ഓണക്കളികള്‍
ഓണക്കളികള്‍
Monday, September 1, 2014 12:12 AM IST
എസ്. മഞ്ജുളാദേവി

ഓണക്കാലത്ത് എല്ലാം മറന്ന് ആര്‍ത്തുല്ലസിക്കാന്‍ എന്തൊക്കെ ഓണക്കളികളാണുള്ളത്? തലപ്പന്തു കളി, കിളിത്തട്ടു കളി, കരടി കളി, കുട്ടിയും കോലും, പുലിക്കളി, ഓണത്തല്ല് അങ്ങനെ എത്രയെത്ര ഓണക്കളികള്‍.

തലപ്പന്ത് കളിക്കുന്ന പന്ത് ഓലകൊണ്ടും കരിയില കൊണ്ടുമൊക്കെ ഉണ്ടാക്കും. റബര്‍ പന്തും പ്ളാസ്റിക് പന്തും ധാരാളമായതോടെ നാടന്‍ പന്തുകളുടെ സ്ഥാനം അവ നേടിയെടുത്തു.

അടുത്തതു കൌതുകകരമായ പുലിക്കളിയാണ്. മുമ്പൊക്കെ മുഖവും ശരീരവും മുഴുവന്‍ പല നിറങ്ങളിലെ ചായങ്ങള്‍ തേച്ചും കരിയില കോര്‍ത്തു ശരീരത്തില്‍ വച്ചുകെട്ടിയുമാണ് ആണ്‍കുട്ടികള്‍ പുലിക്കളിക്കിറങ്ങുക. കൈകള്‍ വീശി, മുഖം ഒരു പ്രത്യേക രീതിയില്‍ ചലിപ്പിച്ച്, ചുവടുവച്ച് ഗ്രാമവഴികളിലൂടെ പുലിക്കൂട്ടം തുള്ളി നടന്നുനീങ്ങും. താളമേളങ്ങള്‍ ഉയര്‍ന്നു പൊങ്ങുമ്പോള്‍ പുലികളുടെ ചുവടുകളും വേഗത്തിലായി തുടങ്ങും. കറങ്ങിത്തിരിഞ്ഞും കുട്ടികളെ കോപ്രായം കാട്ടിയും തുള്ളി വരുന്ന പുലിക്കൂട്ടങ്ങള്‍ക്കൊപ്പം വീടുതോറും സഞ്ചരിക്കുവാന്‍ വലിയൊരു ജനക്കൂട്ടം തന്നെയുണ്ടാകും.

തിരുവോണ സന്ധ്യയ്ക്കു അത്തം ഇളക്കുന്ന ചടങ്ങിനൊപ്പമാണു തുമ്പിതുള്ളല്‍ പൊതുവേ നടത്തുന്നതെങ്കിലും ഓണക്കളിക്കിടയിലും തുമ്പിതുള്ളലുണ്ടാകും. വിശാലമായ വീട്ടുപറമ്പിലോ, കൊയ്ത്തു കഴിഞ്ഞ പാടത്തോ ആണു തുമ്പിതുള്ളലിന്റെ നിലം ഒരുക്കുക. കളിക്കാരെല്ലാവരും വലിയ വട്ടത്തിലിരിക്കും. നടുവില്‍ തുമ്പച്ചെടിയും കൈയില്‍ പിടിച്ച് തുമ്പിയും. ഈ തുമ്പിയെക്കൊണ്ടു തുള്ളിക്കുക പ്രധാന രസമാണ്.


എന്തേ തുമ്പി തുള്ളാതിരിക്കണേ
പൂവ് പോരാഞ്ഞോ പൂപ്പട പോരാഞ്ഞോ..

എന്നിങ്ങനെ കുട്ടികളും ചേച്ചിമാരും അമ്മമാരും ചേര്‍ന്നു കൈകൊട്ടി പാടും. തുമ്പപ്പൂവിന്റേതായ ഗന്ധവും കൈക്കൊട്ടിന്റെ താളവും എല്ലാം കൂടിച്ചേരുമ്പോള്‍ തുമ്പി മെല്ലെ ഇളകി തുടങ്ങും. പാട്ടും കൊട്ടും മുറുകുമ്പോള്‍ തുമ്പിയുടെ തുള്ളലും മൂര്‍ധന്യതയിലാകും. അഴിഞ്ഞുലഞ്ഞ മുടി ആട്ടി തല ഇളക്കി തുമ്പച്ചെടിയും പിടിച്ചിരുന്ന തുള്ളുന്ന തുമ്പി രസകരമായ ഒരു ഓണക്കാഴ്ചയാണ്. തെങ്ങിന്‍പ്പൂക്കല, കമുകിന്‍ പൂക്കുല എന്നിവയും തുമ്പിമാര്‍ കൈയിലേന്താറുണ്ട്. പാട്ടും, കുരവയും കൈകൊട്ടും ആകെ ഒരു മേളം തന്നെ...

ഉടുമുണ്ട് താറായി ഉടുത്ത്, രണ്ടാം മുണ്ട് അരയില്‍ കെട്ടി രണ്ടു ചേരിയായി തിരിഞ്ഞാണ് ആണുങ്ങള്‍ ഓണത്തല്ലു നടത്തുന്നത്. നാട്ടിന്‍ പുറങ്ങളിലെ വയലേലകളിലും, പറമ്പുകളിലുമെല്ലാം ഇന്നും പല നാടന്‍ ഓണക്കളികളും നടക്കുന്നുണ്ട്. കബഡി, ഫുട്ബോള്‍ തുടങ്ങിയ കായിക വിനോദങ്ങളും പുതിയതായി വന്നു ചേര്‍ന്നിട്ടുണ്ട്.

നദികളുടെയും, കായലുകളുടെയും പറുദീസയായ കേരളത്തില്‍ വള്ളം കളിയില്ലാത്ത ഒരു ഓണത്തെ കുറിച്ചു ചിന്തിക്കുവാന്‍ കഴിയുമോ?

വിദേശീയരെ പോലും ആകര്‍ഷിക്കുന്ന കാവാലം ചുണ്ടനും കാരിച്ചാല്‍ ചുണ്ടനും ആനാരി പുത്തന്‍ ചുണ്ടനും മലയാളത്തിന്റെ സാംസ്കാരിക മുദ്ര പേറുന്നുവയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.