കര്‍ഷകര്‍ക്കു പ്രതീക്ഷയേകി പൈനാപ്പിള്‍ വില ഉയരുന്നു
കര്‍ഷകര്‍ക്കു പ്രതീക്ഷയേകി പൈനാപ്പിള്‍ വില ഉയരുന്നു
Tuesday, September 16, 2014 12:18 AM IST
മൂവാറ്റുപുഴ: കര്‍ഷകര്‍ക്കു പ്രതീക്ഷയേകി പൈനാപ്പിള്‍ വില വര്‍ധിച്ചു. ഒരാഴ്ച മുമ്പ് കിലോയ്ക്ക് 15 രൂപയിലേക്കു വില കൂപ്പുകുത്തിയതോടെ കര്‍ഷകര്‍ ആശങ്കയിലായിരുന്നു. എന്നാല്‍, രണ്ടു ദിവസമായി വിലയില്‍ ഗണ്യമായ വര്‍ധനയാണുണ്ടായിരിക്കുന്നത്. പഴം പൈനാപ്പിള്‍ ഇന്നലെ വാഴക്കുളം മാര്‍ക്കറ്റില്‍ കിലോയ്ക്ക് 30 രൂപ മുതല്‍ 32 രൂപ വരെ നിരക്കിലാണു വ്യാപാരം നടന്നത്. പച്ചയ്ക്ക് 25 രൂപയായിരുന്നു വില. പൈനാപ്പിള്‍ കൂടുതലായി കയറ്റി അയയ്ക്കുന്ന അയല്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയാണു വിലയിടിയാന്‍ കാരണമായത്.

ഇതിനു പുറമേ ഉത്പാദനം വര്‍ധിച്ചതും വിലയെ കാര്യമായി ബാധിച്ചിരുന്നു. കഴിഞ്ഞ ദിവസം മുതല്‍ വാഴക്കുളം മാര്‍ക്കറ്റില്‍ പൈനാപ്പിള്‍ വരവും കുറഞ്ഞിട്ടുണ്ട്. ഓണവിപണി ലക്ഷ്യമിട്ടുള്ള വിളവെടുപ്പു പൂര്‍ത്തിയായതാണു വരവു കുറയാന്‍ കാരണം. അടുത്തയാഴ്ചയോടെ അടുത്തഘട്ടം വിളവെടുപ്പ് ആരംഭിക്കും. ഇതോടെ വീണ്ടും വിലയിടിയുമോയെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. റബര്‍ വിലിയിടിവിനു പിന്നാലെ പൈനാപ്പിളിനും കുത്തനെ വിലയിടിഞ്ഞതു മേഖലയിലെ കര്‍ഷകരെ ഏറെ ദുരിതത്തിലാക്കിയിരുന്നു. ഓണക്കാലത്ത് പൈനാപ്പിളിനു വന്‍ ഡിമാന്‍ഡുണ്ടാകുമെന്നും ഇതു വിലവര്‍ധനയ്ക്കു കാരണമാകുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍. ഈ സീസണില്‍ വിളവെടുക്കുന്നതിനായി ഉത്പാദനം നടത്തിയ കര്‍ഷകര്‍ക്കു വിലയിടിവുമൂലം വന്‍ നഷ്ടമുണ്ടായിരുന്നു. മുംബൈ, ഡല്‍ഹി, നാഗ്പുര്‍, അഹമ്മദാബാദ്, സൂററ്റ്, ചെന്നൈ തുടങ്ങിയ മാര്‍ക്കറ്റുകളിലേക്കാണ് വാഴക്കുളത്തു നിന്നു പൈനാപ്പിള്‍ കൂടുതലായും കൊണ്ടുപോകുന്നത്. ഇതിനു പുറമേ നിരവധി വിദേശ രാജ്യങ്ങളിലേക്കും വാഴക്കുളം പൈനാപ്പിള്‍ കയറ്റി അയയ്ക്കുന്നുണ്ട്. ജാം, സ്ക്വാഷ്, ജൂസ് ഇനത്തിലും ഏറെ കയറ്റുമതി പ്രാധാന്യമുള്ള പഴ വര്‍ഗങ്ങളിലൊന്നാണ് പൈനാപ്പിള്‍. ആയിരക്കണക്കിനു ചെറുകിട കര്‍ഷകരാണ് പൈനാപ്പിള്‍ കൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്നത്. അന്യസംസ്ഥാന തൊഴിലാളികളുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ക്കു പ്രത്യക്ഷമായും നിരവധിപേര്‍ക്കു പരോക്ഷമായും തൊഴിലും ലഭിക്കുന്നുണ്ട്. നേരത്തേ പൈനാപ്പിള്‍ വില ഗണ്യമായി ഇടിഞ്ഞതിനെത്തുടര്‍ന്ന് നടുക്കര പൈനാപ്പിള്‍ ഫാക്ടറിയില്‍ പൈനാപ്പിള്‍ സംഭരണം ആരംഭിച്ചിരുന്നു. ഇതു മാര്‍ക്കറ്റില്‍ ചലനം സൃഷ്ടിക്കാന്‍ ഇടയാക്കിയിരുന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.