ചെയ്തതും ചെയ്യേണ്ടതും
ചെയ്തതും ചെയ്യേണ്ടതും
Tuesday, September 16, 2014 12:12 AM IST
പാടങ്ങളില്‍ കണ്ണീര്‍മഴ പെയ്യുമ്പോള്‍ - 4 / ജോണ്‍സണ്‍ നൊറോണ

കുട്ടനാട്ടില്‍ നെല്ലുസംഭരണ ശാലകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ 1.82 കോടിയുടെ ഡിപിആര്‍ നല്കി. 1.09 കോടി റിലീസ് ചെയ്തു. റിലീസ് ചെയ്ത ഫണ്ടു മുഴുവനും വിനിയോഗിച്ചു. 65 താത്കാലിക നെല്ലുസംഭരണകേന്ദ്രത്തിനായിരുന്നു ഭരണാനുമതി ലഭിച്ചത്. ഇതില്‍ 40 എണ്ണം പൂര്‍ത്തിയായി. 25 എണ്ണത്തിന്റെ നിര്‍മാണം നടക്കുന്നു. കാര്‍ഷിക ജോലികളില്‍ യുവാക്കള്‍ക്കു പരിശീലനം നല്കാന്‍ 23 ലക്ഷം രൂപ വിനിയോഗിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടനാട്ടില്‍ അഗ്രി ക്ളിനിക്കല്‍ സ്ഥാപിക്കാന്‍ ഒരു കോടി റിലീസ് ചെയ്തു. ഇതില്‍ 64 ലക്ഷം രൂപ വിനിയോഗിച്ചു. ആത്മായുടെ കീഴില്‍ 11 അഗ്രിക്ളിനിക്കുകള്‍ സ്ഥാപിച്ചു. പുറക്കാട് കരിയില്‍ 28 ഹെക്ടറില്‍ കാര്‍ഷിക ആനുകൂല്യവും അടിസ്ഥാന സൌകര്യവികസനവും നടപ്പിലാക്കി. നാളികേര വികസന ബോര്‍ഡിന്റെ നേതൃത്വത്തില്‍ , ഉത്പാദന ക്ഷമത കുറഞ്ഞതും രോഗബാധയുള്ളതുമായ തെങ്ങ് വെട്ടിമാറ്റി പുതിയവ വച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് 11.91 കോടി രൂപ വിനിയോഗിച്ചു. 5875 ഹെക്ടറില്‍ പദ്ധതി നടപ്പാക്കി. നാളികേരത്തിന്റെ ഉത്പാദനവും ആരോഗ്യവും വര്‍ധിപ്പിക്കുന്നതിനായുള്ള നാളികേര പുനരുദ്ധാരണ പദ്ധതിക്കായി 3.2 കോടിയുടെ ഡിപിആര്‍ സര്‍ക്കാര്‍ നല്കി. ലോവര്‍ കുട്ടനാടിനു വേണ്ടി ഹോര്‍ട്ടികള്‍ച്ചര്‍ മിഷനുമായി ബന്ധപ്പെടുത്തി 2010-11 ല്‍ തെങ്ങുകൃഷിക്കായിട്ടായിരുന്നു പദ്ധതി സമര്‍പ്പിച്ചത്. അടുത്ത ബോര്‍ഡ് യോഗത്തില്‍ പദ്ധതി അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്നു പറഞ്ഞു അവസാനിപ്പിച്ചു. കൃഷി വകുപ്പ്, മത്സ്യബന്ധന വകുപ്പ്, കാര്‍ഷിക യൂണിവേഴ്സിറ്റി എന്നിവ സംയുക്തമായി കര്‍ഷകരെ പരിശീലിപ്പിച്ച് കഴിവു വര്‍ധിപ്പിക്കുന്ന പരിപാടിക്കായി 20 ലക്ഷം രൂപയുടെ ഡിപിആര്‍ ആണു സമര്‍പ്പിച്ചിരിക്കുന്നത്.

ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ പദ്ധതികള്‍

വിപണന അടിസ്ഥാനത്തിലും വിലനിര്‍ണയത്തിലും ഗ്രൂപ്പ് അടിസ്ഥാനത്തില്‍ പ്രോത്സാഹനം നല്കുന്നതിനു 14.56 കോടിയുടെ ഡിപിആറാണു സര്‍ക്കാര്‍ കേന്ദ്രത്തിനു സമര്‍പ്പിച്ചത്. ഇതില്‍ 9.32 കോടി രൂപ റിലീസ് ചെയ്തു. അത്രയും തുക തന്നെ വിനിയോഗിച്ചു.

കേരള കാര്‍ഷിക സര്‍വകലാശാല

പ്രാദേശിക പ്രാധാന്യമുള്ള ഗവേഷണം, പരിശീലനം, കാര്യശേഷി വര്‍ധിപ്പിക്കല്‍ എന്നിവയ്ക്കായി 11.17 കോടി രൂപ റിലീസ് ചെയ്തു. ഇതിന്റെ പദ്ധതികള്‍ നടന്നുവരുന്നു. കാര്‍ഷികയന്ത്രങ്ങളുടെ ഗവേഷണത്തിനും വികസനത്തിനും പരിശീലനത്തിനുമായുള്ള കേന്ദ്രം സ്ഥാപിക്കുന്നതിനു 2.43 കോടി റിലീസ് ചെയ്തു. തെങ്ങുകയറ്റ യന്ത്രത്തിന്റെ ഗവേഷണം വികസനം എന്നിവയ്ക്കായി 20 ലക്ഷം രൂപയുടെ ഡിപിആര്‍ സമര്‍പ്പിച്ചു. തമിഴ്നാട് യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത ഉപകരണത്തിന്റെ അനുയോജ്യത കുട്ടനാട്ടില്‍ പരീക്ഷിയ്ക്കാനും പദ്ധതിയുണ്ട്. കനാലിലെ പോള നീക്കം ചെയ്തു ഉപയോഗപ്പെടുത്തുന്ന പദ്ധതിക്കായി 2.55 കോടി വിനിയോഗിച്ചു. കേരള സര്‍വകലാശാലയുടെ കീഴിലുള്ള പദ്ധതികള്‍ക്കായി ഇതുവരെയും 16.17 കോടി രൂപ ചെലവഴിച്ചു.

മൃഗസംരക്ഷണ വകുപ്പ് പദ്ധതികള്‍

നിരണം താറാവു വളര്‍ത്തല്‍ കേന്ദ്രം വികസിപ്പിക്കല്‍ പദ്ധതി പൂര്‍ത്തിയാക്കി. താറാവുകള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷയും പ്രീമിയത്തില്‍ സബ്സിഡിയും നല്കാന്‍ അഞ്ചുലക്ഷം രൂപ അനുവദിച്ചു. 2000 പശുക്കളെ ഇറക്കുമതി ചെയ്തു. 1000 പശുക്കിടാവുകള്‍ക്ക് ആഹാരത്തിന്റെ സബ്സിഡിക്കുള്ള തുക വിനിയോഗിച്ചു. 85,240 പശുക്കള്‍ക്ക് കൃത്രിമ ബീജസങ്കലനം നടത്താന്‍ 1.27 കോടി രൂപ വിനിയോഗിച്ചു. കര്‍ഷകര്‍ക്കു 2648 ആടുയൂണിറ്റുകള്‍ നല്കി. 287 താറാവ് യൂണിറ്റുകളും വിതരണം ചെയ്തു. ഇതിനായി 1.46 കോടി രൂപ വിനിയോഗിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതികള്‍ക്കായി ആകെ 6.91 കോടി രൂപ വിനിയോഗിച്ചു.

മത്സ്യ ബന്ധന വകുപ്പ് പദ്ധതികള്‍

മത്സ്യബന്ധന വകുപ്പ് കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ട് ഇതുവരെ 81 ലക്ഷം രൂപ വിനിയോഗിച്ചു. 2010 ഫെബ്രുവരി രണ്ടിനാണ് ഭരണാനുമതി ആയത്. 1002 കര്‍ഷകര്‍ക്ക് പ്രയോജനപ്പെടും വിധം 95 ലക്ഷം മത്സ്യകുഞ്ഞുങ്ങളെയും 2.75 ലക്ഷം ചെമ്മീന്‍ കുഞ്ഞുങ്ങളെയും ശേഖരിച്ചു.


58 പാടശേഖരങ്ങളിലെ 2353 ഹെക്ടര്‍ പ്രദേശത്ത് വിന്യസിച്ചു. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ കരിമീനിന്റെയും ആറ്റുകൊഞ്ചിന്റെയും ഉത്പാദനക്ഷമത ജീവിത ചക്രപരമായ സമീപനത്തിലൂടെ വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതിക്കായി ഭരണാനുമതി ലഭിച്ചിരുന്നു. പക്ഷേ, നടപ്പിലാക്കിയല്ല. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ കൂടുകളില്‍ കരിമീന്‍കൃഷി നടത്തുന്നതിനു 10 സ്വയം സഹായ സംഘങ്ങള്‍ക്കു 50 കൂടുകള്‍ വീതമുള്ള 50 യൂണിറ്റുകള്‍ നല്കി. 40 ലക്ഷം രൂപ വിനിയോഗിച്ചു. മത്സ്യ-വിത്തുത്പാദന കേന്ദ്രങ്ങളില്‍ വളര്‍ത്തി വലുതാക്കിയ മത്സ്യക്കുഞ്ഞുങ്ങളെ പൊതുജലാശയങ്ങളില്‍ നിക്ഷേപിക്കുന്ന പദ്ധതി നടപ്പാക്കി. ഇതിനു 20 ലക്ഷം രൂപ വിനിയോഗിച്ചു. മത്സ്യ-വിത്തുത്പാദനകേന്ദ്രങ്ങള്‍ സ്ഥാപിച്ചു ആവശ്യാനുസരണം മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാന്‍ 15 ലക്ഷം രൂപ ഉപയോഗിച്ചു. മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നതിനും പോളച്ചിറ,ഇടത്തറ എന്നീ ഹാച്ചറികള്‍ ബലപ്പെടുത്തുന്നതിനും ആവശ്യമായ ഫണ്ട് ഫിഷറീസ് നല്കിയിട്ടുണ്ട്. ആറ്റുകൊഞ്ചിന്റെയും കരിമീനിന്റെയും അടിയന്തര പരിപാലന സംരക്ഷണ പദ്ധതി, അലങ്കാര മത്സ്യകൃഷി-ഗ്രൂപ്പ് അധിഷ്ഠിത പൊതുസംരംഭം, മത്സ്യത്തൊഴിലാളികള്‍ക്കായുള്ള ശീതികരണ സംഭരണ സംവിധാനം ഒരുക്കല്‍, മത്സ്യ-സംസ്കരണ കേന്ദ്രത്തില്‍ ആരോഗ്യവും ശുചിത്വവും പരിപാലിക്കാന്‍ മത്സ്യതൊഴിലാളികള്‍ക്കുള്ള പരിശീലനം എന്നീ പദ്ധതികളും നടപ്പിലാക്കിയതായി വകുപ്പ് അവകാശപ്പെടുന്നു. ഈ പദ്ധതികള്‍ക്കായി 62 ലക്ഷം രൂപ ഇതുവരെയും വിനിയോഗിച്ചു.

വനം വകുപ്പിന്റെ പദ്ധതികള്‍

വേമ്പനാട്ടു കായലിന്റെയും കായംകുളം കായലിന്റെയും തീരങ്ങളില്‍ കണ്ടല്‍ചെടികള്‍ വച്ചുപിടിപ്പിക്കല്‍ പദ്ധതി, വേമ്പനാട്ടു കായല്‍ഭാഗത്തെ ജൈവ വൈവിധ്യത്തെ സംരക്ഷിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി പാതിരാമണല്‍ കണ്ടല്‍ക്കാടുകളുടെ സംരക്ഷണ പദ്ധതി എന്നിവയ്ക്കായി 50 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. ഇതില്‍ മൂന്നുലക്ഷം റിലീസ് ചെയ്തു. 27 ലക്ഷം ഉപയോഗിച്ചു. 100000 കണ്ടല്‍ തൈകള്‍ വേമ്പനാട് ആവാസവ്യവസ്ഥയില്‍ നട്ടു പിടിപ്പിച്ചു. പൊതുജനബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു. കുട്ടനാട് മുഴുവനും ആലപ്പുഴയുടെ ബാക്കി ഭാഗങ്ങളിലും കനാലുകളിലെ പോള നീക്കം ചെയ്യാന്‍ 13.83 കോടി വിനിയോഗിച്ചു. ഈ പദ്ധതി സ്റേറ്റ് ഫിഷറീസ് റിസോഴ്സസ് മാനേജ്മെന്റ് സൊസൈറ്റി(ഫിര്‍മ)യാണു നടപ്പാക്കുന്നത്. 2,09,196 മീറ്റര്‍ ക്യൂബ് കള നീക്കം ചെയ്തു. 166 വെര്‍മി കംപോസ്റ്റ് യൂണിറ്റുകള്‍ സ്ഥാപിച്ചു. വെര്‍മി കംപോസ്റ്റ് ടെക്നോളജിയില്‍ 748 പേരെ പരിശീലിപ്പിച്ചു. കോട്ടയം കോടിമതയില്‍ ഒരു ബയോ ഗ്യാസ് പ്ളാന്റ് സ്ഥാപിച്ചു.

മറ്റു പദ്ധതികളും പ്രവര്‍ത്തനങ്ങളും

വീടുകള്‍ക്കു തനിച്ചോ ഗ്രൂപ്പായോ ഫെറോ സിമന്റ് സെപ്റ്റിക് ടാങ്കുകള്‍ നിര്‍മിക്കാനും, മഴവെള്ള സംഭരണത്തിനായുള്ള പദ്ധതിക്കും 2.5 കോടി വീതം റിപ്പോര്‍ട്ടില്‍ കാണിച്ചിട്ടുണ്ട്. 13-ാം ധനകാര്യ കമ്മീഷന്റെ ഫണ്ടുപയോഗിച്ചു പ്രോജക്ട് നടപ്പിലാക്കാന്‍ നിര്‍ദേശമുണ്ട്. വിനോദ സഞ്ചാര വിശ്രമകേന്ദ്രത്തിന്റെ നിലവാരം ഉയര്‍ത്തുക, കാര്‍ഷികാധിഷ്ഠിത വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്നിവയ്ക്കായി 0.5 കോടി റിലീസ് ചെയ്തു. ടൂറിസം വകുപ്പാണ് പദ്ധതി നടപ്പാക്കിവരുന്നത്. നെടുമുടിയിലുള്ള വിനോദ സഞ്ചാര കേന്ദ്രത്തിന്റെ നിലവാരം ഉയര്‍ത്തിയിട്ടുണ്ട്. 0.12 കോടി വിനിയോഗിച്ചു. കുട്ടനാടിന്റെ ജൈവവൈവിധ്യം മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ 13-ാം ധനകാര്യ കമ്മീഷനു സമര്‍പ്പിക്കുകയും 300 കോടി രൂപ വകയിരുത്തുകയും ചെയ്തു. ഇതില്‍ 158.07 കോടി റിലീസ് ചെയ്തു. 118.13 കോടി വിനിയോഗിച്ചു. കുട്ടനാടിനെ പ്രത്യേക കാര്‍ഷിക മേഖലയായി പ്രഖ്യാപിക്കണമെന്ന കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 15 കോടി അനുവദിച്ചിരുന്നു. പക്ഷേ, പ്രഖ്യാപനം ഉണ്ടായില്ല. കുട്ടനാട് പാക്കേജിനു ആകെ 1840.75 കോടി മുടക്കുള്ള ജോലികള്‍ക്കാണു കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും കേന്ദ്രം അനുവദിച്ചതും. എന്നാല്‍ 382.15 കോടി മാത്രമാണ് ഇതുവരെ സംസ്ഥാനം വിനിയോഗിച്ചത്. (തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.