നിലയ്ക്കാത്ത കാരുണ്യ പ്രവാഹത്തില്‍ സന്തോഷാശ്രുക്കളോടെ തൃക്കുന്നപ്പുഴ
നിലയ്ക്കാത്ത കാരുണ്യ പ്രവാഹത്തില്‍ സന്തോഷാശ്രുക്കളോടെ തൃക്കുന്നപ്പുഴ
Monday, September 1, 2014 12:11 AM IST
സ്വന്തം ലേഖകന്‍

തൃക്കുന്നപ്പുഴ: ഇന്നലത്തെ ദിവസം തൃക്കുന്നപ്പുഴ ഗ്രാമം ഒരിക്കലും മറക്കില്ല. ചിന്തിക്കാവുന്നതിലും അപ്പുറത്ത് സകലവേദനകളും പേറിക്കഴിഞ്ഞിരുന്ന 17 അംഗകുടുംബത്തിനു സാന്ത്വനസ്പര്‍ശമേകിയ ദിവസമാണത്. അഞ്ചു മണിക്കൂര്‍കൊണ്ട് അവര്‍ പിരിച്ചെടുത്തതു 25 ലക്ഷം രൂപ. രോഗചികിത്സയ്ക്കും വീടു നിര്‍മാണത്തിനുമായി ആ പണം ബാങ്കില്‍ നിക്ഷേപിച്ചതോടെ സംഘാടകര്‍ ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു.

തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ തൈക്കാട്ടില്‍ കൃഷ്ണനും ഭാര്യ ശാരദയ്ക്കും 16 മക്കളാണ്. 76 വയസുള്ള കൃഷ്ണന്‍ തെങ്ങുകയറ്റത്തൊഴിലാളിയായിരുന്നു. മക്കളില്‍ ആറുപേര്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍. വിവാഹം കഴിച്ചയച്ച മൂന്നു പെണ്‍മക്കളില്‍ രണ്ടുപേരെ ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ചു. കുടുംബത്തിനു താങ്ങുംതണലുമായിരുന്ന മകന്‍ ജയന്‍ വൃക്കരോഗിയായി. ഇവരൊടൊപ്പം മൂന്നു കൊച്ചുമക്കളും. 17 പേര്‍ താമസിക്കുന്നത് അടിസ്ഥാനസൌകര്യം തീരെയില്ലാത്ത രണ്ടുമുറി വീട്ടില്‍.

കുടുംബത്തിന്റെ അതിദയനീയ സ്ഥിതി കണ്ടറിഞ്ഞ ചങ്ങനാശേരിയിലെ പ്രത്യാശയും തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തും കുടുംബത്തിന്റെ രക്ഷയ്ക്കായി കൈകോര്‍ത്തു. പിന്നെ കണ്ടത് അവിശ്വസനീയമായ സഹകരണത്തിന്റെ ആവേശം. അയല്‍ക്കാരനെ കണ്െടത്തി രക്ഷിക്കുന്നതില്‍ അവര്‍ ഒരേ മനസുകാരായി. പഞ്ചായത്തിലെ 17 വാര്‍ഡുകളും ഒരേ ലക്ഷ്യത്തിനായി ഇറങ്ങി. ഒരുമാസത്തെ പ്രചാരണ പരിപാടികള്‍. ഫ്ളക്സ് ബോര്‍ഡുകളും മൈക്ക് അനൌണ്‍സ്മെന്റുകളും പദയാത്രകളും വാര്‍ഡ് കണ്‍വന്‍ഷനുകളും. വിദ്യാര്‍ഥികളും അധ്യാപകരും രംഗത്തിറങ്ങി. അയല്‍ക്കൂട്ടങ്ങളും സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും പ്രശ്നം ഏറ്റെടുത്തു.

മാനസിക വെല്ലുവിളികള്‍ നേരിടുന്ന ആറു മക്കള്‍ക്കും വിദഗ്ധ ചികിത്സ നല്‍കണം. ജയനു വൃക്ക മാറ്റിവയ്ക്കണം. ഇളയ മകളെ വിവാഹം ചെയ്ത് അയയ്ക്കണം. കയറിക്കിടക്കാന്‍ അടച്ചുറപ്പുള്ള ഒരു കൊച്ചുവീട് വേണം. ആ കുടുംബത്തിന്റെ ആവശ്യത്തിനു മുന്നില്‍ ആര്‍ക്കും മുഖം തിരിച്ചുനില്‍ക്കാനായില്ല. 20 ലക്ഷമായിരുന്നു ലക്ഷ്യം. ഒരു ദിവസത്തെ വേതനമാണു ചോദിച്ചത്. പിരിഞ്ഞു കിട്ടിയത് 24,85,419 രൂപ.


70 സ്ക്വാഡുകളിലായി രണ്ടായിരത്തോളം പേര്‍ 17 വാര്‍ഡുകളില്‍ പിരിവിനിറങ്ങി. അഞ്ചു മണിക്കൂര്‍കൊണ്ട് പഞ്ചായത്തിലെ ആറായിരത്തോളം വീടുകളില്‍ അവര്‍ കയറിയിറങ്ങി. തൃക്കുന്നപ്പുഴ ധര്‍മശാസ്താ ക്ഷേത്രത്തിന്റെ പൂമുഖത്ത് ഒരുക്കിയ കൌണ്ടറുകളില്‍ അവര്‍ എത്തിയതു നിറഞ്ഞ ബക്കറ്റുകളുമായി. ഓരോ വാര്‍ഡിനും ഓരോ കൌണ്ടര്‍ എന്ന കണക്കില്‍ 17 കൌണ്ടര്‍. പണം എണ്ണിത്തിട്ടപ്പെടുത്തിക്കഴിഞ്ഞപ്പോള്‍ വൈകുന്നേരം അഞ്ചു മണി. പണം പിന്നീട് കുടുംബത്തിനു കൈമാറിയശേഷം തൃക്കുന്നപ്പുഴ എസ്ബിടി ബ്രാഞ്ചില്‍ നിക്ഷേപിച്ചു.

ഫാ. സെബാസ്റ്യന്‍ പുന്നശേരിയുടെ നേതൃത്വത്തിലെത്തിയ പ്രത്യാശയുടെ നൂറോളം പ്രവര്‍ത്തകര്‍, തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിനോദ് കുമാറിന്റെയും പഞ്ചായത്ത് മെംബര്‍മാരുടെയും നേതൃത്വത്തിലെത്തിയ നാട്ടുകാര്‍, അമ്പലപ്പുഴ ഗവണ്മെന്റ് കോളജിലെ എന്‍എസ്എസ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ തൃക്കുന്നപ്പുഴ ജീവന്‍ രക്ഷാസമിതിയുടെ കീഴില്‍ ഒന്നിച്ചതോടെ ഗ്രാമം ശരിക്കും സ്നേഹോത്സവ ലഹരിയിലായി.

ഹരിപ്പാട് എംഎല്‍എ കൂടിയായ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പാണക്കാട് സയ്യിദ് സാദിക്ക് അലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ ക്ഷേത്രനടയില്‍ നേരിട്ടെത്തി സംഭാവന നല്‍കി. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. എം. ലിജു, ജില്ലാ പഞ്ചായത്ത് അംഗം എ.കെ. രാജന്‍, ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ ഉഷാകമലാകരന്‍, റാഷിദാ ബഷീര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഞുറൈഷ സവാദ്, ഡി. ഷിബു, സെലീന, സി. എച്ച് സാലി, സീമാ പ്രേംകുമാര്‍ തുടങ്ങിയവരും ഭവന സന്ദര്‍ശനത്തിനു നേതൃത്വം നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.