പ്രവാസി പെന്‍ഷന്‍ തുക കൂട്ടുമെന്നു മുഖ്യമന്ത്രി
പ്രവാസി പെന്‍ഷന്‍ തുക കൂട്ടുമെന്നു മുഖ്യമന്ത്രി
Tuesday, September 2, 2014 12:21 AM IST
കോഴിക്കോട്: കേരള പ്രവാസി കേരളീയ ക്ഷേമബോര്‍ഡ് പ്രവാസികള്‍ക്കു നല്‍കുന്ന പെന്‍ഷന്‍ തുക കൂട്ടുമെന്നും പദ്ധതിയില്‍ അംഗമാകാനുള്ള പരമാവധി പ്രായം 55ല്‍നിന്ന് 60 ആക്കി ഉയര്‍ത്താന്‍ നിയമഭേദഗതി കൊണ്ടുവരുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രവാസി കേരളീയ ക്ഷേമബോര്‍ഡിന്റെ പെന്‍ഷന്‍ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

വിദേശ വിമാനകമ്പനികളുടെ ചൂഷണത്തില്‍നിന്നു പ്രവാസികളെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിച്ച എയര്‍ കേരള പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി അറിയിച്ചു. അതോടൊപ്പം എയര്‍ ഇന്ത്യയുള്‍പ്പെടെയുള്ള വിമാന കമ്പനികളുടെ അമിത ചാര്‍ജിനെതിരേ ശക്തമായ പ്രതിഷേധം അറിയിക്കും. ലോകത്ത് എവിടെ സംഘര്‍ഷമുണ്ടായാലും അതിന്റെ പ്രതിധ്വനി കേരളത്തിലുണ്ടാകും. അത്രയധികം മലയാളി പ്രവാസികളാണു ലോകത്തെല്ലായിടത്തുമുള്ളത്- ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ചടങ്ങില്‍ നോര്‍ക്ക-ഗ്രാമവികസന വകുപ്പ് മന്ത്രി കെ.സി.ജോസഫ് അധ്യക്ഷത വഹിച്ചു. പ്രവാസികള്‍ക്കുള്ള ചികിത്സാ ധനസഹായ വിതരണം പഞ്ചായത്ത് -സാമൂഹ്യനീതി മന്ത്രി ഡോ.എം.കെ. മുനീറും മരണാനന്തര ധനസഹായ വിതരണോദ്ഘാടനം മേയര്‍ എ.കെ.പ്രേമജവും നിര്‍വഹിച്ചു. അബ്ദു റഹ്മാന്‍ രണ്ടത്താണി എംഎല്‍എ, എ.കെ. ശശീന്ദ്രന്‍ എംഎല്‍എ, പി.എം.എ.സലാം, കേരള പ്രവാസി സംഘം സെക്രട്ടറി കെ.ഇ.ഇസ്മയില്‍, പ്രവാസി റിട്ടേണീസ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.കെ.സീതി, കേരള പ്രവാസി ലീഗ് സെക്രട്ടറി കെ.സി.അഹമ്മദ്, പ്രവാസി സംഘം നേതാവ് ബാദുഷ കടലുണ്ടി, ജനതാ പ്രവാസി കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് വി.കുഞ്ഞാലി, പ്രവാസി കേരളീയ ക്ഷേമബോര്‍ഡ് ഡയറക്ടര്‍മാരായ വര്‍ഗീസ് പുതുക്കുളങ്ങര, ഷറഫുദീന്‍ കണ്ണേത്ത്, ജോപ്പച്ചന്‍ തെക്കേക്കുറ്റ്, ഐസക് തോമസ്, നോര്‍ക്ക റൂട്ട്സ് സിഇഒ പി.സുദീഷ്, ക്ഷേമ ബോര്‍ഡ് സിഇഒ കെ.എസ്. അനസ് എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ 51 പേര്‍ക്ക് പെന്‍ഷന്‍, 14 പേര്‍ക്കു ചികിത്സാ സഹായം, 16 പേര്‍ക്കു മരണാനന്തര സഹായം, 20 പേര്‍ക്ക് വിവാഹ ധനസഹായം എന്നിവ വിതരണം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.