മദ്യനയത്തില്‍നിന്നു സര്‍ക്കാര്‍ പിന്മാറരുത്: കെസിബിസി മദ്യവിരുദ്ധ സമിതി
Tuesday, September 2, 2014 12:32 AM IST
കൊച്ചി: പ്രഖ്യാപിച്ച മദ്യനയത്തില്‍നിന്നു സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ടു പോകരുതെന്നു കെസിബിസി മദ്യവിരുദ്ധ സമിതി ആവശ്യപ്പെട്ടു. മദ്യനയം ഭരണ, പ്രതിപക്ഷ ഭേദമെന്യേ പരക്കെ സ്വാഗതം ചെയ്യപ്പെട്ടതും കേരളജനതയുടെ ആഗ്രഹാഭിലാഷത്തിന്റെ പ്രതിഫലനവുമാണ്. മദ്യരഹിത കേരളമെന്ന ലക്ഷ്യം സാര്‍ഥകമാക്കുന്നതാണു നയം. പഴുതുകള്‍ അടച്ച് ഇച്ഛാശക്തിയോടെ സര്‍ക്കാര്‍ മുന്നോട്ടു പോകണം. അതിനു കെസിബിസി മദ്യവിരുദ്ധ സമിതിയുടെ പൂര്‍ണ പിന്തുണയുണ്ടാകും.

അടച്ച ബാറുകള്‍ ബിയര്‍, വൈന്‍ പാര്‍ലറുകളാക്കാനുള്ള നീക്കം ഉപേക്ഷിക്കണം. വീര്യം കുറഞ്ഞ മദ്യത്തിലൂടെയാണു വീര്യം കൂടിയ മദ്യം ഉപയോഗിക്കുന്ന മദ്യാസക്തരെ സൃഷ്ടിക്കുന്നത്. മദ്യാസക്തരെ സൃഷ്ടിക്കാനുള്ള ഏതൊരു നീക്കവും മദ്യരഹിത കേരളമെന്ന ലക്ഷ്യത്തിനെതിരാണ്. മദ്യവിമുക്ത സഭയും സമൂഹവും എന്നതാണു കെസിബിസി മദ്യവിരുദ്ധസമിതിയുടെ പ്രഖ്യാപിത നയം. അതിനു മദ്യവര്‍ജനവും മദ്യനിരോധനവും പ്രയോജനപ്പെടുത്തേണ്ടതുണ്ട്. മദ്യവര്‍ജനമെന്നത് ഒരു വ്യക്തി സ്വയം ഏറ്റെടുക്കേണ്ട ദൌത്യവും മദ്യനിരോധനം സര്‍ക്കാര്‍ നടപ്പാക്കേണ്ട ദൌത്യവുമാണ്. മദ്യത്തിന്റെ ലഭ്യത കുറയ്ക്കാന്‍ സര്‍ക്കാരാണു മുന്‍കൈയെടുക്കേണ്ടതെന്നും സമിതി ചൂണ്ടി ക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.