രണ്ടു തലമുറകളുടെ സംഗമമായി കെസിവൈഎം പരിപാടി
Tuesday, September 16, 2014 12:26 AM IST
പറവൂര്‍: കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ 60 വയസിനു മുകളില്‍ പ്രായമായ മാതാപിതാക്കളോടൊപ്പം ഓണാഘോഷം സംഘടിപ്പിച്ചു. ഓണപ്പുലരി എന്ന പേരില്‍ കോട്ടപ്പുറം രൂപതയിലെ ഗോതുരുത്ത് കടല്‍വാതുരുത്ത് ഹോളിക്രോസ് ഇടവകയില്‍ നടത്തിയ ഓണാഘോഷം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി ഉദ്ഘാടനം നിര്‍വഹിച്ചു.

എളിമയുടെയും നന്മയുടെയും പാഠം മലയാളിക്ക് സമ്മാനിക്കുന്ന ഓണം എന്ന ഓര്‍മ എന്നും ഗൃഹാതുരത്വം ഉളവാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. മദ്യം എന്ന മഹാവിപത്ത് ഒഴിവാക്കാനുള്ള നടപടി കൈക്കൊണ്ട സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ജനങ്ങള്‍ക്കുള്ള ഓണസമ്മാനമാണ്. സമ്പൂര്‍ണ മദ്യനിരോധനമെന്ന തീരുമാനത്തില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഒരു കാരണവശാലും പിന്നോട്ടുപോകരുതെന്നും ബിഷപ് ആവശ്യപ്പെട്ടു.


പ്രായത്തിന്റെ അവശതകള്‍ മറന്ന് വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത മാതാപിതാക്കള്‍ ഓണപ്പുലരിയുടെ പകിട്ട് വര്‍ധിപ്പിച്ചു. രാജ്യത്തിനും കുടുംബത്തിനും വേണ്ടി തങ്ങളുടെ ജീവിതം വിനിയോഗിച്ച് വാര്‍ധക്യത്തില്‍ എത്തിയ 80 വയസിനു മുകളില്‍ പ്രായമായ മാതാപിതാക്കള്‍ക്ക് ബിഷപ് ഓണസമ്മാനം നല്‍കി. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് റെനി രാജ് തേവര്‍തോട്ടത്തില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടര്‍ റവ. ഡോ. മാത്യു ജേക്കബ് തിരുവാലില്‍, ജനറല്‍ സെക്രട്ടറി പി.എഫ്. ലോറന്‍സ്, ഫാ. ജോബി കല്ലറക്കല്‍, ഫാ. ജിജു അറക്കത്തറ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.