ചില്‍ഡ്രന്‍സ് ആര്‍ട്ട് ഗാലറികള്‍ തുടങ്ങും
Tuesday, September 2, 2014 12:30 AM IST
കോട്ടയം: ലളിത കലാ അക്കാദമിയുടെ സഹകരണത്തോടെ ശിശുദിനത്തില്‍ 140 വിദ്യാലയങ്ങളില്‍ ചില്‍ഡ്രന്‍സ് ആര്‍ട്ട് ഗാലറികള്‍ തുടങ്ങാന്‍ വിദ്യാഭ്യാസവകുപ്പു തീരുമാനിച്ചു. ലളിത കലാ അക്കാഡമിയുടെ അഭ്യര്‍ഥനയനുസരിച്ചു മന്ത്രി പി.കെ. അബ്ദുറബ് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇന്ത്യയിലെ തന്നെ ആദ്യസംരംഭമായ പദ്ധതിക്കും തുടക്കം കുറിക്കാന്‍ തീരുമാനിച്ചത്.

എല്ലാ നിയോജക മണ്ഡലങ്ങളിലെയും ഓരോ വിദ്യാലയങ്ങളില്‍ ചില്‍ഡ്രന്‍സ് ഗാലറികള്‍ ആരംഭിക്കും. രണ്ടു മുറികളിലായി അതതു പ്രദേശത്തെ കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ ഗാലറിയില്‍ പ്രദര്‍ശിപ്പിക്കും. നന്നായി ചിത്രം വരയ്ക്കുന്ന വിദ്യാര്‍ഥികളുടെ ഗ്രൂപ്പ് ഷോകളും ഏകാംഗ പ്രദര്‍ശനങ്ങളും നടത്താനും സൌകര്യമുണ്ടാകും. ആര്‍ട്ട് ടീച്ചര്‍ എന്ന തസ്തികയില്‍ അധ്യാപകന്റെ ചുമതലയില്‍ നടക്കുന്ന ഗാലറിയില്‍ ചിത്രകല പഠന കളരിയാക്കി മാറ്റും.


നിലവില്‍ സര്‍വീസിലുള്ള ചിത്രകലാധ്യാപകരെയാവും ആര്‍ട്ട് ടീച്ചറായി നിയോഗിക്കുക. എല്ലാമാസവും അറിയപ്പെടുന്ന ചിത്രകാരന്മാരും ശില്പികളും കാര്‍ട്ടൂണിസ്റുകളും ഫോട്ടോഗ്രാഫറുമായി സംവദിക്കാനുള്ള വേദിയുണ്ടാകും.

യോഗത്തില്‍ അക്കാദമി ചെയര്‍മാന്‍ കെ.എ. ഫ്രാന്‍സിസ്, എ. ഷാജഹാന്‍, ഗോപാലകൃഷ്ണ ഭട്ട്, ഡോ. മണക്കാല ഗോപാലകൃഷ്ണന്‍, ഡോ. ജനാര്‍ദ്ദനക്കുറുപ്പ് എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.