ലഹരിയെ മറികടക്കാന്‍ രണ്ടു ലക്ഷം ലൈക്കുകള്‍
Monday, September 1, 2014 12:08 AM IST
കൊച്ചി: ലഹരിക്കെതിരേ രണ്ടു ലക്ഷം ലൈക്കുകളും രണ്ടു കോടി റീച്ചുമായി 'അഡിക്ടഡ് ടു ലൈഫ'് ഫേസ്ബുക്ക് പേജ് വൈറലാകുന്നു. ലഹരിയെ ലൈക് കൊണ്ടു മറികടക്കാന്‍ വലയൊരുക്കി എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള സംസ്ഥാന ബിവറേജസ് കോര്‍പറേഷന്‍ യുവജനങ്ങള്‍ക്കിടയില്‍ നടപ്പാക്കുന്ന ലഹരിവിരുദ്ധ സോഷ്യല്‍ മീഡിയ കാമ്പയിനിന്റെ ഭാഗമാണ് ഈ ഫേസ്ബുക്ക് പേജ്. കഴിഞ്ഞ ആറിനു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍നിന്നു ലൈക്ക് ചെയ്തുകൊണ്ടു നിലവില്‍ വന്ന അഡിക്ടഡ് ടു ലൈഫ് ഫേസ്ബുക്ക് പേജ് കേവലം ഏഴു ദിവസത്തിനുള്ളില്‍ ഒരു ലക്ഷം ലൈക്ക് നേടി.

25 ദിവസം പിന്നിടുമ്പോള്‍ ലൈക്കുകളുടെ എണ്ണം 2,09,296 ആണ്. ഇന്ത്യയില്‍ ഒരു സര്‍ക്കാര്‍ കാമ്പയിന്‍ ഇത്രയും ലൈക്കുകള്‍ നേടുന്നത് ആദ്യമാണെന്ന് ഐടി രംഗത്തെ വിദഗ്ധര്‍ പറയുന്നു. ഫേസ്ബുക്കിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ഇതുവരെ 85 ലക്ഷം പേരിലേക്ക് അഡിക്ടഡ് ടു ലൈഫ് ഫേസ് ബുക്ക് പേജ് എത്തി. വിദേശ മലയാളികളിലും ഈ ഫേസ്ബുക്ക് പേജ് തരംഗമായി. മറ്റു സംസ്ഥാനങ്ങളിലെ മലയാളികളിലും വിദേശ മലയാളികളുടെ ഇടയിലുമായി ഇതുവരെ രണ്ടു കോടിയാളുകളിലാണ് ഈ ഫേസ്ബുക്ക് പേജ് എത്തിയത്. അഡിക്ടഡ് ടു ലൈഫ് ഫേസ്ബുക്ക് പേജിന്റെ കവറും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. കവര്‍ പുറത്തിറക്കിയ ഉടന്‍ പതിനായിരത്തോളം പേരാണ് ഇതുവരെ ഈ കവര്‍ ഉപയോഗിച്ചിരിക്കുന്നത്.


അഡിക്ടഡ് ടു ലൈഫ് കാമ്പയിനിന്റെ ബ്രാന്‍ഡ് അംബാസഡര്‍ നടന്‍ മമ്മൂട്ടി ഉള്‍പ്പെടെയുള്ള താരങ്ങളും തങ്ങളുടെ കവര്‍ മാറ്റിയതോടെയാണു കവര്‍ പേജും സൂപ്പര്‍ ഹിറ്റായത്. ംംം. മററശരലേറീഹശളല.ശ്ിീലൃ എന്ന ആപ്ളിക്കേഷനിലൂടെ ആര്‍ക്കും തങ്ങളുടെ കവര്‍ ഇനിയും മാറ്റാം.

യുവതലമുറയെ ലഹരിയുടെ നീരാളിപ്പിടുത്തത്തില്‍നിന്നു മോചിപ്പിക്കുന്നതിനും അവരില്‍ ദിശാബോധം വളര്‍ത്താനുമായി ആവിഷ്കരിച്ചിരിക്കുന്ന അഡിക്ടഡ് ടു ലൈഫ് ചുരുങ്ങിയ സമയത്തിനുള്ളില്‍ വൈറലായതില്‍ സന്തോഷമുണ്െടന്നു മന്ത്രി കെ.ബാബു പറഞ്ഞു. സംസ്ഥാനത്തെ 70 ശതമാനം സോഷ്യല്‍ മീഡിയ ഉപഭോക്താക്കളും 13നും 34നും ഇടയില്‍ പ്രായമുള്ളവരാണ്. ഇവരുടെ മനസിലേക്കിറങ്ങാനാണു ശ്രമിക്കുന്നത്. അഡിക്ടഡ് ടു ലൈഫ് കാമ്പയിനിന്റെ പ്രാരംഭവിജയം ആവേശഭരിതരാക്കിയെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.