അയ്യങ്കാളി ജന്മദിനാഘോഷം എട്ടിനു ഡല്‍ഹിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
Tuesday, September 2, 2014 12:21 AM IST
കൊച്ചി: അയ്യങ്കാളിയുടെ 152-ാം ജന്മദിനാഘോഷം ന്യൂഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ എട്ടിനു വൈകുന്നേരം മൂന്നിനു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്നു കേരള പുലയര്‍ മഹാസഭ (കെപിഎംഎസ്) സംസ്ഥാന പ്രസിഡന്റ് എന്‍.കെ. നീലകണ്ഠന്‍ മാസ്റര്‍, ജനറല്‍ സെക്രട്ടറി ടി.വി. ബാബു എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കെപിഎംഎസ് പട്ടികജാതി മോര്‍ച്ച, ഡല്‍ഹി പ്രവാസി പുലയ വെല്‍ഫെയര്‍ സൊസൈറ്റി എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണു ജന്മദിനാഘോഷം. സമ്മേളനത്തില്‍ എന്‍.കെ. നീലകണ്ഠന്‍ മാസ്റര്‍ അധ്യക്ഷത വഹിക്കും. ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ മുഖ്യപ്രഭാഷണവും ടി.വി. ബാബു സംഘടനാ സന്ദേശവും പട്ടികജാതി മോര്‍ച്ച ദേശീയ പ്രസിഡന്റ് ദുഷ്യന്ത്കുമാര്‍ ഗൌതം ജന്മദിന സന്ദേശവും നല്‍കും. സഞ്ജയ് പസ്വാന്‍, പി.എം. വേലായുധന്‍, പി.പി. വാവ, തുറവൂര്‍ സുരേഷ്, അഡ്വ.പി.കെ. ജയകൃഷ്ണന്‍, കെ.കെ. രാമന്‍ എന്നിവര്‍ പ്രസംഗിക്കും.


അയ്യങ്കാളിയെ നവോത്ഥാന നായകരുടെ ദേശീയ നിരയിലേക്ക് ഉയര്‍ത്തുക, വെങ്ങാനൂരിലുള്ള അദ്ദേഹത്തിന്റെ സ്മൃതിമണ്ഡപവും അദ്ദേഹം സ്ഥാപിച്ച സ്കൂളും ദേശീയ നവോത്ഥാന പൈതൃക സമ്പത്തായി സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങള്‍ വച്ചാണ് ആഘോഷം ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്നതും പ്രധാനമന്ത്രിയെ പങ്കെടുപ്പിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. അയ്യങ്കാളിയുടെ പേര് ദേശീയപാതകള്‍ക്കും യൂണിവേഴ്സിറ്റികള്‍ക്കും നല്‍കുക, ഛായാചിത്രവും പ്രതിമയും പാര്‍ലമെന്റില്‍ സ്ഥാപിക്കുക, സ്മാരക നാണയം ഇറക്കുക, ഏറ്റവും നല്ല സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് അയ്യങ്കാളി പുരസ്കാരം ഏര്‍പ്പെടുത്തുക, ചരമദിനം അവധിയായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കും. സ്കൂള്‍ നവീകരണത്തിന് 37.5 കോടി രൂപയുടെ പദ്ധതി പ്രധാനമന്ത്രിക്കു നേരത്തെ സമര്‍പ്പിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.