വിദേശമാര്‍ക്കറ്റില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന വെള്ള ആമകളുമായി രണ്ടു പേര്‍ അറസ്റില്‍
വിദേശമാര്‍ക്കറ്റില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന വെള്ള ആമകളുമായി രണ്ടു പേര്‍ അറസ്റില്‍
Monday, September 1, 2014 12:07 AM IST
തളിപ്പറമ്പ്: അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന വെള്ള ആമകളെ കൈമാറ്റം ചെയ്യാനുള്ള ശ്രമത്തിനിടെ രണ്ടംഗ സംഘത്തെ തളിപ്പറമ്പ് ഫോറസ്റ് റേഞ്ച് ഓഫീസര്‍ എം.പി. പ്രഭാകരന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘം അറസ്റ് ചെയ്തു. മയ്യില്‍ ഇരുവാപ്പുഴ നമ്പ്രം സ്വദേശികളായ കുന്നുമ്പ്രത്ത് പുതിയപുരയില്‍ അനസ് (26), വള്ളിയില്‍വീട്ടില്‍ രാഹുല്‍(19) എന്നിവരാണു പിടിയിലായത്. ഇവരില്‍നിന്നു രണ്ട് ആമകളെ പിടിച്ചെടുത്തു. ഒരു ആമയ്ക്ക് ഒന്നര ലക്ഷം രൂപ വിലയുറപ്പിച്ചു കൈമാറാനായി പയ്യാമ്പലം ബീച്ചില്‍ എത്തിയപ്പോഴാണ് ഇവര്‍ വലയിലായത്.

കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള വൈല്‍ഡ്ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയ്ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്തെ ഫോറസ്റ് ഇന്റലിജന്‍സ് ബ്യൂറോ നടത്തിയ അന്വേഷണത്തിലാണു രണ്ടംഗസംഘം അറസ്റിലായത്. കണ്ണൂരില്‍നിന്നു ജപ്പാനിലേക്കു വെള്ള ആമകളെ വന്‍തോതില്‍ കടത്തുന്നതായി വൈല്‍ഡ്ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയുടെ അന്വേഷണത്തില്‍ കണ്െടത്തിയിരുന്നു. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ അഞ്ചുലക്ഷം രൂപവരെ വിലമതിക്കുന്ന വെള്ള ആമയ്ക്ക് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മോഹവിലയാണു ലഭിക്കുന്നതെന്നു റേഞ്ച് ഓഫീസര്‍ പറഞ്ഞു.

മുന്‍കാലങ്ങളില്‍ ഇറച്ചിക്കുവേണ്ടി വേട്ടയാടപ്പെട്ടിരുന്ന വെള്ള ആമകള്‍ ജപ്പാന്‍ ഉള്‍പ്പെടെയുള്ള പല വിദേശരാജ്യങ്ങളിലും വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ആരാധിക്കപ്പെടുന്നുണ്ടത്രെ. വിദേശമാര്‍ക്കറ്റ് ലക്ഷ്യമാക്കി കണ്ണൂരില്‍നിന്ന് ആമകളെ കടത്തുന്ന വന്‍സംഘം തന്നെ പ്രവര്‍ത്തിച്ചുവരുന്നതായി ഫോറസ്റ് ഇന്റലിജന്‍സ് ബ്യൂറോയ്ക്കു വിവരം ലഭിച്ചിരുന്നു. ആവശ്യക്കാരെന്ന വ്യാജേന രണ്ട് ആമകള്‍ക്കു മൂന്നുലക്ഷം രൂപ വില ഉറപ്പിച്ചശേഷമാണു വേഷം മാറി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആമകടത്ത് സംഘത്തെ പിടികൂടിയത്. ഇവരെ ചോദ്യംചെയ്തതില്‍നിന്നു വന്‍സംഘം തന്നെ ആമ കടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.


വെള്ളക്കെട്ടുകളിലും തണ്ണീര്‍ത്തടങ്ങളിലും അപൂര്‍വമായി കാണപ്പെടുന്ന വെള്ള ആമകള്‍ ഇന്ത്യന്‍ വന്യജീവി സംരക്ഷണപ്പട്ടികയില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നതാണ്. ഇവയെ പിടിക്കുന്നതും കൊല്ലുന്നതും ഏഴു വര്‍ഷം വരെ തടവും ഒരുലക്ഷം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണെന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്ന വെള്ള ആമകളെ വിദേശത്തേക്കു കയറ്റുമതി ചെയ്യുന്ന സംഘത്തെ ഇന്ത്യയില്‍ത്തന്നെ ആദ്യമായാണു പിടികൂടുന്നത്. ഇരുതലമൂരി പാമ്പും വെള്ളി മൂങ്ങയും പോലെ വെള്ള ആമകളും വിശ്വാസത്തിന്റെ പേരില്‍ കടല്‍ കടക്കുന്നതു തടയാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടുണ്െടന്നു റേഞ്ച് ഓഫീസര്‍ അറിയിച്ചു. പിടിയിലായവരെ ജുഡീഷല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.