ഡീസല്‍: കെഎസ്ആര്‍ടിസി സ്വകാര്യപമ്പുകളെ ഒഴിവാക്കുന്നു
ഡീസല്‍: കെഎസ്ആര്‍ടിസി സ്വകാര്യപമ്പുകളെ ഒഴിവാക്കുന്നു
Wednesday, September 3, 2014 12:27 AM IST
റിച്ചാര്‍ഡ് ജോസഫ്

തിരുവനന്തപുരം: ഡീസല്‍ വാങ്ങുന്നതിനു കെഎസ്ആര്‍ടിസി സ്വകാര്യ പമ്പുകളെ ഒഴിവാക്കുന്നു. പൊതു വിപണിയിലേതിനെക്കാള്‍ ലിറ്ററിന് 1.09 രൂപ മുതല്‍ 1.50 രൂപ വരെ വിലക്കുറവില്‍ എണ്ണക്കമ്പനികള്‍ കെഎസ്ആര്‍ടിസിക്കു ഡീസല്‍ നല്‍കാന്‍ തയാറായതിനെത്തുടര്‍ന്നാണിത്.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ കമ്പനികളാണു കെഎസ്ആര്‍ടിസിക്കു വിലക്കുറവില്‍ ഡീസല്‍ നല്‍കാന്‍ മുന്നോട്ടുവന്നിരിക്കുന്നത്. ഇതുപ്രകാരം എണ്ണക്കമ്പനികളില്‍നിന്നു കോര്‍പറേഷന്‍ പമ്പുകളിലേക്കു ഡീസല്‍ എത്തിച്ചുതുടങ്ങിയിട്ടുണ്ട്. പ്രതിദിനം 4.30 ലക്ഷം ലിറ്റര്‍ ഡീസലാണു കോര്‍പറേഷനു വേണ്ടത്. എണ്ണക്കമ്പനികളില്‍നിന്നു വിലക്കുറവില്‍ ഡീസല്‍ ലഭിക്കുമെന്ന് ഉറപ്പായതോടെ കെഎസ്ആര്‍ടിസി ഡിപ്പോകളിലെ ഡീസല്‍ ടാങ്കുകള്‍ ക്ളീന്‍ ചെയ്യുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ള ടാങ്കര്‍ ലോറികളും ക്ളീന്‍ ചെയ്തു പ്രവര്‍ത്തനയോഗ്യമാക്കേണ്ടതുണ്ട്.

സ്വകാര്യ പമ്പുകളില്‍നിന്നാണോ എണ്ണക്കമ്പനികളില്‍ നിന്നാണോ ലാഭകരമായി ഡീസല്‍ ലഭിക്കുന്നത് എന്നു പരിശോധിക്കുന്നതിനായി കെഎസ്ആര്‍ടിസി പ്രത്യേക സമിതി രൂപവത്കരിച്ചു. സമിതി സ്വകാര്യ പമ്പുകളുടെയും എണ്ണക്കമ്പനികളുടെയും ഡീസല്‍ വില പരിശോധിക്കുകയും ദിവസവും കെഎസ്ആര്‍ടിസിക്കു റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യും. ഇപ്പോള്‍ എണ്ണക്കമ്പനികളില്‍നിന്നു വിലക്കുറവില്‍ ഡീസല്‍ ലഭിക്കുമെങ്കിലും എപ്പോഴും അങ്ങനെ ലഭിക്കണമെന്നില്ല. കുറഞ്ഞവിലയില്‍ സ്വകാര്യ പമ്പുകളില്‍നിന്നു ഡീസല്‍ ലഭിക്കുന്ന സമയത്ത് സ്വകാര്യപമ്പുകളില്‍നിന്നു ഡീസല്‍ നിറയ്ക്കുന്നതിനു കെഎസ്ആര്‍ടിസിക്കു തടസമുണ്ടാകില്ല.


ബള്‍ക്ക് കണ്‍സ്യൂമര്‍ എന്ന നിലയില്‍ ഭാവിയില്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ കെഎസ്ആര്‍ടിസി സ്വീകരിക്കുന്നതിനു തീരുമാനിച്ചിട്ടുണ്ട്. ഇതിനായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിങ്ങനെ മൂന്നു സോണുകളായി തിരിച്ചായിരിക്കും ഇനി എണ്ണക്കമ്പനികളില്‍നിന്നു ഡീസല്‍ വാങ്ങുകയും പണമടയ്ക്കുകയും ചെയ്യുക.

പുതിയ പദ്ധതികള്‍ ഉടന്‍: മന്ത്രി തിരുവഞ്ചൂര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ലാഭത്തിലാക്കുന്നതിനുള്ള ഊര്‍ജിത പരിപാടികളുമായി മുന്നോട്ടുപോകുകയാണെന്ന്് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ദീപികയോടു പറഞ്ഞു.

കെഎസ്ആര്‍ടിസിയില്‍ പാഴ്സല്‍ സര്‍വീസും കൊറിയര്‍ സര്‍വീസും ആരംഭിക്കുന്ന പദ്ധതി അന്തിമഘട്ടത്തിലാണ്. ഇതുമായി ബന്ധപ്പെട്ട് കമ്പനികളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഓണത്തിനുമുമ്പ് രണ്ടു മാസത്തെ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. 400 ജന്റം ബസുകള്‍ റൂട്ടില്‍ എത്തിക്കുന്നതിനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുകയാണ്. 1500 ബസുകള്‍ റീപ്ളേസ് ചെയ്യുന്നതിനുള്ള നടപടികളും ആരംഭിച്ചതായും അദ്ദേഹം പറ ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.