ചങ്ങനാശേരി അസംപ്ഷന്‍ കോളജില്‍ ദേശീയ മാധ്യമസെമിനാറിനു തുടക്കമായി
ചങ്ങനാശേരി അസംപ്ഷന്‍ കോളജില്‍ ദേശീയ മാധ്യമസെമിനാറിനു തുടക്കമായി
Wednesday, September 3, 2014 12:42 AM IST
ചങ്ങനാശേരി: അസംപ്ഷന്‍ കോളജില്‍ യുജിസി ധനസഹായത്തോടെ മലയാളം, ജേര്‍ണലിസം വിഭാഗങ്ങളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ മാധ്യമസെമിനാറിനു തുടക്കമായി. 90.8 റേഡിയോ മീഡിയാ വില്ലേജ് ഡയറക്ടര്‍ റവ.ഡോ. സെബാസ്റ്യന്‍ പുന്നശേരി ഉദ്ഘാടനം ചെയ്തു. മാധ്യമങ്ങള്‍ നവസമൂഹ സൃഷ്ടിക്കുള്ള ചാലകശക്തികളാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമൂഹത്തിലെ വേദനിക്കുന്നവരെയും നിസ്സഹായരെയും അവഗണിക്കപ്പെടുന്നവരെയും കൈപിടിച്ചുയര്‍ത്താന്‍ മാധ്യമങ്ങള്‍ക്കു സുപ്രധാനമായ കര്‍ത്തവ്യമാണ് നിര്‍വഹിക്കാനുള്ളത്. സമൂഹത്തെ നന്മയുടെ വഴിയെ തിരിച്ചുവിടാന്‍ മാധ്യമങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും റവ.ഡോ. പുന്നശേരി കൂട്ടിച്ചേര്‍ത്തു.

ടെലിവിഷനും മലയാളിയുടെ സാമൂഹിക ഭാവനയും എന്ന വിഷയത്തെക്കുറിച്ചു സിനിമാ നിരൂപകന്‍ ഡോ.സി.എസ്. വെങ്കിടേശന്‍ പ്രബന്ധം അവതരിപ്പിച്ചു. വായുപേലെ നിരന്തരം ശ്വസിക്കുന്ന പ്രതിഭാസമായും സമൂഹത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്ന ശക്തിയായും മാധ്യമങ്ങള്‍ മാറിയതായി ഡോ. വെങ്കിടേശന്‍ അഭിപ്രായപ്പെട്ടു. ഇന്ന് ഒരു കുട്ടി ജനിച്ചു വീഴുന്നതുതന്നെ മാധ്യമ സാന്ദ്രമായ അന്തരീക്ഷത്തിലാണ്. യാഥാര്‍ഥ്യത്തെ വെല്ലുന്ന രീതിയിലുള്ള വായനാനുഭവങ്ങളിലേക്കും കാഴ്ചകളിലേക്കുമെത്തിക്കാന്‍ മാധ്യമങ്ങള്‍ മത്സരിക്കുകയാണ്. മാധ്യമങ്ങള്‍ ഇന്നു പൌരനെയല്ല ഉപഭോക്താവിനെയാണ് അഭിസംബോധന ചെയ്യുന്നത്. അതിനാല്‍ വാര്‍ത്തകളെ വിവേചിച്ചറിയാന്‍ സമൂഹത്തിനു കഴിയണമെന്നും ഡോ.വെങ്കിടേശ് കൂട്ടിച്ചേര്‍ത്തു.

പ്രിന്‍സിപ്പല്‍ ഡോ. സിസ്റര്‍ മേഴ്സി നെടുമ്പുറം അധ്യക്ഷത വഹിച്ചു. കര്‍ണാടക സര്‍വകലാശാലാ ജേര്‍ണലിസം വകുപ്പു മേധാവി ഡോ.എസ്. ബാലസുബ്രഹ്മണ്യം മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റര്‍ അമല ജോസ്, മലയാളം വകുപ്പു മേധാവി ഡോ. സുമ സിറിയക്, റീനാ ബെന്നി എന്നിവര്‍ പ്രസംഗിച്ചു.


ഇന്നു രാവിലെ 9.30നു മാധ്യമങ്ങള്‍ സാമൂഹിക മാറ്റത്തിന്റെ ചാലകശക്തികള്‍ എന്ന വിഷയത്തില്‍ സംവാദം നടക്കും. ദീപിക ചീഫ് എഡിറ്റര്‍ ഫാ. ബോബി അലക്സ് മണ്ണംപ്ളാക്കല്‍ ഉദ്ഘാടനം ചെയ്യും. ഡോ. പോള്‍ മണലില്‍ മോഡറേറ്ററായിരിക്കും. ടോമി മാങ്കൂട്ടം (ദൂരദര്‍ശന്‍), ടി. കെ. രാജഗോപാല്‍ (മാതൃഭൂമി), ഡോ. നടുവട്ടം സത്യശീലന്‍ (മംഗളം), ബിജി കുര്യന്‍ (ദേശാഭിമാനി), ജയകുമാര്‍ (കേരള കൌമുദി) എന്നിവര്‍ സംവാദത്തില്‍ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് 1.30ന് എംജി യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജേര്‍ണലിസം ഡയറക്ടര്‍ പ്രഫ. മാടവന ബാലകൃഷ്ണപിള്ള മുഖ്യപ്രഭാഷണം നടത്തും.

നാലിനു രാവിലെ 9.45നു പ്രബന്ധാവതരണം. 11നു ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ജേര്‍ണലിസം മാസ് കമ്യൂണിക്കേഷന്‍ കാലിക്കട്ട്, കണ്ണൂര്‍ സര്‍വകലാശാലാ ഡയറക്ടര്‍ ഡോ. സി.ഡി. ചാക്കപ്പന്‍ പ്രഭാഷണം നടത്തും.

ഉച്ചകഴിഞ്ഞ് 1.30നു 'തിര ഭൂപടത്തിന്റെ അകവും അരികുകളും' എന്ന വിഷയത്തില്‍ എംജി സര്‍വകലാശാലാ സ്കൂള്‍ ഓഫ് ലെറ്റേഴ്സ് ഡയറക്ടര്‍ ഡോ.പി.എസ്. രാധാകൃഷ്ണന്‍ പ്രബന്ധം അവതരിപ്പിക്കും. തുടര്‍ന്നു നടക്കുന്ന സമാപന സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. സിസ്റര്‍ മേഴ്സി നെടുമ്പുറം അധ്യക്ഷത വഹിക്കും. വൈസ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റര്‍ അമല, കോളേജ് ബര്‍സാര്‍ ഫാ. തോമസ് പാറത്തറ, ഡോ. സുമ സിറിയക്ക്, ഡോ. സൂസി ജോസഫ് എന്നിവര്‍ പ്രസംഗിക്കും.

സെമിനാറിനോടനുബന്ധിച്ചു കോളജിലെ ഇന്‍ഡോര്‍കോര്‍ട്ടില്‍ കോട്ടയം ഫോട്ടോ ജേര്‍ണലിസ്റ് ഫോറത്തിന്റെ ഫോട്ടോ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.