ചലച്ചിത്ര അവാര്‍ഡ് നിര്‍ണയം: ഹര്‍ജിയില്‍ നോട്ടീസ്
Wednesday, September 3, 2014 12:32 AM IST
കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയം ചോദ്യം ചെയ്തു നടന്‍ സലിംകുമാര്‍ നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനും ചലച്ചിത്ര അക്കാമദിക്കും കഴിഞ്ഞ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ സമിതി ജൂറി ചെയര്‍മാന്‍ ബാലാജിക്കും നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ജസ്റീസ് മുഹമ്മദ് മുഷ്താഖിന്റേതാണ് ഉത്തരവ്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പക്ഷപാതം കാട്ടുകയാണെന്നും അപേക്ഷിക്കുന്ന മുഴുവന്‍ സിനിമകളും കാണുന്നതിനും വിലയിരുത്തുന്നതിനും ജൂറി അംഗങ്ങള്‍ തയാറാകുന്നില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അവാര്‍ഡ് നിര്‍ണയം മികച്ച രീതിയിലാക്കുന്നതിനു സര്‍ക്കാര്‍ നടപടി സ്വീകരിക്കാന്‍ തയാറാകുന്നില്ലെന്നും ജൂറി നല്‍കുന്ന പട്ടികയില്‍ ഉള്‍പ്പെട്ട സിനിമകള്‍ക്കു അവാര്‍ഡ് പ്രഖ്യാപിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണത്തിനായി സിനിമ പ്രദര്‍ശിപ്പിച്ച സമയത്ത് ജൂറി ചെയര്‍മാന്‍ തിരുവനന്തപുരത്തു പോലും ഇല്ലായിരുന്നു. 2014 മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ നാലുവരെ മത്സരവിഭാഗത്തില്‍ സിനിമ പ്രദര്‍ശിപ്പിച്ചപ്പോള്‍ ജൂറി ചെയര്‍മാന്‍ എത്തിയിരുന്നില്ല. ജൂറി ചെയര്‍മാന്‍ പങ്കെടുത്ത ദിവസം മുതല്‍ തുടര്‍ച്ചയായി സിനിമ കണ്ടാലും മത്സരവിഭാഗത്തിലെ എല്ലാ സിനിമകളും കാണുന്നതിനു അവസരം ലഭിക്കുകയില്ലെന്നും ഹര്‍ജിക്കാരന്‍ നിര്‍മിച്ച 'മൂന്നാം നാള്‍ ഞായറാഴ്ച' എന്ന ചിത്രം കാണുന്നതിനും വിലയിരുത്തുന്നതിനും ജൂറി തയാറായിട്ടില്ലെന്നു കണ്െടത്താനാവുമെന്നും ഹര്‍ജി പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.