ആര്‍എസ്എസ് നേതാവിന്റെ കൊലപാതകം കൊല നടത്തിയത് ആറംഗ സംഘം; രണ്ടു പ്രതികളെ തിരിച്ചറിഞ്ഞു
Wednesday, September 3, 2014 12:28 AM IST
കൂത്തുപറമ്പ്: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ ഡയമണ്ട് മുക്കിലെ കെ. മനോജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു രണ്ടു പ്രതികളെ അന്വേഷണസംഘം തിരിച്ചറിഞ്ഞു. കിഴക്കേ കതിരൂര്‍ ബ്രഹ്മപുരം സ്വദേശി വിക്രമന്‍, കതിരൂരിലെ ദാമുവിന്റെ മകനും ഫോട്ടോഗ്രാഫറുമായ ഷിനോഷ് എന്നിവരെയാണു തിരിച്ചറിഞ്ഞതെന്നു പോലീസ് പറഞ്ഞു. വിക്രമനെ ഒന്നാം പ്രതിയാക്കിയാണ് അന്വേഷണസംഘം കേസ് രജിസ്റര്‍ ചെയ്തിരിക്കുന്നത്.

ആറംഗ സംഘമാണു കൊലപാതകത്തിനു പിന്നിലെന്നു പോലീസ് സ്ഥിരീകരിച്ചു. മറ്റു പ്രതികളെ കണ്െടത്താനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്െടന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മുമ്പ് അക്രമക്കേസുകളില്‍ പ്രതികളായവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കേരള പോലീസ് ആക്ടിലെ നിയമവിരുദ്ധമായി സംഘംചേരല്‍ വകുപ്പ്-16 ഉള്‍പ്പെടുത്തിയാണു പോലീസ് പ്രതികള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. സാധാരണയായി തീവ്രവാദക്കേസുകളിലും മറ്റുമാണ് ഈ വകുപ്പ് ഉള്‍പ്പെടുത്താറുള്ളത്.

യുവമോര്‍ച്ച നേതാവ് കെ.ടി. ജയകൃഷ്ണന്‍ വധക്കേസില്‍ വിക്രമനു പങ്കുള്ളതായി ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പിടിയിലായ ടി.കെ. രജീഷ് പോലീസിനു മുമ്പു മൊഴി നല്കിയിരുന്നു. കൂടാതെ മുമ്പു നടന്ന ചില അക്രമസംഭവങ്ങളിലും വിക്രമന്‍ പ്രതിയാണ്. അക്രമങ്ങള്‍ നടത്തി നല്ല തഴക്കം വന്നവരാണു പ്രതികളെന്നും അതുകൊണ്ടുതന്നെ കൊല ആസൂത്രിതമാണെന്നും പോലീസ് കരുതുന്നു. പട്ടാപ്പകല്‍ കഴുത്തിനു വെട്ടിയായിരുന്നു കൊലപാതകം. വെട്ടേറ്റു മനോജിന്റെ കഴുത്ത് 80 ശതമാനത്തോളം മുറിഞ്ഞിരുന്നു.


കേസന്വേഷണത്തിനു നിയോഗിച്ച ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി ടി.പി. പ്രേമരാജന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നു ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ പറഞ്ഞതിനു പിന്നാലെ എഡിജിപി എ. അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് അന്വേഷണച്ചുമതല കൈമാറിയിട്ടുണ്ട്. എഡിജിപി ഇന്നു കൊല നടന്ന സ്ഥലമടക്കം സന്ദര്‍ശിക്കും.

തുടര്‍ അക്രമങ്ങളുണ്ടാകാന്‍ സാധ്യതയുണ്െടന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടിനെത്തുടര്‍ന്നു പോലീസ് കനത്ത ജാഗ്രത പാലിച്ചു വരികയാണ്. ജില്ലയ്ക്കു പുറത്തുനിന്നടക്കമുള്ള സായുധസേന സംഘര്‍ഷസാധ്യതയുള്ള പ്രദേശങ്ങളില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.