ഒ. രാജഗോപാലിന്റെ പ്രസ്താവന വാസ്തവവിരുദ്ധം: കെആര്‍എല്‍സിസി
ഒ. രാജഗോപാലിന്റെ പ്രസ്താവന വാസ്തവവിരുദ്ധം: കെആര്‍എല്‍സിസി
Wednesday, September 3, 2014 12:35 AM IST
കൊച്ചി: തിരുവനന്തപുരത്തെ ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം സഭയും കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ ഫലമാണെന്ന ഒ. രാജഗോപാലിന്റെ പ്രസ്താവന വാസ്തവ വിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്നു കേരള റീജന്‍ ലാറ്റിന്‍ കാത്തലിക് കൌണ്‍സില്‍ (കെആര്‍എല്‍സിസി) രാഷ്ട്രീയകാര്യസമിതി കണ്‍വീനര്‍ ഷാജി ജോര്‍ജ് പത്രക്കുറിപ്പില്‍ പറഞ്ഞു.

സോണിയാ ഗാന്ധിയുടെയോ കോണ്‍ഗ്രസ് നേതാക്കളുടെയോ അഭിപ്രായങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുവന്നവരല്ല കേരളത്തിലെ ലത്തീന്‍ സമുദായം. സമുദായത്തിന്റെ ഉന്നതനയരൂപീകരണ സമിതിയായ കെആര്‍എല്‍സിസി രൂപം കൊടുത്ത വ്യക്തവും ശക്തവുമായ രാഷ്ട്രീയനയം സമുദായത്തിനുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പ് തീരദേശജനതയുടെയും പിന്നോക്ക ജനവിഭാഗങ്ങളുടെയും പ്രശ്നങ്ങള്‍ ലത്തീന്‍ സമുദായം രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഈ പ്രശ്നങ്ങളോടു രാഷ്ട്രീയപാര്‍ട്ടികള്‍ സ്വീകരിച്ച നിലപാടുകള്‍ക്കനുസരിച്ചാണു സമുദായാംഗങ്ങള്‍ തെരഞ്ഞെടുപ്പു പ്രക്രിയയില്‍ പങ്കാളികളായത്. ബിജെപിയുടെ നിലപാടുകളിലുള്ള അവ്യക്തതയും അവരുടെ ഭരണത്തോടുള്ള ഭയാശങ്കകളും തിരുവനന്തപുരം ഉള്‍പ്പടെയുള്ള മണ്ഡലങ്ങളില്‍ പ്രതിഫലിച്ചിട്ടുണ്ട്. ബിജെപിയുടെ പ്രകടനപത്രികപോലും ഏറെ വൈകിയാണു പുറത്തുവന്നത്. വസ്തുതകള്‍ ഇതായിരിക്കേ പള്ളി തോല്പിച്ചെന്ന് ആവര്‍ത്തിച്ചുപറഞ്ഞ് ലത്തീന്‍ സഭയെയും സമുദായത്തെയും അവഹേളിക്കുന്നത് ദൌര്‍ഭാഗ്യകരമാണെന്നു ഷാജി ജോര്‍ജ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.