സിഎക്കാരനെ തട്ടിക്കൊണ്ടുപോയ സംഭവം: മുഖ്യപ്രതിയെ റിമാന്‍ഡ് ചെയ്തു
സിഎക്കാരനെ തട്ടിക്കൊണ്ടുപോയ സംഭവം: മുഖ്യപ്രതിയെ റിമാന്‍ഡ് ചെയ്തു
Monday, September 15, 2014 12:21 AM IST
കോട്ടയം: ചാര്‍ട്ടേഡ് അക്കൌണ്ടന്റിനെ തട്ടിക്കൊണ്ടുപോയി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പിടിയിലായ മുഖ്യപ്രതി കാസര്‍ഗോഡ് ഉളുവര്‍ ദേശം കൊടുവ അബ്ദുള്‍ ഖാദറിനെ (35) കോടതി റിമാന്‍ഡു ചെയ്തു. കോട്ടയം ഡിവൈഎസ്പി വി. അജിത്, വെസ്റ് സിഐ സക്കറിയ മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉളുവയില്‍നിന്നാണു പ്രതിയെ പിടികൂടിയത്. കാസര്‍ഗോഡ്, മംഗലാപുരം, ബാംഗളൂര്‍, എറണാകുളം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണു സംഘം പ്രവര്‍ത്തിക്കുന്നത്. ഈസംഘത്തിനു മോചനദ്രവ്യമായി ലഭിക്കുന്ന തുക അബ്ദുല്‍ ഖാദറിന്റെ അക്കൌണ്ടിലാണു നിക്ഷേപിച്ചിരുന്നത്. ക്വട്ടേഷന്‍ സംഘത്തിന്റെ സാമ്പത്തിക ഇടപാടു മുഴുവന്‍ ഇയാളാണു നിയന്ത്രിച്ചിരുന്നത്. വിവിധ ബാങ്കുകളിലായി 10ല്‍പ്പരം അക്കൌണ്ട് അബ്ദുള്‍ ഖാദറിന്റെ പേരിലുണ്ട്. വിദേശത്തുംനിന്നും സ്വദേശത്തുനിന്നുമായി 10 ലക്ഷത്തില്‍പരം തുക ഓരോമാസവും ഇയാളുടെ അക്കൌണ്ടില്‍ എത്തുന്നുണ്െടന്നു പോലീസ് കണ്െടത്തിയിട്ടുണ്ട്.

കഴിഞ്ഞമാസം 29നാണു കോട്ടയം ചുങ്കം സ്വദേശിയായ ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്റിനെ കാറിലെത്തിയസംഘം തട്ടിക്കൊണ്ടുപോയത്. തിരുനക്കര അമ്പലത്തിനു സമീപത്തുനിന്നും സിഎക്കാരന്‍ വന്ന കാര്‍ തടഞ്ഞുനിര്‍ത്തി ഇവര്‍ കാറില്‍ കയറ്റിക്കൊണ്ടു പോകുകയായിരുന്നു. കൊച്ചിയില്‍ എത്തിച്ചശേഷം കാസര്‍ഗോഡിനു കൊണ്ടുപോയി. അവിടെ ഒരു ലോഡ്ജില്‍ ബന്ധനസ്ഥനാക്കി. തുടര്‍ന്നു അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു വീട്ടിലേക്കു ഫോണ്‍ ചെയ്യുകയായിരുന്നു. പല തവവണയായി 15ലക്ഷത്തോളം രൂപ ഈ സംഘം സിഎക്കാരനില്‍നിന്നും ബ്ളാക്ക് മെയിലിംഗ് ചെയ്തു തട്ടിയെടുത്തിട്ടുണ്ട്. സംഭവത്തില്‍ കാസര്‍ഗോഡ് ധര്‍മ്മത്തടുക്ക കാരിക്കുണ്ട് മുഹമ്മദ് അഷറഫ് (കൊച്ചി അഷറഫ് 30), ചെറുവാട് കടപ്പുറം ഫിഷറീസ് കോളനിയില്‍ കരാട്ടെ ഹസനാര്‍ (47), ഫോര്‍ട്ടുകൊച്ചി പുളിക്കല്‍ ഗോഡ്സണ്‍ (യേശുദാസ് ഗോഡ്സണ്‍ ലാസര്‍ 32) എന്നിവരെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. അന്വേഷണസംഘത്തില്‍ കോട്ടയം വെസ്റ് എസ്ഐ ടി.ആര്‍. ജിജു, എഎസ്ഐമാരായ മാത്യൂ, ശ്രീരംഗന്‍ ഷാഡോ പോലീസ് എസ്ഐ പി.സി. വര്‍ഗിസ്, പോലീസുകാരായ പി.എന്‍. മനോജ്, സജികുമാര്‍ എന്നിവരുമുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.