമേരിക്കയെയും ഇസ്രയേലിനെയും ഫ്രാന്‍സിനെയും ചില പ്രമുഖ ആയുധനിര്‍മാതാക്കളെയും ആശ്രയിച്ചായിരുന്നു നമ്മുടെ പ്രതിരോധ ആവശ്യങ്ങളെല്ലാം നടത്തിക്കൊണ്ടിരുന്നത്. അന്താരാഷ്ട്ര ആയുധ ലോബി ഇതിലൂടെ വലിയ നേട്ടം കൊയ്യുകയും ചെയ്തു. ഇന്ത്യന്‍ പ്രതിരോധ ഉത്പാദനരംഗം സ്വാശ്രയത്വത്തില്‍ കൂടുതല്‍ വളരേണ്ടതാണെന്നു ഭരണനേതൃത്വം ചിന്തിച്ചുതുടങ്ങിയെന്നതു ശുഭോദര്‍ക്കമാണ്. ചൊവ്വാ ദൌത്യത്തിനു വരെ സജ്ജമായ ഇന്ത്യന്‍ ശാസ്ത്രസമൂഹത്തിന് ഇതൊന്നും ബാലികേറാമലയാകില്ല. പക്ഷേ, അതിനനുസൃതമായ ഗവേഷണത്തിനും പഠനത്തിനുമുള്ള പ്രോത്സാഹനം ആ രംഗത്തുള്ളവര്‍ക്കു നല്‍കണം.

തദ്ദേശീയമായി യുദ്ധവിമാനങ്ങള്‍ വികസിപ്പിച്ചെടുക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 2011 ജനുവരിയില്‍ പ്രവേശിച്ചതാണ്. വ്യോമസേനയ്ക്കുവേണ്ടി വികസിപ്പിച്ച ഭാരം കുറഞ്ഞവിമാനമായ(എല്‍സിഎ) തേജസിലൂടെയാണു രാജ്യം ഈ നേട്ടം കൈവരിച്ചത്. വ്യോമയാനരംഗത്തെ പൊതുമേഖലാ-സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഏറോനോട്ടിക്കല്‍ ഡിഫന്‍സ് ഏജന്‍സി(എഡിഎ) രൂപകല്പന ചെയ്തു ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്കല്‍ ലിമിറ്റഡ്(എച്ച്എഎല്‍) നിര്‍മിച്ച തേജസ് ലോകത്തിലെ ഏറ്റവും ചെറിയ യുദ്ധവിമാനമായി. നാലാം തലമുറയില്‍പ്പെട്ട സൂപ്പര്‍സോണിക് വിമാനംകൂടിയാണിത്. മിസൈലുകള്‍വരെ ഇതില്‍ ഘടിപ്പിക്കാനുള്ള സംവിധാനമുണ്ട്. റഷ്യന്‍ നിര്‍മിത മിഗ്-21 വിമാനങ്ങള്‍ തുടര്‍ച്ചയായി തകര്‍ന്നുവീണ സാഹചര്യമാണു തേജസിന്റെ നിര്‍മാണത്തിലേക്കു നയിച്ചത്.

മൂന്നു വര്‍ഷം മുമ്പു കോഴിക്കോട്ട് ചാലിയത്തു തറക്കല്ലിട്ട ഏഷ്യയിലെ ആദ്യത്തെ പ്രതിരോധ കപ്പല്‍ രൂപകല്പനാ കേന്ദ്രം പോലുള്ള സംരംഭങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തിയും രാജ്യത്തു നിലവിലുള്ള പ്രതിരോധ ഉത്പാദന സ്ഥാപനങ്ങള്‍ ആധുനീകരിച്ചും പ്രതിരോധരംഗത്തു സ്വയംപര്യാപ്തതയിലേക്കു കൂടുതല്‍ ദൃഢമായ ചുവടുവയ്പുകള്‍ നമുക്കു നടത്താനാവണം. ഇന്ത്യക്കാവശ്യമായ ആയുധങ്ങളുടെ മുക്കാല്‍ പങ്കോളം ഇപ്പോള്‍ ഇറക്കുമതി ചെയ്യുകയാണ്. വിദേശരാജ്യങ്ങള്‍ക്കും ആയുധ ഉത്പാദകര്‍ക്കും ഇതിലൂടെ ലഭിക്കുന്ന നേട്ടം രാജ്യത്തെ വ്യവസായ മേഖലയ്ക്കും പ്രതിരോധരംഗത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ലഭ്യമാക്കിയാല്‍ അതു രാജ്യപുരോഗതിയെയും ഏറെ ത്വരി തപ്പെടുത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.