ഓണവിഭവങ്ങള്‍
ഓണവിഭവങ്ങള്‍
Wednesday, September 3, 2014 12:39 AM IST
എസ്. മഞ്ജുളാദേവി

ഏത്തക്കായ് ഉപ്പേരി, അരി വറ്റല്‍, ശര്‍ക്കര വരട്ടി, അവില്‍ തുടങ്ങിയവയൊക്കെ ഓണത്തിന്റെ പ്രധാന വിഭവങ്ങളാണ്. അത്തം തുടങ്ങുമ്പോള്‍ത്തന്നെ അരിവറ്റല്‍ (ഉപ്പേരി)യുടെ പണി തുടങ്ങണം. നല്ല വെയിലുള്ളപ്പോള്‍ തന്നെ വേണം ഉപ്പേരി തയാറാക്കാന്‍. അരിമാവ് കുറുക്കി അതില്‍ ഉപ്പും ഓമവും ചേര്‍ത്ത് ഉണക്കും. വലിയ പായയില്‍ തുണി വിരിച്ച് അതിന്‍മേലാണ് മാവ് ചെറുതായി കോരിയൊഴിച്ച് ഉണക്കിയെടുക്കുന്നത്. ഉണക്കിയെടുത്ത ഉപ്പേരി നല്ല വെളിച്ചെണ്ണയില്‍ കാച്ചിയെടുത്താണ് ഓണസദ്യയ്ക്ക് ഉപയോഗിക്കുക. തിരുവോണത്തിനു നാലുനാള്‍ മുമ്പുതന്നെ ഉപ്പേരികളും ശര്‍ക്കര വരട്ടിയും തയാറാക്കി വയ്ക്കും.

ഓണസദ്യയ്ക്കുവേണ്ട അടപ്രഥമനുള്ള അടയും വീട്ടില്‍ത്തന്നെ ഉണ്ടാക്കുകയാണു പതിവ്. അട ഉണ്ടാക്കാനായി ആദ്യം പച്ചരി അരച്ച് നല്ല കട്ടിയായി കലക്കി വയ്ക്കും. വാഴയിലക്കീറ് ഈ മാവില്‍ മുക്കിയെടുത്ത ശേഷം തിളയ്ക്കുന്ന വെള്ളത്തിലിട്ടാണ് അട ഉണ്ടാക്കുന്നത്. വാഴയില പുറത്തെടുത്ത്, അട മാറ്റിയ ശേഷം പുതിയ ഇലകളില്‍ വീണ്ടും മാവ് മുക്കി അട ഉണ്ടാക്കും. പ്രഥമന്‍ തയാറാക്കുമ്പോള്‍ ആദ്യം തണുത്ത വെള്ളത്തില്‍ അട കഴുകിയെടുക്കും. പിന്നെ അട വേവിച്ചൂറ്റി, വരട്ടി ശര്‍ക്കരയും, ആവോളം തേങ്ങാപ്പാലും എല്ലാം ചേര്‍ത്തു രുചികരമായ അടപ്രഥമന്‍ തയാറാക്കും.


പൂരാടത്തിന്റെ അന്ന് ഇലയപ്പം പുഴുങ്ങും. പൂരാടം പുഴുങ്ങല്‍ എന്നാണ് ഇതറിയപ്പെടുക. സദ്യയ്ക്കുള്ള പല സാധനങ്ങളും വീട്ടില്‍ തന്നെ ഉണ്ടാകും. ഉപ്പ്, ജീരകം, വറ്റല്‍മുളക്, കടുക് തുടങ്ങിയവ മാത്രമേ പുറത്തുനിന്നു വാങ്ങൂ. മുളകും മഞ്ഞളും ഉണക്കിപ്പൊടിച്ചു വയ്ക്കും. അവല്‍, മലര്‍, പപ്പടം തുടങ്ങിയവയൊക്കെ അമ്മമാരും മുത്തശിമാരും ചേര്‍ന്നുണ്ടാക്കും. നെല്ല് മരം ഉരലില്‍ ഇടിച്ചാണ് അവല്‍ ഉണ്ടാക്കുന്നത്.

പാചകത്തിനു വേണ്ട വെളിച്ചെണ്ണയും നേരത്തേ കരുതിവയ്ക്കും. തേങ്ങ ഉണക്കി ആട്ടി വലിയ ഭരണികളിലാണു വെളിച്ചെണ്ണ കരുതുക. വിറകും കൊതുമ്പും ചൂട്ടും നേരത്തേതന്നെ ഉണക്കി മച്ചിന്‍പുറത്തും അടുപ്പിനു സമീപവും സൂക്ഷിച്ചുവയ്ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.