തൃക്കരിപ്പൂര്‍ അബ്ദുല്‍ സലാം ഹാജി വധം: ഏഴു പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷ നാളെ
Wednesday, September 3, 2014 12:35 AM IST
സ്വന്തം ലേഖകന്‍

കാസര്‍ഗോഡ്: ഗള്‍ഫ് വ്യവസായി തൃക്കരിപ്പൂര്‍ വെള്ളാപ്പിലെ എ.ബി. അബ്ദുള്‍സലാം ഹാജിയെ (59) വധിച്ച കേസിലെ ഏഴു പ്രതികള്‍ കുറ്റക്കാരാണെന്നു കാസര്‍ഗോഡ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (മൂന്ന്) കണ്െടത്തി. പ്രതികള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും. കേസില്‍ ഒരു പ്രതിയെ വെറുതെവിട്ടു.

ഒന്നാം പ്രതി നീലേശ്വരം ആനച്ചാലിലെ സി.കെ. മുഹമ്മദ് നൌഷാദ് (37), രണ്ടാം പ്രതി തൃശൂര്‍ കേച്ചേരി കിണാവല്ലൂരിലെ ഒ.എം. അഷ്കര്‍ (31), മൂന്നാം പ്രതി നീലേശ്വരം കോട്ടപ്പുറത്തെ മുഹമ്മദ് റമീസ് എന്ന റമീസ് (28), നാലാം പ്രതി തൃശൂര്‍ കേച്ചേരി കിണാവല്ലൂരിലെ ഒ.എം. ഷിഹാബ് (33), അഞ്ചാംപ്രതി കണ്ണൂര്‍ എടചൊവ്വയിലെ സി. നിമിത്ത് (43) ആറാം പ്രതി മലപ്പുറം ചങ്ങരംകുളത്തെ കെ.പി. അമീര്‍ (25), ഏഴാം പ്രതി മലപ്പുറം ആലംകോട് മാന്തളത്തെ എം.കെ. ജസീര്‍ (22) എന്നിവരെയാണു ശിക്ഷിച്ചത്.എട്ടാം പ്രതി നീലേശ്വരം തെരുവിലെ എ. മുഹ്സിനെ(24)യാണു വെറുതെവിട്ടത്.

ഒന്നും മൂന്നും പ്രതികള്‍ക്കെതിരേ ഗൂഢാലോചന, കൊലപാതകം, തെളിവു നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്തുള്ള കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്. മറ്റു പ്രതികള്‍ക്കു ഗൂഢാലോചന, സംഘം ചേര്‍ന്ന് ആക്രമിക്കല്‍, ആയുധംകൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കല്‍, കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയുള്ള ആക്രമണം എന്നിവ ചുമത്തി.


എട്ടാം പ്രതി മുഹ്സിന്റെ വാഹനത്തിലാണു മറ്റു പ്രതികള്‍ കൊലചെയ്യാന്‍ എത്തിയതെന്നു കോടതി കണ്െടത്തി. പ്രോസിക്യൂഷനുവേണ്ടി അഡ്വ.പി. രാജന്‍, അഡ്വ.എം.ജെ. ജോണ്‍സണ്‍ എന്നിവര്‍ ഹാജരായി. വിധി കേള്‍ക്കാന്‍ അബ്ദുള്‍ സലാമിന്റെ മക്കളും ബന്ധുക്കളും എത്തിയിരുന്നു.

2013 ഓഗസ്റ് നാലിന് രാത്രി 11ഓടെയാണു നാടിനെ നടുക്കിയ അക്രമവും കൊലപാതകവും അരങ്ങേറിയത്. കോളിംഗ് ബെല്‍ കേട്ട് വീടിന്റെ വാതില്‍ തുറന്നതോടെ അക്രമിസംഘം ഇരച്ചുകയറുകയും സലാം ഹാജിയെ കീഴ്പ്പെടുത്തി സെലോടേപ്പ് കൊണ്ടു വായും മുഖവും വരിഞ്ഞുമുറുക്കി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. ഇതിനുശേഷം യുഎഇ ദിര്‍ഹവും സ്വര്‍ണവുമടക്കം ഏഴര ലക്ഷം രൂപയുടെ സാധനങ്ങളും വീട്ടില്‍നിന്നു കവര്‍ച്ച ചെയ്തുവെന്നാണ് പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. വീട്ടിലെ മറ്റംഗങ്ങളെ ബന്ദിയാക്കി മുറിയില്‍ അടച്ചിട്ടശേഷമാണു കൊലയും കവര്‍ച്ചയും നടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.