അവസാന പൊതുപരിപാടിയില്‍ ഗവര്‍ണര്‍ കാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്കൊപ്പം
അവസാന പൊതുപരിപാടിയില്‍ ഗവര്‍ണര്‍ കാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്കൊപ്പം
Tuesday, September 2, 2014 12:20 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ആറുമാസം നീണ്ട ഗവര്‍ണര്‍ പദവിയിലെ അവസാന പൊതുപരിപാടിക്കു ഷീല ദീക്ഷിത് എത്തിയതു ലൂര്‍ദ് ഫൊറോന പള്ളിയില്‍. കാന്‍സര്‍ രോഗികളായ കുട്ടികള്‍ക്കുള്ള സാമ്പത്തിക സഹായ വിതരണോദ്ഘാടനം നടത്തിയ ഗവര്‍ണര്‍ ലൂര്‍ദ് മാതാ കെയറിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അര ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും പ്രഖ്യാപിച്ചാണു മടങ്ങിയത്. ചങ്ങനാശേരി അതിരൂപതയുടെ തലസ്ഥാനത്തെ ജീവകാരുണ്യ കൂട്ടായ്മയായ ലൂര്‍ദ്മാതാ കെയറിന്റെ ആഭിമുഖ്യത്തിലാണ് ഇന്നലെ കാരുണ്യത്തിന്റെ വഴിയിലൂടെ കുഞ്ഞുമക്കളോടൊപ്പം എന്ന പരിപാടി സംഘടിപ്പിച്ചത്.

ആവശ്യമുള്ളവരെ സഹായിക്കുന്നതു ദൈവത്തിന്റെ യഥാര്‍ഥ സേവനമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഷീലാ ദീക്ഷിത് പറഞ്ഞു. സഹജീവികളെ സഹായിക്കുകയാണു നാം ചെയ്യുന്ന യഥാര്‍ഥ ദൈവിക സേവനം. ലൂര്‍ദ് മാതാ കെയര്‍ സമൂഹത്തില്‍ സഹായം ആവശ്യമുള്ളവരെ കണ്െടത്തി അവര്‍ക്കു സഹായം എത്തിച്ചു കൊടുക്കുന്നതില്‍ വളരെ സന്തോഷമുണ്ട്. കാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ ബാധിച്ചു കഴിയുന്നവര്‍ക്കു വളരെയേറെ സ്നേഹവും കരുതലും ആവശ്യമാണ്. മാനസികമായും സാമ്പത്തികമായും അവര്‍ക്കു സഹായം വേണം. അത്തരത്തില്‍ അവര്‍ക്കു സഹായം ചെയ്യുന്ന ലൂര്‍ദ് മാതാ കെയറിന് ആശംസകള്‍ അര്‍പ്പിക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു.


ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കുന്ന ഗവര്‍ണറാണ് ഷീലാ ദീക്ഷിത് എന്നു ലൂര്‍ദ്മാതാ കെയര്‍ ചെയര്‍മാനും ലൂര്‍ദ് ഫെറോന പള്ളി വികാരിയുമായ റവ.ഡോ.മാണി പുതിയിടം പറഞ്ഞു. ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അവിടെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്നതിന് അവര്‍ക്കു സാധിച്ചു. ഷീലാ ദീക്ഷിത് കേരള ഗവര്‍ണര്‍ സ്ഥാനമൊഴിയുന്നതു നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ക്കു ലൂര്‍ദ് മാതാ കെയറിന്റെ ഉപഹാഹവും അദ്ദേഹം സമ്മാനിച്ചു.

കാന്‍സര്‍ രോഗികളായ 150 കുട്ടികള്‍ക്കുള്ള സാമ്പത്തിക സഹായ വിതരണവും ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കെ. മുരളീധരന്‍ എംഎല്‍എ, റീജണല്‍ കാന്‍സര്‍ സെന്ററിലെ പ്രഫ.ഡോ. ഇക്ബാല്‍, വനിതാ കമ്മീഷന്‍ അധ്യക്ഷ കെ.സി.റോസക്കുട്ടി ടീച്ചര്‍, സിനിമാതാരം സുബ്ബലക്ഷ്മി, ലൂര്‍ദ്മാതാ കെയര്‍ ഡയറക്ടര്‍ ഫാ. റോണി മാളിയേക്കല്‍, പാസ്ററല്‍ സെക്രട്ടറി ജോണിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. കാന്‍സര്‍ രോഗികളായ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ഓണസദ്യയും ലൂര്‍ദ് മാതാ കെയര്‍ ഒരുക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.