ഒഎംആര്‍ ഷീറ്റിലെ ബബിളുകള്‍ക്കു വിട; പിഎസ്സിക്കു പുതിയ മുഖം
ഒഎംആര്‍ ഷീറ്റിലെ ബബിളുകള്‍ക്കു വിട; പിഎസ്സിക്കു പുതിയ മുഖം
Monday, September 1, 2014 12:17 AM IST
തൃശൂര്‍: സര്‍ക്കാര്‍ജോലി സ്വപ്നം കണ്ട് ഒഎംആര്‍ ഷീറ്റിലെ ബബിളുകള്‍ കറുപ്പിച്ചു മെനക്കെടുകയും പരീക്ഷാഹാളിലെ സമ്മര്‍ദം മൂലം വിയര്‍ത്തു കുളിക്കുകയും ചെയ്യുന്ന കാഴ്ചയ്ക്കു വിട. മൂല്യനിര്‍ണയത്തിനും മാര്‍ക്ക് അറിയാനും മാസങ്ങളോളമുളള കാത്തിരിപ്പില്ല. ചുരുക്കപ്പട്ടികയും റാങ്ക് പട്ടികയും പ്രതീക്ഷിച്ചു വര്‍ഷങ്ങള്‍ തള്ളിനീക്കേണ്ട. ശീതീകരിച്ച മുറിയിലിരുന്നു മുന്നിലെ കംപ്യൂട്ടറില്‍ കാണുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ക്ളിക്ക് ചെയ്താല്‍ മതി. പറഞ്ഞുവരുന്നതു നമ്മുടെ സാക്ഷാല്‍ പിഎസ്സി പരീക്ഷയെക്കുറിച്ചാണ്.

ഓണ്‍ലൈന്‍ കാലഘട്ടത്തിന്റെ മാറ്റങ്ങളെ ഉള്‍ക്കൊണ്ടു പിഎസ്സിയും ഓണ്‍ലൈന്‍ സമ്പ്രദായത്തിലേക്കു കടന്നു. ഇതിന്റെ ഭാഗമായി പിഎസ്സിയുടെ ആദ്യത്തെ ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രം തിരുവന്തപുരം പട്ടം ആസ്ഥാന ഓഫീസില്‍ തയാറായി. ഒരേ സമയം 240 പേര്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷ എഴുതാവുന്ന രീതിയില്‍ 20 വരിയായിട്ടാണ് ഇവിടെ കംപ്യൂട്ടറുകള്‍ സജീകരിച്ചിട്ടുള്ളത്. പഴയ ആസ്ഥാന മന്ദിരത്തിന്റെ റൂഫ്ടോപ്പിലാണ് അത്യാധുനിക സൌകര്യങ്ങളുള്ള പരീക്ഷാകേന്ദ്രം ഒരുക്കിയിട്ടുള്ളത്. കംപ്യൂട്ടറുകളും സര്‍വറും കെല്‍ ആണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ കെല്‍ട്രോണ്‍, സി-ഡിറ്റ് എന്നിവയുടെ സഹായവുമുണ്ട്. ഹാളില്‍ പരീക്ഷാര്‍ഥികള്‍ക്കു നിര്‍ദേശം നല്‍കാനുള്ള ഓഡിയോ സംവിധാനവും നിരീക്ഷണ കാമറകളും ഒരുക്കിയിട്ടുണ്ട്. 29ന് ഈ സെന്ററിലെ ആദ്യത്തെ ഓണ്‍ലൈന്‍ പരീക്ഷ നടന്നു. പിഎസ്സി സ്വന്തമായി തയാറാക്കിയ ആദ്യത്തെ പരീക്ഷാകേന്ദ്രമാണു പട്ടത്തേത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.