നവ ഇ- സാക്ഷരര്‍ക്ക് ഇ-മെയില്‍ സംവിധാനമുള്ള ഫോണ്‍
Wednesday, September 3, 2014 12:43 AM IST
തിരുവനന്തപുരം: സമ്പൂര്‍ണ ഇ-സാക്ഷരത പദ്ധതിയില്‍ പങ്കാളികളാവുന്ന എല്ലാ നവ സാക്ഷരര്‍ക്കും ഇ-മെയില്‍ സംവിധാനമുള്ള ബിഎസ്എന്‍എല്‍ പെന്റ ഭാരത് ഫോണ്‍ സൌജന്യമായി നല്കുമെന്നു വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്. 18 മാസത്തേക്ക് 1999 മിനിറ്റ് സംസാരിക്കാനുള്ള കോള്‍ നിരക്ക് നല്‍കുന്നവര്‍ക്കാണു ഇരട്ട സിം കാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ നല്‍കുന്നതെന്നു മന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു.

100 പഞ്ചായത്തുകളിലെ എല്ലാവരെയും 2015 മാര്‍ച്ച് 31 നു മുമ്പ് ഇ-സാക്ഷരരാക്കുന്നതോടു കൂടി പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയാകും. എം- ഗവേണന്‍സിനു പ്രാധാന്യം നല്‍കിയുള്ള പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു രാവിലെ 11.30നു കനകക്കുന്ന് കൊട്ടാരത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. അബ്ദുറബ് തുടങ്ങിയവര്‍ പങ്കെടുക്കും.

സാധാരണക്കാരായ ആളുകളെ സ്ഥിരമായി ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സജ്ജരാക്കുന്നതിനാണു മൊബൈല്‍ ഫോണ്‍ നല്‍കുന്നത്. ഓണത്തിനുള്ളില്‍ 5000 പേര്‍ക്ക് ഫോണ്‍ നല്‍കാനും ലക്ഷ്യമിടുന്നു. പി.എന്‍. പണിക്കര്‍ വിജ്ഞാന്‍ വികാസ് കേന്ദ്ര, കേന്ദ്ര ഐടി മന്ത്രാലയം, സംസ്ഥാന വിദ്യാഭ്യാസ, പഞ്ചായത്ത്, ഐ.ടി വകുപ്പുകളുടെ സഹകരണത്തോടെയാണു പദ്ധതി ആവിഷ്കരിച്ചത്. 2016 മാര്‍ച്ചില്‍ പൂര്‍ത്തിയാകുന്ന രണ്ടാംഘട്ടത്തില്‍ 478 പഞ്ചായത്തുകളിലെ എല്ലാവരെയും സാക്ഷരരാക്കും. മൂന്നാംഘട്ടത്തില്‍ ബാക്കിയുള്ള 400 പഞ്ചായത്തുകളിലും 60 മുനിസിപ്പാലിറ്റികളിലും അഞ്ച് കോര്‍പറേഷനുകളിലും പദ്ധതി നടപ്പാക്കി 2017ല്‍ കേരളത്തെ ആദ്യ ഇ-സാക്ഷര സംസ്ഥാനമാക്കും.


ഇ- സാക്ഷരത പരിശീലകര്‍ക്കുള്ള പരിശീലനം ഇന്റല്‍ ഇന്റര്‍നാഷനല്‍ കോര്‍പറേഷനും ആവശ്യമുള്ള ഹാര്‍ഡ് വെയറുകളും സൌജന്യ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവ കെല്‍ട്രോണുമാണു ലഭ്യമാക്കുന്നത്. പത്തു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പഠന പദ്ധതി പരിശീലിക്കുന്നതോടെ ഇ-സാക്ഷരത നേടാനാകുന്ന രൂപത്തിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

പത്രസമ്മേളനത്തില്‍ പി.എന്‍. പണിക്കര്‍ വിജ്ഞാന്‍ വികാസ് കേന്ദ്ര വൈസ് ചെയര്‍മാന്‍ എന്‍. ബാലഗോപാലും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.