അഡ്വ. ഹാരിസ് ബീരാനോടു ലീഗ് നേതൃത്വം വിശദീകരണം തേടി
Monday, September 15, 2014 12:23 AM IST
മലപ്പുറം: ബാറുടമകള്‍ക്കായി സുപ്രീംകോടതിയില്‍ ഹാജരായതിനു ലീഗ് പോഷകസംഘടനയായ കെഎംസിസിയുടെ ഡല്‍ഹി യൂണിറ്റ് പ്രസിഡന്റ് അഡ്വ.ഹാരിസ് ബീരാനോടു മുസ്ലിം ലീഗ് വിശദീകരണം തേടി. ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദര ലി ശിഹാബ് തങ്ങളാണു വിശദീകരണം ചോദിച്ചത്. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ സഹോദരനും ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗവുമായ മുന്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ അഡ്വ.വി.കെ. ബീരാന്റെ മകനാണു ഹാരിസ്.

മദ്യത്തിനെതിരേ ലീഗ് ശക്തമായ നിലപാടു സ്വീകരിച്ചിരിക്കെ ബാറുടമകള്‍ക്കായി ഹാരിസ് കോടതിയിലെത്തിയതു വിവാദമായിരുന്നു.ബാറുടമകള്‍ നല്‍കിയ ഹര്‍ജികളിലൊന്നില്‍ മുതിര്‍ന്ന അഭിഭാഷകര്‍ക്കൊപ്പമാണു സര്‍ക്കാരിനെതിരേ ഹാരിസ് ബീരാന്‍ ഹാജരായത്. ഇതിനെതിരേ ലീഗില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് നേതാവായ കപില്‍ സിബല്‍ ബാറുടമകള്‍ക്കായി ഹാജരായേക്കുമെന്ന സൂചനയെത്തുടര്‍ന്നു കെപിസിസി നേതൃത്വം ഇതിനെതിരേ ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നു. ഇത്തരമൊരു ജാഗ്രത പാര്‍ട്ടിയും കാണിക്കണമായിരുന്നുവെന്നു ലീഗിനുളളില്‍ തന്നെ അഭിപ്രായമുയര്‍ന്ന സാഹചര്യത്തിലാണു നേതൃത്വം വിശദീകരണം തേടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.