മുഖപ്രസംഗം: അക്രമരാഷ്ട്രീയം അടിച്ചമര്‍ത്തണം
Wednesday, September 3, 2014 11:26 PM IST
കൊലപാതക രാഷ്ട്രീയം കേരളത്തെ വീണ്ടും ചോരയില്‍ മുക്കുകയാണ്. ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ വധത്തെത്തുടര്‍ന്നു കേരളത്തില്‍ ഉയര്‍ന്ന കൊലപാതകരാഷ്ട്രീയവിരുദ്ധ വികാരം കുറേക്കാലത്തേക്കു രാഷ്ട്രീയ അക്രമങ്ങള്‍ക്കു ശമനം വരുത്തിയിരുന്നു. എന്നാല്‍, ഇപ്പോള്‍ ആ ശാന്തത തകര്‍ത്ത് വിദ്വേഷത്തിന്റെ അഗ്നി വീണ്ടും ആളിക്കത്തിക്കാന്‍ പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവരുടെ പോഷകസംഘടനകളും സജീവമായി രംഗത്തെത്തിയിരിക്കുന്നു. ആര്‍എസ്എസിന്റെ ജില്ലാ ഭാരവാഹിയായ കണ്ണൂര്‍ കതിരൂര്‍ സ്വദേശി കെ. മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം കേരളത്തെ വീണ്ടും പ്രതികാര രാഷ്ട്രീയത്തിന്റെ ചുഴിയിലേക്കു നയിക്കുമോ എന്ന ആശങ്ക ശക്തമാക്കുന്നു. മനോജിന്റെ കൊലപാതത്തില്‍ പ്രതിഷേധിക്കാന്‍ ആര്‍എസ്എസ് പ്രഖ്യാപിച്ച ഹര്‍ത്താലിനു ബിജെപി പിന്തുണ നല്‍കിയതോടെ ഇന്നലെ കേരളത്തില്‍ ജനജീവിതം നിശ്ചലമായി. ചിലേടങ്ങളില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറുകയും ചെയ്തു.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ ആക്രമിച്ച കേസിലെ പ്രതിയാണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ട ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മനോജ്. ഇതിനു മുമ്പും മനോജിനുനേരേ വധശ്രമം നടന്നിട്ടുണ്ട്. ഇത്തവണ എതിരാളികള്‍ ലക്ഷ്യം കണ്ടു. മനോജ് യാത്ര ചെയ്തിരുന്ന വാഹനത്തിനുനേരേ ബോംബെറിഞ്ഞശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പട്ടാപ്പകല്‍, നടുറോഡില്‍, താലിബാന്‍ മോഡലിലുള്ള ഇത്തരം കൊലപാതകങ്ങള്‍ കേരളത്തെ എവിടേക്കാണു നയിക്കുക? അക്രമരാഷ്ട്രീയത്തിന്റെ ഇരയായി ബിഎംഎസ് പ്രവര്‍ത്തകനും ടൂറിസ്റ് ടാക്സി ഡ്രൈവറുമായ സുരേഷ് കുമാര്‍ കൊല്ലപ്പെട്ടിട്ട് ഏതാനും ദിവസങ്ങളേ ആകുന്നുള്ളൂ. കണ്ണൂരിന്റെ കലാപചരിത്രത്തില്‍ ഇത്തരം കണക്കുതീര്‍ക്കലുകള്‍ ഇടയ്ക്കിടെ അരങ്ങേറാറുണ്ട്. അതിനൊരു അറുതി വന്നേ തീരൂ.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ സാഹചര്യം കേരളത്തില്‍ ചില അനുരണനങ്ങളുണ്ടാക്കിയേക്കാം എന്നതു പല രാഷ്ട്രീയ കക്ഷികളെയും ആശങ്കപ്പെടുത്തുന്നുണ്ട്. അതിന്റെ പ്രതിഫലനം വടക്കന്‍ ജില്ലകളില്‍, പ്രത്യേകിച്ചു കണ്ണൂരില്‍ ഈ ദിവസങ്ങളില്‍ ദൃശ്യമായിരുന്നു. രാഷ്ട്രീയ കൂറുമാറ്റത്തിന്റെ പേരില്‍ പലേടത്തും സംഘര്‍ഷം ഉടലെടുത്തു. കൂറുമാറുന്നവരെ നോട്ടപ്പുള്ളികളാക്കി പ്രതികാരം ചെയ്യുന്നതും അതിന്റെ പേരില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതും ജനാധിപത്യവിരുദ്ധമാണ്. ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും നിര്‍ണായക സ്വാധീനമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍തന്നെ ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കു ചൂട്ടുപിടിക്കുമ്പോള്‍ ജനങ്ങളില്‍ ആശങ്ക വര്‍ധിക്കുന്നു. എതിരാളിയെ കൊലപ്പെടുത്തിയതിന്റെ ആഹ്ളാദം ഫേസ്ബുക്കിലൂടെയും മറ്റു നവമാധ്യമങ്ങളിലൂടെയും പ്രകടിപ്പിക്കുന്നവര്‍ തങ്ങളുടെ രാഷ്ട്രീയ പാപ്പരത്തവും ഇടുങ്ങിയ ചിന്താഗതിയുമാണു പങ്കുവയ്ക്കുന്നത്.

ഭരണതലത്തില്‍ നിരവധി വിവാദങ്ങള്‍ ചൂടുപിടിച്ചു നില്‍ക്കുന്നതിനിടെ ഇത്തരം രാഷ്ട്രീയ അക്രമങ്ങളും കൊലപാതകങ്ങളും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകരുത്. കണ്ണൂരില്‍ കലാപത്തിന്റെ കനല്‍ ഇപ്പോഴും കെടാതെ കിടക്കുന്നുവെന്ന് ഇന്നലെ ഹര്‍ത്താലിനോടനുബന്ധിച്ചുണ്ടായ അക്രമസംഭവങ്ങള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു. അതു സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിലേക്കും പടര്‍ന്നേക്കാം. ആരു ഹര്‍ത്താല്‍ പ്രഖ്യാപിച്ചാലും കേരളത്തില്‍ ജനജീവിതം സ്തംഭിക്കുന്ന സാഹചര്യമുണ്ട്. ഹര്‍ത്താലിനായി കാത്തിരിക്കുന്ന മലയാളിയുടെ നിര്‍വികാരത നിറഞ്ഞ സാമൂഹ്യബോധം വലിയ അപകടമാണ്. ആരെങ്കിലും വെട്ടിയും കുത്തിയും ചാവട്ടെ, നമുക്കൊരു അവധി ആഘോഷിക്കാമല്ലോ എന്ന ചിന്ത മലയാളിമനസിന്റെ വിവേകരാഹിത്യമാണു വ്യക്തമാക്കുന്നത്. ഇന്നലെ ഹര്‍ത്താല്‍ ദിനത്തില്‍ എത്രമാത്രം പൊതുസ്വത്തുക്കള്‍ നശിപ്പിക്കപ്പെട്ടു. ആശുപത്രിയിലേക്കുള്‍പ്പെടെ ഒഴിവാക്കാനാവത്ത യാത്രകള്‍ ചെയ്യേണ്ടിവന്നവര്‍ എത്രമാത്രം കഷ്ടപ്പെട്ടു. അത്തം പത്തോണത്തിന് അരങ്ങുണര്‍ന്നപ്പോഴാണ് അവിചാരിതമായി ഹര്‍ത്താല്‍ വന്നുപെട്ടത്. വ്യവസായ, വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഈ ഒരു ദിവസംകൊണ്ടുണ്ടായ നഷ്ടം എത്രയോ വലുതാണ്. ടൂറിസം സീസണിലെ ഹര്‍ത്താല്‍ നിരവധി വിനോദസഞ്ചാരികളെയും പെരുവഴിയിലാക്കി.


കേരളത്തിലെ മിക്ക രാഷ്ട്രീയ അക്രമങ്ങളിലും കൊലപാതകക്കേസുകളിലും പ്രതികളും ഗൂഢാലോചനക്കാരുമായവര്‍ പലപ്പോഴും വിഐപി പരിഗണനയോടെയാണു പോലീസ് സ്റേഷനിലും കോടതിയിലുമൊക്കെ എത്തുന്നത്. ജയിലിലും അവരില്‍ ചിലര്‍ക്കു മുന്തിയ പരിഗണന ലഭിക്കുന്നു. ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലും സ്വാധീനം ചെലുത്താനാവുന്നതിലൂടെയാണു കൊലക്കേസ് പ്രതികളുള്‍പ്പെടെയുള്ളവര്‍ക്ക് ഇപ്രകാരം വിലസാന്‍ സൌകര്യമൊരുങ്ങുന്നത്.

കൊലപാതക രാഷ്ട്രീയത്തില്‍നിന്നു കേരളം മോചനം പ്രാപിച്ചില്ലെങ്കില്‍ അതു സമാധാനജീവിതം തകര്‍ക്കുക മാത്രമല്ല, സാമൂഹ്യ അടിത്തറയും ഇളക്കും. ജനാധിപത്യ വ്യവസ്ഥിതി നിലനില്‍ക്കുന്ന രാജ്യത്തു വ്യത്യസ്ത രാഷ്ട്രീയ ചിന്താഗതിയും മതവിശ്വാസവുമൊക്കെ പിന്തുടരാന്‍ ഓരോ വ്യക്തിക്കും സ്വാതന്ത്യ്രമുണ്ട്. അത്തരം സ്വാതന്ത്യ്രങ്ങള്‍ക്കു കൂച്ചുവിലങ്ങിടാന്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും സംഘടനയ്ക്കും കഴിയില്ല. അഥവാ ആരെങ്കിലും അതിനു മുതിര്‍ന്നാല്‍ അത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണം. അതിലൂടെ ജനങ്ങളില്‍ ആത്മവിശ്വാസം പകരാന്‍ ഭരണകൂടത്തിനു കഴിയണം. ആരുടെയും സ്വാധീനത്തിനു വഴങ്ങാത്ത, മുഖം നോക്കാതെ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥരെ ഇത്തരം രാഷ്ട്രീയ കൊലപാതകങ്ങളുടെ അന്വേഷണം ഏല്പിക്കണം. യഥാര്‍ഥ കുറ്റവാളികളെ കണ്െടത്താനും പ്രതികള്‍ക്ക് എത്രമാത്രം രാഷ്ട്രീയ സ്വാധീനമുണ്െടങ്കിലും അവരെ നിയമത്തിന്റെ വഴിയിലെത്തിച്ച് മാതൃകാപരമായി ശിക്ഷിക്കാനും കഴിഞ്ഞെങ്കില്‍ മാത്രമേ കണ്ണൂര്‍ മോഡല്‍ കഴുത്തുവെട്ടല്‍ ഇവിടെ ശാശ്വതമായി അവസാനിപ്പിക്കാനാവൂ. അതിലൂടെ മാത്രമേ കേരളത്തില്‍ യഥാര്‍ഥ സമാധാനവും പുരോഗതിയും കൈവരൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.