സ്റുഡന്റ് പോലീസ് കേഡറ്റിനു പിന്നാലെ ഇനി വിദ്യാര്‍ഥി കര്‍മസേന
Monday, September 1, 2014 12:05 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സ്റുഡന്റ് പോലീസ് കേഡറ്റിനു പിന്നാലെ കുട്ടികള്‍ക്കായി വിദ്യാര്‍ഥി കര്‍മസേന വരുന്നു. സംസ്ഥാന പോലീസിന്റെ അഭിമാന പദ്ധതിയായ സ്റുഡന്റ് പോലീസ് കേഡറ്റിന് പിന്നാലെ വനംവകുപ്പാണു വിദ്യാര്‍ഥി കര്‍മസേനയ്ക്കു രൂപം നല്‍കുന്നത്.

സ്കൂള്‍ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി എക്കോ കോര്‍സ് കേഡറ്റ് (ഇസിസി) രൂപവത്കരിക്കുന്നതിന് അനുമതി തേടി വനംവകുപ്പ് സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിദ്യാര്‍ഥികളെക്കൂടി പങ്കാളികളാക്കി പരിസ്ഥിതി സംരക്ഷകരായ തലമുറയെ വാര്‍ത്തെടുക്കുകയാണു പദ്ധതിയുടെ ലക്ഷ്യം.

സംസ്ഥാന തലത്തില്‍ ഇസിസിയുടെ ചുമതല ജൈവവൈവിധ്യ സംരക്ഷണത്തിന്റെ ചുമതലയുള്ള അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ക്കാണ്. കോഴിക്കോട്, എറണാകുളം, കൊല്ലം ചീഫ് കണ്‍സര്‍വേറ്റര്‍മാരുടെ നേതൃത്വത്തില്‍ മൂന്നു മേഖലാ നോഡല്‍ ഓഫീസര്‍മാരെയും ഇതിനായി നിയമിക്കും. ജില്ലാതലത്തില്‍ ഇസിസിയുടെ ചുമതല അസിസ്റന്റ് കണ്‍വേറ്റര്‍ ഓഫ് ഫോറസ്റര്‍ക്കാണ്. പദ്ധതിയുടെ മേല്‍നോട്ടത്തിനായി സംസ്ഥാനതലത്തില്‍ ഉപദേശക സമിതിയും രൂപവത്കരിക്കും. ഇതിന്റെ അധ്യക്ഷന്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ് ആയിരിക്കും.

1300 മുതല്‍ 1500 വരെ വിദ്യാര്‍ഥികളെ പദ്ധതിയില്‍ പങ്കാളികളാക്കി അവരെ പരിസ്ഥിതിസംരക്ഷണത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരായി തെരഞ്ഞെടുക്കുന്നതാണു പദ്ധതി. പിന്നീട് ഇവരെ മുന്‍നിര്‍ത്തിയാകും സംസ്ഥാനമൊട്ടാകെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക. വിവിധ ഘട്ടങ്ങളായി നടപ്പാക്കുന്ന പദ്ധതിക്ക് 80 ലക്ഷത്തോളം രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടത്തില്‍ 14 ജില്ലകളില്‍നിന്നായി 100 കേഡറ്റുകളെയായിരിക്കും തെരഞ്ഞെടുക്കുക.


പ്രകൃതിസംരക്ഷണവുമായി ബന്ധപ്പെട്ട പരീക്ഷയും ഇന്റര്‍വ്യൂവും നടത്തിയായിരിക്കും കുട്ടികളെ തെരഞ്ഞെടുക്കുക. എന്‍സിസി മാതൃകയില്‍ വിദ്യാര്‍ഥികള്‍ക്കു പ്രത്യേക പരിശീലനവും നല്‍കും. ഏഴ്, എട്ട് ക്ളാസുകളിലെ കുട്ടികളെയാണു പരിശീലനം നല്‍കുന്നതിനായി വനംവകുപ്പ് ലക്ഷ്യമിട്ടിട്ടുള്ളത്. ഒരു സ്കൂളില്‍നിന്നു രണ്ടു കുട്ടികളെ വീതമായിരിക്കും തെരഞ്ഞെടുക്കുക.

പദ്ധതിയില്‍ പങ്കാളികളാകുന്ന കുട്ടികള്‍ക്ക് ഉപരിപഠനത്തിന് ഗ്രേസ് മാര്‍ക്ക് നല്‍കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികള്‍ക്ക് അവാര്‍ഡും റാങ്കും നല്‍കും. പ്രകൃതി സംരക്ഷണ ക്യാമ്പുകളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കു കൂടുതല്‍ ഗ്രേസ് മാര്‍ക്ക് നല്‍കും. ഒരു ക്യാമ്പില്‍ പങ്കെടുത്താല്‍ അഞ്ച് മാര്‍ക്കെങ്കിലും ലഭിക്കും. ഇസിസിക്ക് പ്രത്യേക പതാകയും എംബ്ളവും ഉണ്ടായിരിക്കും. യൂണിഫോം തീരുമാനിച്ചിട്ടില്ലെങ്കിലും പ്രകൃതിയുമായി ലയിച്ചുനില്‍ക്കുന്ന നിറത്തിലുള്ള യൂണിഫോമായിരിക്കും സ്വീകരിക്കുക. യൂണിഫോം ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ വനംവകുപ്പ് സൌജന്യമായായിരിക്കും നല്‍കുക.

വിദ്യാര്‍ഥികളുടെ മനോബലം വര്‍ധിപ്പിക്കുക, കുട്ടികളുടെ വിനിമയശേഷി വര്‍ധിപ്പിക്കുക, ഏതു സാഹചര്യത്തെയും നേരിടാന്‍ പ്രാപ്തമാക്കുക, പ്രകൃതിസംരക്ഷണത്തെക്കുറിച്ചു ജനങ്ങളെ ബോധവത്കരിക്കുക എന്നിവ അടിസ്ഥാനമാക്കിയായിരിക്കും പരിശീലനം നല്‍കുക. സംസ്ഥാനത്തെ വനം-വന്യജീവി കേന്ദ്രങ്ങള്‍ കുട്ടികള്‍ക്കായി പ്രദര്‍ശിപ്പിക്കും. പിന്നീട് വന്യജീവി സെന്‍സസില്‍ പങ്കെടുക്കുന്നതിനും കുട്ടികള്‍ക്ക് അവസരം നല്‍കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.