മഴ ശക്തമാകാന്‍ സാധ്യത
മഴ ശക്തമാകാന്‍ സാധ്യത
Wednesday, September 3, 2014 12:24 AM IST
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ പാത്തി രൂപം കൊണ്ടതിനാല്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ മഴ കൂടുതല്‍ ശക്തിയാര്‍ജിക്കാന്‍ സാധ്യതയുണ്െടന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ന്യൂനമര്‍ദ പ്രഭാവത്താലുണ്ടാകുന്ന മഴ അടുത്ത ചൊവ്വ വരെ നീണ്ടു നില്‍ക്കുമെന്നാണ് പ്രവചനം.

ഇടിയോടു കൂടിയ കനത്ത മഴയ്ക്കും അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇതോടെ ഇക്കുറി ഓണം മഴയില്‍ കുതിരുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു.

അതേസമയം, ശക്തമായി തുടരുന്ന തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ നിന്ന് കേരളത്തിന് ഇന്നലെ വരെ ഏഴു ശതമാനം അധികമഴ ലഭിച്ചു. 181.2 സെന്റിമീറ്റര്‍ മഴയാണ് ഇന്നലെ വരെ കേരളത്തിനു ലഭിക്കേണ്ടിയിരുന്നത്. ഈ സ്ഥാനത്ത് 193.91 സെന്റിമീറ്റര്‍ ലഭിച്ചു. കഴിഞ്ഞ ആറു ദിവസം കൊണ്ട് 20 സെന്റിമീറ്റര്‍ മഴ പെയ്തതിലൂടെയാണ് സംസ്ഥാനത്തിന് അധിക മഴ ലഭിച്ചത്.


കാലവര്‍ഷക്കാലത്ത് കേരളത്തിന് ആകെ ലഭിക്കേണ്ടത് 203 സെന്റിമീറ്റര്‍ മഴയാണ്. ഇതില്‍ 193 സെന്റിമീറ്റര്‍ ലഭിച്ചു കഴിഞ്ഞു. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം അവസാനിക്കാന്‍ ഒരു മാസത്തോളമുള്ളതിനാല്‍ സംസ്ഥാനത്തിന് ഇക്കുറി അധിക മഴ ലഭിക്കാന്‍ സാധ്യത ഏറെയാണ്. കഴിഞ്ഞ തവണ 26 ശതമാനം അധികമഴയാണ് സംസ്ഥാനത്തിനു ലഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.