കോട്ടയം വഴി ട്രെയിന്‍ ഗതാഗതം മുടങ്ങി
Tuesday, September 2, 2014 12:29 AM IST
കൊച്ചി: വൈദ്യുതിലൈന്‍ പൊട്ടി വീണതിനെത്തുടര്‍ന്ന് എറണാകുളം-കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം ഇന്നലെ മൂന്നു മണിക്കൂറോളം തടസപ്പെട്ടു. എറണാകുളം ഗാന്ധിനഗറിനു സമീപം വൈദ്യുതി കമ്പി പൊട്ടിവീണതോടെ പുലര്‍ച്ചെ അഞ്ചു മുതല്‍ ഗതാഗതം തടസപ്പെട്ടു.

കോട്ടയം പാസഞ്ചര്‍ ട്രെയിന്‍ റദ്ദ് ചെയ്തു. മറ്റു ട്രെയിനുകള്‍ വൈകിയാണ് ഓടിയത്. വഞ്ചിനാട് എക്സ്പ്രസ്, ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്, മുംബൈ- കന്യാകുമാരി ജയന്തിജനത എക്സ്പ്രസ്, ബാംഗളൂര്‍-കൊച്ചുവേളി എക്സ്പ്രസ് എന്നിവ രാവിലെ എറണാകുളത്തു പിടിച്ചിട്ടു. വാരാന്ത്യ അവധി കഴിഞ്ഞു കോട്ടയം, തിരുവനന്തപുരം ഭാഗ ത്തേക്കു പോകാനെത്തിയ ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ഏറെ വലഞ്ഞു. പലരും ട്രെയിനില്‍നിന്നിറങ്ങി ബസിലാണു യാത്ര തുടര്‍ന്നത്.


അതേസമയം, ട്രെയിനുകളുടെ സമയമാറ്റം ഇന്നു പ്രബല്യത്തിലാകുമെന്നു റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ മുതല്‍ സമയമാറ്റമുണ്ടാകുമെന്നാണു നേരത്തെ അറിയിച്ചിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.