മുഖപ്രസംഗം: കൊച്ചി കപ്പല്‍ശാല ഉയരങ്ങളിലേക്ക്
Wednesday, September 17, 2014 12:01 AM IST
കൊച്ചി കപ്പല്‍ശാലയുടെ വിപുലീകരണത്തിനും നവീകരണത്തിനുമായി കേന്ദ്രസര്‍ക്കാര്‍ വലിയൊരു പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്. മേക്ക് ഇന്‍ ഇന്ത്യ(ഇന്ത്യയില്‍ നിര്‍മിക്കുക) എന്ന പുതിയ കേന്ദ്ര സര്‍ക്കാര്‍ നയത്തിന്റെ ഭാഗംകൂടിയാണു കൊച്ചി കപ്പല്‍ശാലയുടെ ഈ വികസനപരിപാടി. വന്‍ മുതല്‍മുടക്കുള്ള പല നിര്‍മാണപദ്ധതികള്‍ക്കും വിദേശ രാജ്യങ്ങളെയും വിദേശ കമ്പനികളെയുമൊക്കെ ആശ്രയിച്ചുപോരുന്ന സാഹചര്യം മാറ്റിയെടുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. 1200 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഡ്രൈഡോക്കാണു കൊച്ചി കപ്പല്‍ശാലയുടെ വികസനത്തിനുള്ള പ്രധാന പദ്ധതി. ഇതു പൂര്‍ത്തിയാകുന്നതോടെ ദ്രവീകൃത പ്രകൃതിവാതകം(എല്‍എന്‍ജി) കൊണ്ടുപോകാന്‍ പര്യാപ്തമായ വലിയ കപ്പലുകള്‍ ഇവിടെ നിര്‍മിക്കാനാവും. ഇന്ധനവാഹകക്കപ്പല്‍ കൂടാതെ മണ്ണുമാന്തിക്കപ്പലും വിദേശ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇവിടെ നിര്‍മിക്കാമെന്നു വരുന്നതോടെ ആഭ്യന്തര തൊഴില്‍ വൈദഗ്ധ്യം മെച്ചപ്പെടുത്താനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും സാധിക്കും. 3200 കോടി രൂപയുടെ വികസന, നിര്‍മാണ പദ്ധതികളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ആധുനിക ജലയാത്രാ വാഹനങ്ങളുടെയും ചരക്കുകപ്പലുകളുടെയും നിര്‍മാണത്തിന് ഇവിടെ സൌകര്യമൊരുക്കാനാവും. മൂന്ന് എല്‍എന്‍ജി സംഭരണ കപ്പലുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. ഓരോന്നിനും 1500 കോടി രൂപ വീതം ചെലവു പ്രതീക്ഷിക്കുന്നു. ഇതില്‍ ഒന്നാണു കൊച്ചി ഡ്രൈഡോക്കില്‍ നിര്‍മിക്കുന്നത്. ഇതാദ്യമായാണ് ഇത്തരമൊരു കപ്പലിന്റെ നിര്‍മാണം തദ്ദേശീയമായി നടക്കുക. വന്‍തോതില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. പെട്രോളിയം ഉത്പന്നങ്ങള്‍ക്കായി ഒമ്പതു കപ്പലുകള്‍ വേണമെന്നാണു പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. തുറമുഖങ്ങളോടു ചേര്‍ന്നു പ്രത്യേക സാമ്പത്തിക മേഖല രൂപവത്കരിക്കാനുള്ള നീക്കവും കൊച്ചി കപ്പല്‍ശാലയ്ക്കും സംസ്ഥാനത്തിനും പ്രയോജനകരമാകും.

ചരക്കു ഗതാഗതം പരമാവധി ജലമാര്‍ഗമാക്കുക എന്നതു കേന്ദ്രസര്‍ക്കാര്‍ മുന്‍ഗണന നല്‍കിയിട്ടുള്ള വിഷയമാണ്. ദേശീയ ജലഗതാഗത ഗ്രിഡിന്റെ രൂപവത്കരണംതന്നെ ഈ ലക്ഷ്യത്തോടെയാണ്. 4500 കിലോമീറ്റര്‍ ജലപാത വികസിപ്പിക്കുന്നതിനാണ് ഇപ്പോള്‍ പദ്ധതി തയാറാക്കിയിരിക്കുന്നത്. ഇതു പൂര്‍ത്തിയാവുമ്പോള്‍ ചരക്കു ഗതാഗതത്തിന്റെ നല്ലൊരു പങ്ക് ഇതിലൂടെ നിര്‍വഹിക്കാനാവും. ഉള്‍നാടന്‍ ജലഗതാഗതത്തിനാവശ്യമായ വാഹനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള സാങ്കേതികവിദ്യയും കൊച്ചി കപ്പല്‍ശാല കൈവരിക്കും.

പാരദീപ് പോര്‍ട്ടിനും ഡ്രെഡ്ജിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യക്കുംവേണ്ടി മണ്ണുമാന്തികള്‍ ഉണ്ടാക്കാനാനുള്ള ഓര്‍ഡറും കപ്പല്‍ശാലയ്ക്കു ലഭിച്ചിട്ടുണ്ട്. ഇതോടെ ഈ പൊതുമേഖലാ സ്ഥാപനത്തിന്റെ സാമ്പത്തികസ്ഥിതിയില്‍ ഗണ്യമായ നേട്ടമുണ്ടാകും. 1972ല്‍ തുടക്കംകുറിച്ച ഈ കേന്ദ്ര പൊതുമേഖലാ സ്ഥാപനം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വിറ്റുവരവിലും ലാഭത്തിലും പത്തു ശതമാനം വര്‍ധന രേഖപ്പെടുത്തുന്നുണ്െടങ്കിലും പുതിയ ഓര്‍ഡറുകള്‍ ലഭിക്കാത്തതു വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഷിപ്പിംഗ് വ്യവസായം പൊതുവേ അഭിമുഖീകരിക്കുന്ന പ്രതിസന്ധി കൊച്ചി കപ്പല്‍ശാലയെയും ബാധിച്ചു. എങ്കിലും നിലവിലുള്ള പല നിര്‍മാണ പദ്ധതികളുടെയും ബലത്തില്‍ പിടിച്ചുനില്‍ക്കാനായി.


അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിച്ചെങ്കില്‍ മാത്രമേ കപ്പല്‍ശാലയുടെ വികസനം ത്വരിതപ്പെടുത്താനാവൂ. വിവിധ കാലങ്ങളില്‍ കപ്പല്‍ശാലയുടെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുത്തവര്‍ ഇക്കാര്യം ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. കൊച്ചി കപ്പല്‍ശാലയുടെ വികസനം രാജ്യത്തിന്റെ പൊതുവികസനവുമായി അഭേദ്യമായി ബന്ധപ്പെട്ടതാണെന്ന തിരിച്ചറിവുണ്െടങ്കില്‍ മാത്രമേ അതിന്റെ വികസനത്തിനും നവീകരണത്തിനുമായി ആത്മാര്‍ഥമായ ശ്രമങ്ങള്‍ നടക്കുകയുള്ളൂ. ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ വളരെ അനുകൂലമായ നിലപാടാണു സ്വീകരിക്കുന്നതെന്നു കഴിഞ്ഞ ദിവസം കേന്ദ്ര ഷിപ്പിംഗ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നടത്തിയ പ്രഖ്യാപനത്തില്‍ വ്യക്തമാണ്. ഇനി മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഗതിവേഗമാണു നിരീക്ഷിക്കേണ്ടത്.

ഒരു കാലത്തു വലിയ പ്രതാപത്തോടെ കഴിഞ്ഞിരുന്ന കൊച്ചി കപ്പല്‍ശാലയുടെ കാര്യത്തില്‍ ചില തിരിച്ചടികള്‍ ഉണ്ടായിരുന്നു. ആധുനികവത്കരണത്തിന്റെ കാര്യത്തില്‍ കാണിച്ച താത്പര്യമില്ലായ്മ കപ്പല്‍ശാലയുടെ പ്രസക്തിയും പ്രാധാന്യവും നഷ്ടപ്പെടുത്തുമെന്നു പലരും കരുതി. ഇതിനിടെ നാവികസേനയ്ക്കുവേണ്ടി വിമാനവാഹിനി കപ്പല്‍ നിര്‍മിക്കാനുള്ള കരാറിന്റെ ടെന്‍ഡറില്‍നിന്നു കൊച്ചി കപ്പല്‍ശാലയെ ഒഴിവാക്കിയതും വിവാദത്തിനിടയാക്കി. ഏതായാലും വികസന മുരടിപ്പില്‍നിന്നു കപ്പല്‍ശാലയെ മോചിപ്പിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങളാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. വലിയ ഡ്രൈഡോക്കും കൂറ്റന്‍ കപ്പലുകളുടെ നിര്‍മാണവുമൊക്കെ കപ്പല്‍ശാലയുടെ മുഖച്ഛായ മാറ്റും.

രാജ്യത്തു പൊതുമേഖലയിലുള്ള ഒന്നാംനിര കപ്പല്‍ നിര്‍മാണശാലയെന്ന നിലയില്‍ കൊച്ചി കപ്പല്‍ശാല ഇനിയും കൂടുതല്‍ മുതല്‍മുടക്കും വികസനവും അര്‍ഹിക്കുന്ന സ്ഥാപനമാണ്. ഇവിടെ നിര്‍മിച്ച ആദ്യകപ്പലായ എം.വി. റാണി പദ്മിനി 1981ലാണു നീറ്റിലിറിക്കിയത്. ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന ആദ്യത്തെ വിമാനവാഹിനി ഐ.എന്‍.എസ്. വിക്രാന്ത് നീറ്റിലിറക്കിയശേഷമുള്ള അവസാന മിനുക്കുപണികളിലാണ്. വിദേശങ്ങളില്‍നിന്നുപോലും വിമാനവാഹിനിക്കപ്പലുകളുടെ ഓര്‍ഡറുകള്‍ എടുക്കാനുള്ള ശേഷി നിലവില്‍ കൊച്ചി കപ്പല്‍ശാലയ്ക്കുണ്ട്. കപ്പല്‍ശാലയുടെ വളര്‍ച്ച ഷിപ്പിംഗ് മേഖലയുമായി ബന്ധപ്പെട്ട നിരവധി തലങ്ങളില്‍ പുരോഗതിക്കു വഴിതെളിക്കും. എല്‍എന്‍ജി കപ്പല്‍ നിര്‍മാണംപോലുള്ള വന്‍ നിര്‍മാണ പദ്ധതികള്‍ രാജ്യം ഏറ്റെടുക്കുന്നതു വലിയ പുരോഗതിതന്നെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.