കണ്ണൂരില്‍ വീണ്ടും കൊലവിളി
Tuesday, September 2, 2014 12:20 AM IST
സ്വന്തം ലേഖകന്‍

കണ്ണൂര്‍: സംഘര്‍ഷത്തിന്റെ ദിനങ്ങള്‍ മടങ്ങിവരുന്നതിന്റെ സൂചനകള്‍ നല്‍കി രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കു കണ്ണൂര്‍ ഒരിക്കല്‍കൂടി വേദിയാകുന്നു. കൂത്തുപറമ്പിനു സമീപം കതിരൂരില്‍ ഒരാഴ്ചയ്ക്കുള്ളില്‍ നടന്ന രണ്ടാമ ത്തെ കൊലപാതകം പേടിപ്പെടുത്തുന്ന പോയ ദിനങ്ങളുടെ ഓര്‍മപ്പെടുത്തലാകുകയാണ്.

വലിയൊരു ഇടവേളയ്ക്കു ശേഷമാണു കണ്ണൂരില്‍ വീണ്ടും കൊലവിളി മുഴങ്ങുന്നത്. 2008 മാര്‍ച്ചില്‍ ഏഴുപേരുടെ ജീവനെടുത്ത കൊലപാതക പരമ്പരയ്ക്കു ശേഷം തുടര്‍ച്ചയായ അരുംകൊലകള്‍ ഇതാദ്യമാണ്. കതിരൂരില്‍ ബിഎംഎസ് പ്രവര്‍ത്തകന്‍ സുരേഷ്കുമാര്‍ (42) ആക്രമണത്തിനിരയായി മരിച്ചതിന് അഞ്ചാംപക്കമാണ് ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കെ. മനോജിനു (40) ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നത്.

പെട്ടെന്നുള്ള പ്രകോപനത്തിന്റെ പേരിലുള്ള കൊലപാതകങ്ങളല്ല രണ്ടും. സമാധാനാന്തരീക്ഷത്തില്‍ നടന്ന കൊലകള്‍ തികച്ചും ആസൂത്രിതമാണെന്നു പോലീസ് കരുതുന്നു. അതാകട്ടെ നടുക്കവും ഭയവുമുണ്ടാക്കുന്നു. കൊലപാതകത്തില്‍ ഇരുപക്ഷത്തുമുള്ള നേതാക്കളുടെ പോര്‍വിളികള്‍ ഞെട്ടലിന്റെ ആക്കം കൂട്ടുന്നു. കൊലപാതക രാഷ്ട്രീയം തിരിച്ചുകൊണ്ടുവരാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതിന്റെ സൂചനയായി പോലീസും ഇതിനെ കാണുന്നു.

ഭീതിജനകമായ പഴയകാല കൊലപാതകങ്ങളെ അനുസ്മരിപ്പിക്കുന്ന വധങ്ങള്‍ക്കാണു കതിരൂര്‍ സാക്ഷ്യം വഹിച്ചിരിക്കുന്നത്. വാഹനത്തില്‍ പോകവേ ബോംബെറിഞ്ഞ ശേഷമാണു മനോജിനെ വെട്ടിക്കൊന്നത്. മനോജിന്റെ കഴുത്ത് അറ്റുതൂങ്ങിയ നിലയിലായിരുന്നു. പട്ടാപ്പകല്‍ രാവിലെ 11നു റോഡില്‍വ ച്ചായിരുന്നു സംഭവം. സുരേഷ്കുമാറിനെ കമ്പിവടിക്ക് അടിച്ചും കൊടുവാളിനു വെട്ടിയുമാണു കൊന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേക്കു പോകുംവ ഴിയായിരുന്നു സംഭവം.

ക്ളാസ് മുറിയില്‍ പിഞ്ചുകുട്ടികളുടെ മുന്നില്‍വച്ചും വീടിനുള്ളില്‍ മാതാപിതാക്കളുടെയും ഭാര്യയുടെയും മക്കളുടെയും മുന്നില്‍ വച്ചും ഓടിക്കൊണ്ടിരിക്കുന്ന ബസില്‍വച്ചുമൊക്കെ നടന്ന കൊലപാതകങ്ങള്‍ കണ്ടും കേട്ടും ഒരുപാടു നടുങ്ങിയിട്ടുള്ളവരാണു കണ്ണൂരുകാര്‍. കൈകാലുകള്‍ വെട്ടിമാറ്റുകയും മുറിവില്‍ മണ്ണുവാരിയിടുകയും ചെയ്യുന്ന ക്രൂരതകള്‍ വേറെ. പരിഷ്കൃത സമൂഹത്തെ ലജ്ജിപ്പിക്കുന്ന ഈ പൈശാചികതയാണു കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളെ കുപ്രസിദ്ധമാക്കിയത്.


വീണ്ടും പട്ടാപ്പകല്‍ കഴുത്തു വെട്ടിമാറ്റി കൊല നടത്തിയവര്‍, തങ്ങള്‍ ഒട്ടും മാറിയിട്ടില്ലെന്നു വെളിപ്പെടുത്തുകയാണ്.

2008ലെ കൊലപാതക പരമ്പരയ്ക്കുശേഷം ഒറ്റപ്പെട്ട കൊലപാതകങ്ങള്‍ കണ്ണൂരില്‍ നടന്നിരുന്നു. 2012 ഫെബ്രുവരിയില്‍ ഷുക്കൂര്‍ എന്ന മുസ്ലിംലീഗ് പ്രവര്‍ത്തകനെ വിചാരണ നടത്തി കൊലപ്പെടുത്തിയതു വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. ആ വര്‍ഷം മേയില്‍ ടി.പി. ചന്ദ്രശേഖരന്‍ എന്ന ആര്‍എംപി നേതാവ് അമ്പത്തിയൊന്നു വെട്ടേറ്റു മരിച്ചു. കോഴിക്കോട് ജില്ലയിലെ ഒഞ്ചിയത്താണു കൊല നടന്നതെങ്കിലും ആസൂത്രണം നടന്നതു കണ്ണൂരിലായിരുന്നു. അതിശക്തമായ പൊതുജനവികാരം ഈ കൊലപാതകങ്ങള്‍ക്കെതിരേയുയര്‍ന്നെങ്കിലും പകരംചോദിക്കലോ തിരിച്ചടിയോ ഉണ്ടായിരുന്നില്ല.

ഇപ്പോള്‍ അടുത്തടുത്തു രണ്ടു കൊലപാതകങ്ങള്‍ നടന്ന കതിരൂരില്‍ ഒരുവര്‍ഷം മുമ്പ് അഷ്റഫ് എന്ന സിപിഎം പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ടിരുന്നു. അതും പഴയപോലെ കത്തിപ്പടര്‍ന്നില്ല. അടുത്തകാലത്തു ബിജെപിയും സിപിഎമ്മും വിട്ടു ചില നേതാക്കളും പ്രവര്‍ത്തകരും അങ്ങോട്ടും ഇങ്ങോട്ടും ചേക്കേറിയിരുന്നു. ഇതിന്റെ പേരില്‍ പരസ്പരം വാഗ്വാദങ്ങളും നടന്നിരുന്നു. തങ്ങളുടെ പ്രവര്‍ത്തകരെ തൊട്ടാല്‍ നേതാക്കളായിരിക്കും അനുഭവിക്കേണ്ടിവരികയെന്ന രീതിയിലുള്ള പോര്‍വിളികളും നടന്നു. ഇതാണു കൊലപാതകങ്ങളിലേക്കു കാര്യങ്ങള്‍ എത്തിച്ചതെന്നാണു പൊതുവേ വിലയിരുത്തപ്പെടുന്നത്.

1999ല്‍ തിരുവോണദിവസം സിപിഎം നേതാവ് പി. ജയരാജനെ വീട്ടില്‍ കയറി വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് ഇന്നലെ കൊല്ലപ്പെട്ട മനോജ്. മറ്റൊരു തിരുവോണക്കാലത്തു നടന്ന ഇപ്പോഴത്തെ കൊലപാതകം കണ്ണൂരിനെ കലാപദിനങ്ങളിലേക്കു നയിക്കാതിരിക്കാനുള്ള കഠിന പരിശ്രമത്തിലാണു പോലീസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.