കാര്‍ഷിക വിവരസങ്കേതം വിരല്‍തുമ്പില്‍; ആത്മ കോള്‍സെന്ററുകള്‍ ആരംഭിക്കുന്നു
Tuesday, September 16, 2014 12:07 AM IST
ജോണ്‍സണ്‍ വേങ്ങത്തടം

തൊടുപുഴ: കാര്‍ഷിക വികസനരംഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ആത്മ കോള്‍ സെന്ററുകള്‍ വരുന്നു. കാര്‍ഷിക വിവര സങ്കേതം ഒരു വിരല്‍തുമ്പില്‍” എന്ന് നാമകരണം ചെയ്തിരിക്കുന്ന പദ്ധതി നടത്തിപ്പിനായി അഞ്ചു കോടിരൂപ അനുവദിക്കാന്‍ കൃഷിവകുപ്പു ഡയറക്ടര്‍ ഡോ. രാജന്‍ ഖോബ്രഗടെ ശിപാര്‍ശ ചെയ്തു. സ്മോള്‍ ഫാര്‍മേഴ്സ് അഗ്രി ബിസിനസ് കണ്‍സോര്‍ഷ്യം(എസ്എഫ്എസി) മാനേജിംഗ് ഡയറക്ടറോടാണ് അഞ്ചു കോടിക്കു ശിപാര്‍ശ ചെയ്തിരിക്കുന്നത്.

പൊതുവായതും പ്രത്യേകതരത്തിലുള്ളതുമായ വിവരങ്ങള്‍ കര്‍ഷകര്‍ക്കു കൈമാറുന്നതിനായി ഏകജാലക സംവിധാനം കൊണ്ടുവരുകയാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. കൃഷിക്കാര്‍ക്കും പൊതുജനങ്ങള്‍ക്കുമായിഏകീകൃത കോള്‍ സെന്ററുകളും അഗ്രികള്‍ച്ചറല്‍ ഇന്‍ഫര്‍മേഷന്‍ ഹബ്ബും ആരംഭിക്കും. നിലവിലുള്ള നോളജ് മാനേജ്മെന്റ് സിസ്റത്തെ ശക്തിപ്പെടുത്തും. വിളനാശം പോലുള്ള അവശ്യഘട്ടങ്ങളില്‍ കര്‍ഷകര്‍ക്കു കൌണ്‍സലിംഗ് നല്‍കും. ഗുണഭോക്താക്കളായ കര്‍ഷകരുടെ പ്രവര്‍ത്തനങ്ങളും വിവരങ്ങളും ശേഖരിച്ച് സൂക്ഷിക്കുക, പദ്ധതിയുടെ പ്രതികരണം ഗുണഭോക്താക്കളില്‍ നിന്നു ശേഖരിക്കുക, ഗുണഭോക്താക്കളായ കര്‍ഷകരുമായി കൂട്ടായ ചര്‍ച്ചകള്‍ നടത്തുക, ഓണ്‍ലൈന്‍ സര്‍വേ നടത്തുക തുടങ്ങിയവ പദ്ധതിയുടെ ലക്ഷ്യമാണ്.

പൂര്‍ണമായും കേന്ദ്രപദ്ധതിയായ ആത്മ (അഗ്രികള്‍ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി), കേരളത്തിലെ കര്‍ഷകര്‍ക്കുവേണ്ട പരിശീലനം, കാര്‍ഷികരംഗത്തു ഗവേഷണപദ്ധതി, കൃഷിയിലെ യന്ത്രവത്കരണം ഉള്‍പ്പെടെ ആധുനിക സാങ്കേതികവിദ്യയില്‍വരെ പരിശീലനം നല്‍കുന്ന പദ്ധതിയാണ്. കൃഷി, ക്ഷീരവികസനം, മൃഗസംരക്ഷണം, മണ്ണു സംരക്ഷണം തുടങ്ങിയ മേഖലകളിലെ വികസനമാണ് ആത്മ ലക്ഷ്യം വയ്ക്കുന്നത്. സംസ്ഥാനത്ത് ജോയിന്റ് ഡയറക്ടറാണ് നോഡല്‍ ഓഫീസറായി മേല്‍നോട്ടം വഹിക്കുന്നത്. ജില്ലാതലത്തില്‍ ഡെപ്യൂട്ടി ഡയറക്ടറും ബ്ളോക്ക് തലത്തില്‍ കൃഷി അസിസ്റന്റ് ഡയറക്ടര്‍ക്കുമാണ് മേല്‍നോട്ടം. ഈമേഖലയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെയും മാതൃകാ കര്‍ഷകരെയും ഉള്‍പ്പെടുത്തി 20 അംഗ മാനേജ്മെന്റ് കമ്മിറ്റിയാണ് ബ്ളോക്ക് തലത്തില്‍ പ്രോജക്ടുകള്‍ ശിപാര്‍ശ ചെയ്യുന്നത്.


തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് ആത്മ കോള്‍സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാ ബ്ളോക്ക് ജില്ലാ കേന്ദ്രങ്ങളുമായി ഇതിനെബന്ധപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്താകെ നല്‍കാവുന്ന വിവരങ്ങള്‍ ഓരോ കര്‍ഷകനും ഉടന്‍ ലഭിക്കും. ജില്ലാബ്ളോക്ക് ഓഫീസുകളില്‍നിന്നു ലഭിക്കേണ്ടവ അവിടങ്ങളിലേക്കു കൈമാറും. പ്രാദേശികമായി ലഭ്യമാകുന്ന സാങ്കേതികസഹായവും വിദഗ്ധരുടെ സേവനവും ആത്മ കോള്‍സെന്റര്‍ വഴി അറിയാനാകും. ഓരോ വിളയുടെയും കൃഷിരീതികള്‍, കീടനിയന്ത്രണോപാധികള്‍, വിപണനസാധ്യതകള്‍ എന്നിവയെല്ലാം കര്‍ഷകര്‍ക്ക് ഒരു വിളിയിലൂടെ അറിയാനാകും. സ്മോള്‍ ഫാര്‍മേഴ്സ് അഗ്രിബിസിനസ് കണ്‍സോര്‍ഷ്യമാണ് ആത്മ കോള്‍സെന്റര്‍ നടപ്പാക്കുന്നത്. ഇതിന്റെ പ്രാരംഭനടപടികള്‍ തുടങ്ങിക്കഴിഞ്ഞതിന്റെ ഭാഗമായിട്ടാണ് അഞ്ചു കോടി നീക്കിവയ്ക്കുന്നത്. പൂര്‍ണരീതിയില്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ കൃഷിവകുപ്പ് ഡയറക്ടറേറ്റ് നേരിട്ട് കോള്‍സെന്ററിന്റെ നിയന്ത്രണം ഏറ്റെടുക്കാനാണു സാധ്യത. കോള്‍സെന്ററിനാവശ്യമായ ജീവനക്കാരെ നിയമിക്കുന്നതേയുള്ളൂ.

കേരളത്തില്‍ കിസാന്‍ കോള്‍സെന്റര്‍ എന്നപേരില്‍ നേരത്തേ ഇന്ത്യന്‍ ഫാര്‍മേഴ്സ് ഫെര്‍ട്ടിലൈസര്‍ കോ ഓപ്പറേറ്റീവ് ലിമിറ്റഡ് (ഇഫ്കോ) ഈ സംവിധാനം പരീക്ഷിച്ചിരുന്നു. തൃശൂരിലായിരുന്നു ആസ്ഥാനം. ഇതു വേണ്ടത്ര വിജയിച്ചില്ല. കര്‍ഷകരുടെ സംശയങ്ങള്‍ക്കു മറുപടി നല്‍കാന്‍ മലയാളി ജീവനക്കാര്‍ കുറഞ്ഞതാണ് കിസാന്‍ കോള്‍ സെന്ററിന്റെ പരാജയത്തിനു കാരണമായത്. കര്‍ഷകരുടെ വിളി കുറഞ്ഞതോടെ ഇതിന്റെ പ്രവര്‍ത്തനം തൃശൂരില്‍നിന്ന് ഹൈദരാബാദിലേക്കു മാറ്റി. ഇപ്പോഴും കിസാന്‍ കോള്‍സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേന്ദ്രാവിഷ്കൃതപദ്ധതികളും കര്‍ഷകര്‍ക്കു ലഭ്യമാകുന്ന സഹായങ്ങളുമാണ് പ്രധാനമായും ഇതുവഴി ലഭിക്കുക. കിസാന്‍ കോള്‍സെന്ററിന്റെ മാതൃകയിലാണ് ആത്മ കോള്‍സെന്ററും തുടങ്ങിയത്. ഇതില്‍ പദ്ധതികളും സ്കീമുകളും അറിയിക്കുന്നതിനൊപ്പം കൃഷിഭവന്റെ പ്രവര്‍ത്തനം കര്‍ഷകരില്‍ നേരിട്ടെത്തിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട്. കോള്‍സെന്ററിലേക്കു വിളിക്കുന്ന കര്‍ഷകനു പ്രാഥമികവിവരങ്ങള്‍ക്കൊപ്പം സഹായംകിട്ടുന്നതിനു സമീപിക്കേണ്ട സ്ഥലവും കാണേണ്ട വ്യക്തിയെയും അറിയാനാവും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.