ഒഴിവുകള്‍ 20, എത്തിയത് 1000 പേര്‍; സംഘര്‍ഷത്തെത്തുടര്‍ന്ന് അഭിമുഖം ഉപേക്ഷിച്ചു
Tuesday, September 16, 2014 12:16 AM IST
തിരുവനന്തപുരം: വിമാനത്താവളങ്ങളിലേക്ക് ആരോഗ്യ പ്രവര്‍ത്തകരെ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനു നടത്തിയ അഭിമുഖം ഉദ്യോഗാര്‍ഥികളുടെ ബാഹുല്യം മൂലം ഉപേക്ഷിച്ചു.

തിരുവനന്തപുരം, കരിപ്പൂര്‍ വിമാനത്താവളങ്ങളിലേക്കു ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവരെ ആറു മാസത്തേക്കു നിയമിക്കുന്നതിനാണ് എയര്‍പോര്‍ട്ട് അഥോറിറ്റിയുടെ നിര്‍ദേശ പ്രകാരം കേന്ദ്ര ആരോഗ്യമന്ത്രാലയം റീജണല്‍ ഡയറക്ടര്‍ അഭിമുഖം നടത്തിയത്. 20 ഒഴിവുകളിലേക്ക് ആയിരത്തിലധികം ഉദ്യോഗാര്‍ഥികള്‍ എത്തിയതാണു പ്രശ്നത്തിനു കാരണമായത്. തുടര്‍ന്ന് എയര്‍പോര്‍ട്ട് അഥോറിറ്റി അഭിമുഖം റദ്ദാക്കി.


സെക്യൂരിറ്റി ജീവനക്കാര്‍ നല്‍കിയ ടോക്കണിന്റെ അടിസ്ഥാനത്തില്‍ അഭിമുഖം നടക്കാത്തതാണു സംഘര്‍ഷത്തിലേക്കു നയിച്ചത്. ആദ്യം ടോക്കണ്‍ നല്കിയവരെ പരിഗണിക്കാതെ തങ്ങള്‍ക്കുശേഷം ടോക്കണ്‍ ലഭിച്ചവരുടെ അഭിമുഖം ആദ്യം നടത്തിയതായി ആരോപിച്ച് ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധിച്ചു. ഇതേത്തുടര്‍ന്നാണ് ഇന്റര്‍വ്യൂ റദ്ദാക്കിയത്. ഇനി എഴുത്തുപരീക്ഷ നടത്താനും തീരുമാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.