സിപിഎം സര്‍വേ സംശയാസ്പദം: സുധീരന്‍
Tuesday, September 16, 2014 12:15 AM IST
തിരുവനന്തപുരം: സാമൂഹ്യ സാമ്പത്തിക വിവരശേഖരണത്തിന് എന്നതിന്റെ മറവില്‍ സിപിഎം പ്രഖാപിച്ചിരിക്കുന്ന സര്‍വേ യഥാര്‍ഥത്തില്‍ ജാതി-മത-വര്‍ഗീയ രാഷ്ട്രീയത്തിനു ശക്തി പകരാനേ സഹായിക്കുകയുള്ളുവെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. കേരളത്തിന്റെ വികസനത്തിന്റെയും സാമൂഹ്യ സാമ്പത്തിക വിവരങ്ങളുടെയും പൂര്‍ണ രൂപം ലഭ്യമാണ്. എന്നിട്ടും ഇതിന്റെ പേരില്‍ സര്‍വേയ്ക്ക് ഇറങ്ങിത്തിരിച്ചിരിക്കുന്ന സിപിഎമ്മിന്റെ നടപടി സംശയാസ്പദമാണെന്ന് അദ്ദേഹം പറഞ്ഞു.

മതനിരപേക്ഷതയ്ക്കായി നിലകൊള്ളുന്നവരാണു കമ്യൂണിസ്റുകാരെന്ന അവകാശവാദം വീടുകയറി ജാതിയും മതവും ചോദിക്കുന്നതോടെ പൂര്‍ണമായും ഇല്ലാതാകും. രാഷ്ട്രീയ പാര്‍ട്ടികള്‍ ജാതി- മത സര്‍വേയ്ക്ക് ഇറങ്ങിത്തിരിക്കുന്നതു മതമൌലികവാദികള്‍ക്കു പ്രോത്സാഹനവും ആവേശവും നല്‍കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പ്രത്യേകിച്ചും ജാതി-മത ചിന്തകളെയും മതമൌലികവാദത്തെയും പ്രോല്‍സാഹിപ്പിച്ചു ജനാധിപത്യശക്തികളെ ഭിന്നിപ്പിച്ച് നരേന്ദ്ര മോദി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍.


വര്‍ഗീയതയ്ക്കും ജാതി- മത ചിന്തകള്‍ക്കും മതമൌലികവാദത്തിനുമെതിരെ ജനാധിപത്യ മതേതരത്വ ശക്തികള്‍ യോജിച്ചുനിന്ന് അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട ഈ കാലഘട്ടത്തില്‍ സിപിഎം പ്രഖ്യാപിച്ചിരിക്കുന്ന ജാതി-മത സര്‍വേ ജനാധിപത്യ മതേതര വിശ്വാസികള്‍ ആശങ്കയോടെയാണു കാണുന്നത്. ജാതിയും മതവും വ്യക്തിപരമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളും ആരാഞ്ഞുകൊണ്ടുള്ള സര്‍വേകള്‍ വ്യക്തികളുടെ സ്വകാര്യതയിന്മേലുള്ള കടന്നുകയറ്റവും ഒരു പരിഷ്കൃത സമൂഹത്തിനു യോജിക്കാത്തതുമാണ്.

ബിജെപിയുടെയും സംഘപരിവാര്‍ സംഘടനയുടെയും വര്‍ഗീയ തേര്‍വാഴ്ചയ്ക്കെതിരേ ജനാധിപത്യ മതേതര ശക്തികളെ ഒന്നിച്ചണിനിരത്തേണ്ട ഈ കാലഘട്ടത്തില്‍ വര്‍ഗീയതയെ പ്രത്യക്ഷമായും പരോക്ഷമായും പ്രോല്‍സാഹിപ്പിക്കുന്ന നടപടികളില്‍ നിന്നു സിപിഎം പിന്തിരിയണമെന്നു സുധീരന്‍ അഭ്യര്‍ഥിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.