കയര്‍തൊഴിലാളി പെന്‍ഷന്‍ വിതരണം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
Tuesday, September 2, 2014 12:33 AM IST
ആലപ്പുഴ: കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പെന്‍ഷന്‍ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ആലപ്പുഴയില്‍ നടക്കും. രാവിലെ 11നു രാധാ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടി കയര്‍ മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യും. കെ.സി. വേണുഗോപാല്‍ എംപി, ഡോ. തോമസ് ഐസക് എംഎല്‍എ, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് 2014 ജനുവരി മുതല്‍ ഓഗസ്റ് 31 വരെയുള്ള 4500 രൂപയാണു വിതരണം ചെയ്യുന്നത്. ഇതിനായി 27.50 കോടി രൂപ ക്ഷേമനിധി ബോര്‍ഡിനു സര്‍ക്കാര്‍ അനുവദിച്ചതായി ചെയര്‍മാന്‍ എ.കെ. രാജന്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എം. അബ്ദുള്‍ സലിം എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.


300 രൂപ നിരക്കില്‍ ലഭിച്ചിരുന്ന പെന്‍ഷന്‍ 2014 ഏപ്രില്‍ മുതലുള്ള മുന്‍കാല പ്രാബല്യത്തോടെ 600 രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. ആലപ്പുഴ നഗരസഭ പരിധിയിലെ ക്ഷേമനിധി പാസ്ബുക്കുള്ളവര്‍ക്ക് ഉദ്ഘാടന ചടങ്ങില്‍ത്തന്നെ പെന്‍ഷന്‍ വിതരണം ചെയ്യും. തൃക്കുന്നപ്പുഴ മേഖലാ ഓഫീസ് പരിധിയിലെ പെന്‍ഷന്‍ വിതരണം നാളെ രാവിലെ 11ന് തൃക്കുന്നപ്പുഴ കുമ്പളത്ത് ഓഡിറ്റോറിയത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍ എംപി എന്നിവര്‍ ചേര്‍ന്നു നിര്‍വഹിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.