റിലീസിംഗ് തിയറ്ററുകള്‍ വര്‍ധിപ്പിച്ചാല്‍ ഓണച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന്
റിലീസിംഗ് തിയറ്ററുകള്‍ വര്‍ധിപ്പിച്ചാല്‍ ഓണച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന്
Wednesday, September 3, 2014 12:24 AM IST
സ്വന്തംലേഖകന്‍

കൊച്ചി: സിനിമാ റിലീസിംഗ് കൂടുതല്‍ തിയറ്ററുകളിലേക്കു വ്യാപിപ്പിക്കാനുള്ള ഫിലിം ചേംബറിന്റെ നീക്കത്തിനെതിരേ കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍.

റിലീസിംഗ് തീയറ്ററുകള്‍ വര്‍ധിപ്പിച്ചാല്‍ ഫെഡറേഷന്റെ കീഴിലുള്ള തീയറ്റര്‍ അടച്ചിട്ട് ഓണച്ചിത്രങ്ങള്‍ ബഹിഷ്കരിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നു ഫെഡറേഷന്‍ പ്രസിഡന്റ് ലിബേര്‍ട്ടി ബഷീര്‍ പറഞ്ഞു.

അന്യഭാഷാ ചിത്രങ്ങളുള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ റിലീസിംഗിനെത്തുന്നതിനാല്‍ റിലീസിംഗ് തിയറ്ററുകള്‍ വര്‍ധിപ്പിക്കണമെന്നു കഴിഞ്ഞ ദിവസം ചേര്‍ന്ന ഫിലിം ചേംബറിന്റെ യോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു.

ഇതു സംബന്ധിച്ചു ധാരണയിലെത്താന്‍ കഴിയാതെ വന്നതിനാല്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്നു പ്രത്യേക യോഗം ചേരും. യോഗത്തില്‍ ചേംബറിനു കീഴിലുള്ള എല്ലാ സംഘടനകളും പങ്കെടുക്കണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്െടങ്കിലും റിലീസിംഗ് തീയറ്റര്‍ ഉടമകളുടെ സംഘടനയായ എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ വിട്ടു നില്‍ക്കും. വിതരണക്കാരുമായി ചര്‍ച്ച ചെയ്യേണ്ട കാര്യമായതിനാല്‍ ചേംബര്‍ ഈ വിഷയത്തില്‍ ഇടപെടേണ്െട ന്നാണു ഫെഡറേഷന്റെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ചേംബറിനു ഫെഡറേഷന്‍ കത്തും നല്‍കിയിട്ടുണ്ട്. അതേസമയം, സിനിമാ വ്യവസായത്തെ സംരക്ഷിക്കാന്‍ കൂടുതല്‍ തീയറ്ററുകളില്‍ റിലീസിംഗ് ആവശ്യമാണെന്നു സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്‍ പറ ഞ്ഞു.

റിലീസിംഗ് കിട്ടാത്ത തീയറ്ററുകള്‍ കടുത്ത നഷ്ടത്തിലേക്കു കൂപ്പുകുത്തുകയാണ്. യോഗ്യതയുണ്ടായിട്ടും ഫെഡറേഷന്റെ ഭീഷണിക്കു വഴങ്ങി ഈ തീയറ്ററുകള്‍ക്കു റിലീസിംഗ് സിനിമകള്‍ നല്‍കുന്നില്ല.


നിര്‍മാതാക്കളും വിതരണക്കാരും ശക്തമായ തീരുമാനമെടുത്താല്‍ കുറഞ്ഞതു നൂറു തീയറ്ററിലെങ്കിലും റിലീസിംഗ് സാധ്യമാകുമെന്നു സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് വി.മോഹനന്‍ പറഞ്ഞു.

എസി തീയറ്ററുകള്‍ക്കു സിനിമ റിലീസ് ചെയ്യാന്‍ നല്‍കണമെന്നു ഗണേഷ്കുമാര്‍ സിനിമാ മന്ത്രിയായിരുന്ന സമയത്ത് ഉത്തരവുണ്ടായിരുന്നു. എന്നാല്‍ അസോസിയേഷന്റെ കീഴിലുള്ള ഏഴു എസി തീയറ്ററുകളില്‍ ഒന്നരവര്‍ഷമായി ഒരു സിനിമ പോലും റിലീസിംഗിനു നല്‍കിയിട്ടില്ല. സിനിമ തരാന്‍ തയാറാകുന്ന വിതരണക്കാരെ ഫെഡറേഷന്‍ ഭീഷണിപ്പെടുത്തി പിന്‍മാറ്റുകയാണ്.

റിലീസിംഗ് ലഭിച്ചാല്‍ ഫെഡറേഷനില്‍ അംഗമാകണമെന്ന നിബന്ധന അംഗീകരിക്കാത്തതിനാലാണ് ഇവര്‍ക്കു സിനിമ ലഭിക്കാനുള്ള വഴികള്‍ മുടക്കുന്നത്. റിലീസിംഗ് തീയറ്ററുകള്‍ക്കു സര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കാത്ത 60 ശതമാനം തീയറ്ററുകള്‍ നിലവില്‍ റിലീസിംഗ് തീയറ്ററുകളായുണ്ട്.

ഇവയെല്ലാം ഫെഡറേഷന്റെ കീഴിലുള്ളതാണ്. തീയറ്ററുകളുടെ നിയമന്ത്രണവും ലൈസന്‍സ് വിതരണവും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും റിലീസിംഗ് തീയറ്ററുകള്‍ക്ക് അംഗീകൃതമായ ഒരു പൊതു മാനദണ്ഡം രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എറണാകുളം ട്രാവന്‍കൂര്‍ കോര്‍ട്ടില്‍ ഇന്നു രാവിലെ 11 നാണു യോഗം.

ചേംബര്‍ ഭാരവാഹികളെ കൂടാതെ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍, സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്‍ എന്നീ സംഘടനാ ഭാരവാഹികളും പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.